നടി എമി ജാക്സൺ വിവാഹിതയാവുന്നു. ബ്രിട്ടീഷുകാരനായ ബിസിനസുകാരൻ ജോർജ് പനയ്യോട്ടുവാണ് വരൻ. ജോർജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് എമി ആരാധകരെ അറിയിച്ചത്. ജോർജ് തന്റെ കവിളിൽ ഉമ്മ വയ്ക്കുന്ന ചിത്രവും എമി പോസ്റ്റ് ചെയ്തിട്ടുണ്ട്. ”ജനുവരി 1, 2019. ഞങ്ങളുടെ ജീവിതത്തില പുതിയ തുടക്കം. ലോകത്തിലെ ഏറ്റവും സന്തോഷവതിയായ പെൺകുട്ടിയായി എന്നെ മാറ്റിയതിൽ ഒരുപാട് നന്ദി”, ഇതാണ് എമി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
എമിയും ജോർജും 2015 മുതൽ പ്രണയത്തിലായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പരന്നെങ്കിലും അവയൊക്കെ എമി നിഷേധിച്ചിരുന്നു. ജോർജിനൊപ്പമുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എമി ജാക്സൺ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും അവയിലൊന്നും മുഖം വ്യക്തമായിരുന്നില്ല. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് ജോർജുമായുള്ള ചിത്രം പങ്കുവച്ച് എമി തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്.
ബ്രിട്ടനിലെ കോടീശ്വരനും എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനുമായ ആൻഡ്രിയാസ് പനയ്യോട്ടിന്റെ മകനാണ് ജോർജ്. ബ്രിട്ടനിലെ പല ആഡംബര ഹോട്ടലുകളും പനയ്യോട്ട് ഗ്രൂപ്പിന്റേതാണ്.
രജനീകാന്ത് നായകനായ 2.0 യിലാണ് എമി ജാക്സൺ അവസാനമായി അഭിനയിച്ചത്. 2011 ൽ പുറത്തിറങ്ങിയ മദ്രാസിപട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് എമി ജാക്സൺ സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും വേഷമിട്ടു. ഹോളിവുഡിൽ സൂപ്പർഗേൾ എന്ന സിനിമയിലും അഭിനയിച്ചു.