ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും പ്രിയ പ്രകാശ് വാര്യര്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം തന്നെ മാറി. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ഒരു അഡാറ് ലൗവിലെ മാണിക്യ മലരായ പൂവി എന്ന ഒരൊറ്റ ഗാനം കൊണ്ട് ലോകമെമ്പാടും ആരാധകരെ നേടി പ്രിയ. ഇപ്പോഴിതാ ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡായ അമൂലും ആ കണ്ണിറുക്കല്‍ ഏറ്റെടുത്തിയിരിക്കുകയാണ്.

അമൂലിന്റെ പുതിയ പരസ്യത്തിലാണ് പ്രിയയുടെ കണ്ണിറുക്കല്‍ കയറിപ്പറ്റിയിരിക്കുന്നത്. ക്ലാസിക് കാര്‍ട്ടൂണ്‍ പരസ്യത്തില്‍ പ്രിയയെയാണ് കഥാപാത്രമായി അമൂല്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ‘വിങ്ക് ഓള്‍ വിങ്ക് ഓള്‍ ലിറ്റില്‍ സ്റ്റാര്‍’ എന്ന ക്യാപ്ഷനോടെയാണ് പുതിയ പരസ്യം ഇറങ്ങിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ചിത്രം പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയാണ് ചിത്രത്തിലെ പാട്ട് പുറത്തിറങ്ങിയത്. ഗാനം ഹിറ്റായതോടെ ഫെയ്‌സ്ബുക്കിലും വാട്ട്‌സ്ആപ്പിലും ട്വിറ്ററിലുമൊക്കെ മെമെകളും ഗിഫ്റ്റുകളുമൊക്കെയായി വീഡിയോ പ്രചരിച്ചു. ബോളിവുഡിലെ പോലും മുന്‍നിര താരങ്ങളെ പിന്നിലാക്കി പ്രിയയ്ക്ക് സ്വീകാര്യത ലഭിച്ചു. ബോളിവുഡ് താരം റിഷി കപൂറും നടിയെ പുകഴ്ത്തി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പ്രിയ ഇനിയും ഏറെ ആഘോഷിക്കപ്പെടുമെന്ന് റിഷി കപൂര്‍ ട്വീറ്റ് ചെയ്തു. ഇതേ പ്രായത്തിലുളള മറ്റുളളവര്‍ക്ക് നടി വെല്ലുവിളിയാണെന്നും അദ്ദേഹം പ്രശംസിച്ചു. ‘എന്താണ് എന്റെ കാലഘട്ടത്തില്‍ നിങ്ങള്‍ വരാതിരുന്നത്’ എന്ന് ചോദിച്ചാണ് അദ്ദേഹം ട്വീറ്റ് അവസാനിപ്പിച്ചത്.

റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുന്ന പ്രിയ കഴിഞ്ഞ ദിവസം സണ്ണി ലിയോണിനേയും പിന്നിലാക്കിയിരുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരയുന്ന വ്യക്തിയായാണ് പ്രിയ മാറിയത്. നേരത്തേ ബോളിവുഡ് സൂപ്പര്‍ താരം ദീപിക പദുക്കോണിന്റേയും മോണി റോയിയേയും പ്രിയ പിന്നിലാക്കിയിരുന്നു. കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ഇന്‍സ്റ്റഗ്രാമിലും പ്രിയ വാര്യര്‍ എന്ന ഈ മലയാളി സുന്ദരിക്ക് ഫോളോവേഴ്‌സ് കൂടുന്നത്. മോഹന്‍ലാലിനെയും ഇന്‍സ്റ്റഗ്രാമിലെ ടോപ്പ് വണ്‍ സെലിബ്രേറ്റിയായ ദുല്‍ഖര്‍ സല്‍മാനെയും കടത്തി വെട്ടുകയും ചെയ്തു.

ഇന്‍സ്റ്റഗ്രാമില്‍ ദുല്‍ഖറിനെയും കടത്തിവെട്ടി 21 ലക്ഷം ഫോളോവേഴ്‌സിനെയാണ് പ്രിയ നിമിഷങ്ങള്‍ക്കുള്ളില്‍ ഉണ്ടാക്കിയെടുത്തത്. 1.8 മില്യണില്‍ നിന്നും സെക്കന്റുകള്‍ കൊണ്ടാണ് പ്രിയയുടെ ഫോളോവേഴ്‌സ് 1.9 മില്യണിലെത്തിയത്. വീണ്ടും നിമിഷങ്ങള്‍ കൊണ്ട് തന്നെ പ്രിയയുടെ ഫോളോവേഴ്‌സിന്റെ എണ്ണം രണ്ട് മില്യണിലെത്തി ദുല്‍ഖറിനെയും കടത്തി വെട്ടി.

കണ്ണടച്ച് കാണിച്ച് മലയാളികളുടെ മനസ് കവര്‍ന്ന പ്രിയയ്ക്ക് പാക്കിസ്ഥാന്‍, ഈജിപ്ത്, ടുണീഷ്യ, യുകെ തുടങ്ങി വിദേശ രാജ്യങ്ങളില്‍ വരെ ആരാധകരെ കൊണ്ട് നിറഞ്ഞു. പ്രിയയുടെ ഫോട്ടോകള്‍ക്കു പോലും പതിനായിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് വന്നു കൊണ്ടിരിക്കുന്നത്.

തൃശൂര്‍ സ്വദേശിനിയായ പ്രിയ വിമല കോളജിലാണ് പഠിക്കുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാകാനെത്തിയ കുട്ടികളെ കണ്ട് അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് മുന്നിലേക്ക് കൈപിടിച്ചുയര്‍ത്തിയത് സംവിധായകനായ ഒമര്‍ ലുലുവാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ