ആശുപത്രിയിൽ കഴിയുന്ന നടന്‍ ബാലയെ കാണാൻ മകൾ പാപ്പുവും അമൃത സുരേഷും എത്തി. കഴിഞ്ഞ ദിവസമാണ് കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകളെ കാണണമെന്ന് ആശുപത്രിയിലെത്തിയ സുഹൃത്തുക്കളോട് ബാല ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിനെ തുടർന്നാണ് മകൾക്കും കുടുംബത്തിനുമൊപ്പം അമൃത ആശുപത്രിയിൽ എത്തിയത്.
അമൃതയുടെ സഹോദരിയും നടിയും അവതാരകയുമായ അഭിരാമി സുരേഷ് ആണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
“ബാല ചേട്ടന്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു. ചേച്ചി ചേട്ടനൊപ്പം ഹോസ്പിറ്റലിൽ തന്നെയുണ്ട്. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട്. നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല. വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കൂ,” അഭിരാമി കുറിച്ചു.

അതേസമയം, ബാല ഗുരുതരാവസ്ഥയിൽ എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകളിൽ കഴമ്പില്ലെന്ന് നിർമ്മാതാവ് എൻ എം ബാദുഷ. ബാലയെ ഹോസ്പിറ്റലിൽ സന്ദർശിച്ചിരുന്നുവെന്നും നിലവിൽ കുഴപ്പങ്ങളില്ലെന്നും ബാദുഷ ഫെയ്സ് കുറിപ്പിൽ പറഞ്ഞു.
“ഉണ്ണി മുകുന്ദനും, ഞാനും, വിഷ്ണു മോഹനും, സ്വരാജ്, വിപിൻ എന്നിവർ ഇന്ന് അമൃത ഹോസ്പിറ്റലിൽ വന്നു നടൻ ബാലയെ സന്ദർശിച്ചു. ബാല എല്ലാവരോടും സംസാരിച്ചു. നിലവിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല. ചെന്നൈയിൽ നിന്നും സഹോദരൻ ശിവ ഹോസ്പിറ്റൽ എത്തിക്കൊണ്ടിരിക്കുന്നു. അതിനു ശേഷം കൂടുതൽ വിവരങ്ങൾ ഡോക്ടർ ഒഫീഷ്യൽ കുറിപ്പായി പിന്നീട് അറിയിക്കും. ദയവായി മറ്റു തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക,” ബാദുഷ കുറിച്ചു.