ഒരുകാലത്ത് ബോളിവുഡ് സിനിമകളിലെ കൊടികുത്തിയ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച അമരേഷ് പുരിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ ആദരിക്കുകയാണ് ഗൂഗിൾ ഡൂഡിൽ. താരത്തിന്റെ 87-ാം ജന്മവാർഷികമാണ് ഇന്ന്. 2005 ജനുവരി 12 ന് 72-ാം വയസ്സിലാണ് അദ്ദേഹം മരണമടയുന്നത്. 14 വർഷങ്ങൾക്കിപ്പുറവും സിനിമാപ്രേമികൾ സ്മരിക്കുന്ന അഭിനയവിസ്മയത്തിന് ആദരവ് അർപ്പിക്കുകയാണ് ഗൂഗിളും.

പാക്കിസ്ഥാനിലെ ലാഹോറിൽ 1932 ജൂൺ 22 നാണ് അമരേഷ് പുരിയുടെ ജനനം. ബോളിവുഡ് സിനിമകളിൽ മാത്രമല്ല, ഇന്ത്യൻ തിയേറ്റർ രംഗത്തും സജീവസാന്നിധ്യമായിരുന്ന അമരേഷ് പുരി സത്യദേവ് ദുബെ, ഗിരീഷ് കർണാട് എന്നിവർക്കൊപ്പവും പ്രവർത്തിച്ചിരുന്നു.
മിസ്റ്റർ ഇന്ത്യ (1987) എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ വേഷം അവിസ്മരണീയ കഥാപാത്രങ്ങളിൽ ഒന്നാണ്. ഹോളിവുഡ് സിനിമയായ ഇന്ത്യാന ജോൺസ് ആൻഡ് ദി റ്റെമ്പിൾ ഒഫ് ഡൂം (1984) എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബോളിവുഡിനു പുറമെ ഹോളിവുഡിലും തിളങ്ങിയ അമരീഷ് പുരി തെലുഗ്, പഞ്ചാബി, കന്നട, തമിഴ്, മലയാളം ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. 1970ൽ പുറത്തിറങ്ങിയ ‘പ്രേം പൂജാരി’ എന്ന സിനിമയാണ് അംരീഷ് പുരിയുടെ ആദ്യ ഹിന്ദി സിനിമ. തുടർന്ന് ധാരാളം ഹിന്ദി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ‘ ദിൽ വാലെ ദുൽഹനിയ ലേജായേഗെ'(1995), ‘പർദേശ്’ (1997), ‘ചോരി ചോരി ചുപ്കെ ചുപ്കെ’ (2001) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം അമരീഷ് പുരിയെ ഏറെ ശ്രദ്ധേയനാക്കി. കച്ചി സഡക് എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്, അദ്ദേഹത്തിന്റെ മരണശേഷമാണ് ചിത്രം റിലീസിനെത്തിയത്.

റിച്ചാഡ് അറ്റൻബരോസിന്റെ ഓസ്കാർ അവാർഡ് നേടിയ ചിത്രം ഗാന്ധി (1982‍), സ്റ്റീവൻ സ്പിൽബർഗിന്റെ ഇൻഡ്യാന ജോൺസ് ആൻഡ് ദി റ്റെമ്പിൾ ഒഫ് ഡൂം (1984) തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെയും ഭാഗമായി. ‘കാലാപാനി’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അമരീഷ് പുരി അരങ്ങേറ്റം കുറിച്ചു. തമിഴിൽ മണിരത്നം സംവിധാനം ചെയ്ത ദളപതിയിലും രജനീകാന്ത് നായകനായി അഭിനയിച്ച ബാബയിലും അമരീഷ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Read more: മധുബാലയെ മാത്രമല്ല, ശ്രീദേവിയേയും ആദരിക്കൂ; ഗൂഗിൾ സിഇഒയോട് ആരാധകർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook