കൊച്ചി: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച്, മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’ കൊച്ചിയിൽ യോഗം ചേർന്നു എന്ന് ആരോപണത്തോട് പ്രതികരിച്ച് ഇടവേള ബാബു. കണ്ടെയ്ൻമെന്റ് സോണല്ല, പ്രശ്നമില്ല എന്നു പറഞ്ഞതുകൊണ്ടാണ് തങ്ങൾ യോഗം ചേരാൻ തീരുമാനിച്ചതെന്നും എന്നാൽ അങ്ങിനയല്ല കാര്യങ്ങൾ എന്നറിഞ്ഞതോടെ തങ്ങൾ യോഗം നിർത്തിവച്ചെന്നും ഇടവേള ബാബു പ്രതികരിച്ചു. നിയമം ലംഘിച്ച് യോഗം ചേരേണ്ട യാതൊരു അത്യാവശ്യവും തങ്ങൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ടെയ്ൻമെന്റ് സോണായ ചക്കരപ്പറമ്പിലെ ഹോട്ടലിലായിരുന്നു സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗം. എന്നാൽ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തി യോഗം നിർത്തിവയ്ക്കണം എന്നാവശ്യപ്പെടുകയും ഹോട്ടൽ അടപ്പിക്കുകയും ചെയ്തു.
എംഎൽഎമാരായ ഗണേഷ് കുമാർ, മുകേഷ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കാനായി ഹോട്ടലിൽ എത്തിയിരുന്നു. പ്രവാസികൾ ഉൾപ്പെടെയുള്ളവരെ ക്വാറന്റൈൻ ചെയ്ത ഹോട്ടലിലാണ് യോഗം എന്നാണ് വിവരം. ഹോട്ടൽ കണ്ടെയ്ൻമെന്റ് സോണിനോട് ചേർന്നാണെങ്കിലും ഇതിന്റെ മുൻവശം നാഷണൽ ഹൈവേയോട് ചേർന്നാണെന്ന് കൊച്ചി മേയർ സൌമിനി ജെയ്ൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പ്രതികരിച്ചു. അത് അത് പരിശോധിച്ചതിന് ശേഷം മാത്രമേ കൂടുതൽ നടപടികളിലേക്ക് നീങ്ങാനാകൂ എന്നും മേയർ വ്യക്തമാക്കി.
അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ യോഗത്തിൽ പങ്കെടുത്തിട്ടില്ല. ഇടവേള ബാബു, സിദ്ദിഖ്, ആസിഫ് അലി ഗണേഷ് കുമാർ, മുകേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സാമ്പത്തിക മാന്ദ്യത്തിൽനിന്ന് സിനിമയെ കരകയറ്റാൻ താരങ്ങൾ പ്രതിഫലം കുറക്കുന്ന വിഷയത്തിൽ തീരുമാനമായി. 50 ശതമാനം വരെ പ്രതിഫലം കുറക്കാൻ തയ്യാറാണെന്ന് അമ്മ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും.
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങൾ പ്രതിഫലം കുറയ്ക്കണം എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചലച്ചിത്ര സംഘടനകളുമായി ചര്‍ച്ച നടത്താതെ നിർമാതാക്കളുടെ സംഘടന ഇത്തരമൊരു ആവശ്യം പരസ്യമായി ഉന്നയിച്ചതിൽ അമ്മയിൽ എതിർപ്പുയർന്നിരുന്നു.
നിലവിൽ പുതിയ സിനിമകളുടെ ചിത്രീകരണം ആരംഭിക്കേണ്ടെന്നതാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്. എന്നാൽ ഈ നിലപാടിനോട് അമ്മ വിയോജിച്ചിരുന്നു. നൂറ് ദിവസത്തിലേറെയായി സിനിമ മുടങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ അഭിനേതാക്കളുടെ തൊഴില്‍ മുടങ്ങുന്നത് തുടരാനാകില്ലെന്നും പുതിയ സിനിമകള്‍ തുടങ്ങിയാല്‍ സഹകരിക്കാമെന്നുമാണ് സംഘടനയുടെ തീരുമാനം.