ഒന്നര വര്‍ഷം മുമ്പ് നടി ആക്രമിക്കപ്പെട്ട സംഭവം മുതലാണ് മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും തുല്യതയെക്കുറിച്ചുമുള്ള ശബ്ദങ്ങള്‍ ഇവിടെ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയത്. ആ ശബ്ദം അതിന്റെ പാരമ്യത്തിലെത്തിയത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സിനിമയിലെ വനിതാ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യൂസിസി) നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു. “ഞങ്ങള്‍ക്ക് മുറിവേറ്റു, ഞങ്ങള്‍ അപമാനിതരായി, ഞങ്ങള്‍ രോഷാകുലരാണ്” എന്ന് മലയാള സിനിമയിലെ മുന്‍നിര അഭിനേത്രിമാരാണ്  കഴിഞ്ഞ ദിവസം പൊതുജനങ്ങളോട് വിളിച്ചു പറഞ്ഞത്.

പെണ്‍മക്കളുടെ പരിദേവനങ്ങള്‍

വിമണ്‍ ഇന്‍ സിനിമാ കളക്ടീവിലെ അംഗങ്ങളായ രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവര്‍ തങ്ങള്‍ കൂടി ഭാഗമായ എഎംഎംഎ എന്ന താരസംഘടനയോട്, തങ്ങളുടെ സഹപ്രവര്‍ത്തക നേരിട്ട ക്രൂരമായ പീഡനത്തില്‍ അവള്‍ക്ക് നീതി ലഭിക്കണം എന്നതുള്‍പ്പടെ സുരക്ഷയ്ക്കും തുല്യതയ്ക്കും വേണ്ടിയുള്ള ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ‘ഇപ്പോള്‍ ശരിയാക്കാം’ എന്ന പതിവു പല്ലവിയില്‍ മനംമടുത്താണ് ഈ നടിമാര്‍ പൊട്ടിത്തെറിച്ചത്. ‘മലയാളത്തിലെ ഒരു സംഘടനകളില്‍ നിന്നും ഞങ്ങള്‍ക്ക് നീതി ലഭിച്ചില്ല, ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ആരും തയ്യാറായില്ല’ എന്ന് ഡബ്ല്യൂസിസി അംഗങ്ങള്‍ തുറന്നടിച്ചു.

‘ആക്രമിക്കപ്പെട്ട നടി പുറത്തും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ അകത്തും. ഇതിനെയാണോ നിങ്ങള്‍ നീതി’ എന്ന് വിളിക്കുന്നത്? ചോദ്യം മുതിര്‍ന്ന നടിയും അഭിനയ പ്രതിഭയുമായ  രേവതിയുടേതായിരുന്നു. ഞങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുന്നു, ഇത്രയും നാള്‍ അവര്‍ ഞങ്ങളോട് നുണ പറയുകയായിരുന്നു യുവ നടിമാരായ പാര്‍വ്വതിയും പത്മപ്രിയയും തുറന്നടിച്ചു. ആരോപണവിധേയര്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് ബോളിവുഡ് പ്രഖ്യാപിച്ചപ്പോള്‍, കേസിലെ പ്രതിക്കൊപ്പം സിനിമയെടുക്കാന്‍ മലയാളത്തില്‍ മത്സരമാണെന്ന് റിമാ കല്ലിങ്കല്‍ പരിഹസിച്ചു. ഒരു സിനിമയുടെ സെറ്റില്‍വച്ച് തനിക്കുണ്ടായ മോശമായ അനുഭവത്തെ കുറിച്ച് പരാതി നല്‍കിയിട്ടും നടപടികളുണ്ടായില്ല, ജീവിതത്തില്‍ തനിക്ക് ‘ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട് ഈ ഊളകളുടെ പുറകെ നടക്കാന്‍ സമയമില്ല’ എന്ന് അര്‍ച്ചനാ പത്മിനിയും വ്യക്തമാക്കി.

‘അമ്മ’യുടെ ശാസനങ്ങള്‍

ഇത്രയൊക്കെ പറയേണ്ടി വന്നു, പറയിക്കേണ്ടി വന്നു താരസംഘടനയായ എഎംഎംഎയ്ക്ക് പ്രതികരണവുമായി രംഗത്തെത്താന്‍. വിഷയത്തില്‍ ആദ്യം പ്രതികരണവുമായി എത്തിയത് നടന്‍ ബാബുരാജ് ആയിരുന്നു. ആക്രമിക്കപ്പെട്ട നടിയെ തങ്ങളില്‍ നിന്നും അകറ്റാനാണ് ഡബ്ല്യൂസിസി അംഗങ്ങള്‍ ശ്രമിക്കുന്നതെന്നും നടിക്ക് നീതി ലഭിക്കുക എന്നതല്ല, മറ്റെന്തോ ആണ് അവരുടെ അജണ്ടയെന്നും ബാബുരാജ് പറഞ്ഞു. ആക്രമിക്കപ്പെട്ട നടി തന്റെ സഹോദരിയെ പോലെയാണെന്നും അവര്‍ക്കുവേണ്ടി ഏറ്റവുമധികം പോരാടിയ ആളാണ് താനെന്നും മാധ്യമങ്ങളോട് ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

എന്നാൽ ഇതിനു ശേഷമാണ് അമ്മയ്ക്കുള്ളിലെ ഭിന്നതയും മറ നീക്കി പുറത്തു വന്നത്. ഡബ്ല്യൂസിസി ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ പ്രത്യേക ജനറല്‍ ബോഡി ചേരുമെന്ന് എഎംഎംഎ ട്രഷറര്‍ ജഗദീഷ് വാര്‍ത്താ കുറിപ്പിറക്കി. അതിനു പിന്നാലെ ജഗദീഷിനെ തള്ളി സെക്രട്ടറി സിദ്ദിഖ് രംഗത്തെത്തി. ജഗദീഷിനെ തള്ളുക മാത്രമല്ല, ഡബ്ല്യൂസിസി ഉന്നയിച്ച ആരോപണങ്ങളോട് സിദ്ദീഖ് പ്രതികരിക്കുകയും ചെയ്തു.

വാര്‍ത്താസമ്മേളനത്തിനു ശേഷം ഡബ്ല്യൂസിസിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഫാന്‍സ് നടത്തിയ തെറിവിളിയേക്കുറിച്ച് സിദ്ദീഖ് പ്രതികരിച്ചത് അത് ജനവികാരം മാത്രമാണ് എന്ന തരത്തിലായിരുന്നു. ഭൂരിഭാഗത്തിന്റെ പിന്തുണയോടെയാണ് ദീലിപിനെ പുറത്താക്കാനുള്ള തീരുമാനം മരവിപ്പിച്ചതെന്നും മൂന്നോ നാലോ നടിമാരുടെ പരാതി പ്രകാരം അത് പിന്‍വലിക്കാനാകില്ലെന്നും സിദ്ദീഖ് പറഞ്ഞു. നടി സ്വയം രാജിവച്ചു പോകുകയായിരുന്നുവെന്നും തിരിച്ചു വിളിക്കാന്‍ കഴിയില്ല, വേണമെന്നുണ്ടെങ്കില്‍ തിരിച്ചു വരാമെന്നുമായിരുന്നു കൊച്ചിയില്‍  നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിദ്ദീഖ്  വ്യക്തമാക്കിയത്.

സംഘടനയിലെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളായ കെ.പി.എ.സി ലളിതയും ഡബ്ല്യൂസിസി അംഗങ്ങളെ വിമര്‍ശിച്ചാണ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. പ്രശ്‌നങ്ങള്‍ സംഘടയ്ക്കകത്തു പറഞ്ഞു തീര്‍ക്കണമായിരുന്നുവെന്നും പുറത്തു വിളിച്ചു പറഞ്ഞത് ശരിയായില്ലെന്നും അവര്‍ പറഞ്ഞു. സംഘടനയില്‍നിന്നും പുറത്താക്കിയവര്‍ ആദ്യം ക്ഷമ പറയട്ടെ. അവര്‍ സംഘടനയില്‍ വന്ന് ചെയ്ത തെറ്റുകള്‍ക്ക് ക്ഷമ പറയട്ടെ. അതിനുശേഷം സംഘടനയിലേക്ക് തിരികെ എടുക്കാം. മറ്റെല്ലാ സിനിമാ മേഖലയിലും വച്ച് ഏറ്റവും നന്നായി പോകുന്ന സംഘടനയാണ് എഎംഎംഎ എന്നും കെ.പി.എ.സി ലളിത പറഞ്ഞു.

തുടരുന്ന പ്രതികരണങ്ങളും വാദപ്രതിവാദങ്ങളും

എഎംഎംഎയുടെ ആരോപണങ്ങള്‍ക്ക് പ്രതിരണവുമായി നടി പാര്‍വ്വതി തിരുവോത്ത് എത്തി. ജഗദീഷ് പറഞ്ഞതാണോ സിദ്ദിഖ് പറഞ്ഞതാണോ എഎംഎംഎയുടെ നിലപാടെന്ന് താരസംഘടന വ്യക്തമാക്കണമെന്ന് പാര്‍വ്വതി പറഞ്ഞു. താരസംഘടനക്കുള്ള മറുപടി കൃത്യസമയത്ത് നല്‍കും. മറുപടി നല്‍കാന്‍ കുറച്ച് സമയം വേണം. ജഗദീഷ് പുറത്തിറക്കിയ പത്രക്കുറിപ്പാണോ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അഭിപ്രായം, അതോ കെപിഎസി ലളിതയും സിദ്ദിഖും പറഞ്ഞതാണോ എഎംഎംഎയുടെ ഔദ്യോഗിക നിലപാടെന്ന് വ്യക്തമല്ലെന്നും പാര്‍വ്വതി പറഞ്ഞു.

മലയാള സിനിമാ മേഖലയില്‍ സ്ത്രീകളോട് മോശം പെരുമാറ്റം ഇല്ലെന്ന സിദ്ദിഖിന്റെ വാദവും മറ്റിടങ്ങളിലേത് പോലെയുള്ള പ്രശ്‌നങ്ങളേ ഇവിടെയുളളൂവെന്ന കെപിഎസി ലളിതയുടെ സാമാന്യവത്കരണവും അസഹനീയമാണെന്നും, അങ്ങിനെയെല്ലാം സംസാരിക്കണമെങ്കില്‍ കഠിന ഹൃദയം വേണമെന്നും പാര്‍വതി പ്രതികരിച്ചു. സുരക്ഷിതമായ തൊഴിലിടം ഒരുക്കണമെന്ന ആവശ്യത്തെ ഗൂഢാലോചനയെന്നും അജണ്ടയെന്നും വിളിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

ഒരു ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആളെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാകാന്‍ തനിക്ക് താത്പര്യമില്ലെന്നായിരുന്നു റിമാ കല്ലിങ്കലിന്റെ പ്രതികരണം. കെ.പി.എ.സി ലളിതയ്ക്ക് മറ്റൊരു ഓപ്ഷന്‍ ഇല്ലാത്തതുകൊണ്ടാകാം അവിടെ തുടരുന്നത്. പക്ഷെ അവരുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ സംഘടനയോട് പോയി തുലയാന്‍ പറഞ്ഞേനെ എന്ന് റിമ തുറന്നടിച്ചു. എഎംഎംഎ മുതിര്‍ന്ന അംഗങ്ങള്‍ക്ക് സംരക്ഷണം കൊടുക്കുന്നുണ്ടാകാം, അത് നല്ല കാര്യവുമാണ്. എന്നാല്‍ തനിക്ക് പ്രായമാകുമ്പോള്‍ മാത്രമല്ല, ഇപ്പോളും സംരക്ഷണം വേണമെന്നായിരുന്നു ദി ന്യൂസ് മിനുട്ടിന് നല്‍കിയ അഭിമുഖത്തില്‍ റിമ പറഞ്ഞത്.

താരസംഘടനയും ഡബ്ല്യൂസിസിയും തമ്മിലുള്ള തുറന്ന പോര് എവിടേയുമെത്താതെ തുടരുമ്പോള്‍, പാര്‍വ്വതി ഉള്‍പ്പെടെയുള്ളവര്‍ ചോദിക്കുന്നത് ഒരേയൊരു ചോദ്യമാണ്. ഒറ്റവാക്കില്‍ സംഘടനയ്ക്ക് ആ ചോദ്യത്തിന് ഉത്തരം പറയാന്‍ സാധിക്കും. ‘ദിലീപ് സംഘടനയ്ക്ക് അകത്തോ പുറത്തോ?’. അതിനു മാത്രം മറുപടി പറയാതെ, ദിലീപ് രാജി വച്ചു എന്നും അത് സംഘടന സ്വീകരിച്ചു എന്നും എ എം എം എ പറയുന്നു.  കൂടാതെ ജഗദീഷ്-സിദ്ദിക്ക് എന്നിവര്‍ തമ്മില്‍ നടക്കുന്ന അഭിപ്രായ ഭിന്നതകളും എം എം എം എയെ ഉലച്ചു തുടങ്ങിയിരിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook