കൊച്ചി: ദിലീപിന്റെ രാജി സ്വീകരിച്ചുവെന്ന് എഎംഎംഐ പ്രസിഡന്റ് മോഹൻലാൽ. ഞാൻ ദിലീപിനെ വിളിക്കുകയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ചാണ് ദിലീപ് രാജിവച്ചത്. എഎംഎംഎ പ്രസിഡന്റായി ഞാൻ ചുമതല ഏറ്റതുമുതലുളള പ്രശ്നമായിരുന്നു ദിലീപിന്റെ രാജി. ദിലീപ് നൽകിയ രാജി അംഗീകരിച്ചുവെന്നും അമ്മ അവൈലബിൾ കമ്മിറ്റിക്കുശേഷം മോഹൻലാൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദിലീപ് വിഷയത്തിൽ എല്ലാവരും എന്റെ പേരാണ് എടുത്തുപറഞ്ഞത്. ചാനൽ ചർച്ചകളിൽ വരുന്നത് എഎംഎംഎ എന്നല്ല, എന്റെ പേരാണ് പറയുന്നത്. ഞാനെന്തിനാണ് അടി കൊളളുന്നത്. ദിലീപ് വിഷയം പരിഹരിച്ചുവെന്നാണ് കരുതുന്നത്.

എഎംഎംഎയിൽനിന്നും രാജിവച്ചവരെ തിരിച്ചെടുക്കാൻ പുതിയ അപേക്ഷ നൽകണം. നടിമാർ മാപ്പു പറയണമെന്ന് ലളിത ചേച്ചി മനസ്സിൽ തോന്നിയ ഒരു കാര്യം പറഞ്ഞുവെന്നേയുളളൂ. ജനറൽ ബോഡി മുഴുവൻ നടിമാർ മാപ്പ് പറയണം എന്നു പറഞ്ഞാൽ ഒന്നും ചെയ്യാനാവില്ല. നടിമാർ മാപ്പു പറയണമെന്ന് വ്യക്തിപരമായി എനിക്ക് അഭിപ്രായമില്ല. നാലുപേർ രാജിവച്ചു പോയാൽ അവരെ തിരിച്ചു വിളിക്കുകയെന്നതല്ല ഞങ്ങളുടെ പ്രധാന പ്രശ്നമെന്നും മോഹൻലാൽ പറഞ്ഞു.

ഡബ്ല്യുസിസി അംഗങ്ങളെ നടിമാരെന്നു വിളിച്ചു സംസാരിച്ച മോഹൻലാൽ അവരെ അങ്ങനെയേ വിളിക്കാനാവൂവെന്നും പറഞ്ഞു. അവരെ അങ്ങനെ വിളിച്ചത് ആക്ഷേപിക്കാനല്ല. വാർത്താസമ്മേളനത്തിൽ ഡബ്ല്യുസിസി അംഗങ്ങൾ എന്നെക്കുറിച്ച് പറഞ്ഞതിൽ വിഷമമില്ല.

എഎംഎംഎ പ്രസിഡന്റ് തലപ്പത്ത് ഇരിക്കുന്നതിൽ ഞാൻ സംതൃപ്തനല്ല. എല്ലാവരും വിരൽ ചൂണ്ടുന്നത് എന്നിലേക്കാണ്. എനിക്ക് പങ്കില്ലാത്ത ഒരു വിഷയത്തിൽ എന്തിനാണ് ഞാൻ ഇതൊക്കെ കേൾക്കുന്നത്. എല്ലാവർക്കും എന്നെ ആവശ്യമാണെന്ന് തോന്നിയാൽ മാത്രം സംഘടനയുടെ തലപ്പത്ത് തുടരും.

എഎംഎംഎയിലുളള അംഗങ്ങൾ ഡബ്ല്യുസിസിയിലിരുന്നുകൊണ്ട് സംഘടനയെ കുറ്റം പറയുന്നത് അംഗീകരിക്കാനാവില്ല. അവർക്ക് വേണമെങ്കിൽ സംഘടനയിൽനിന്നും പുറത്തുപോയതിനുശേഷം സംഘടനയെ കുറ്റപ്പെടുത്തി സംസാരിക്കാം. രാജിവച്ചവരെ തിരിച്ചെടുക്കുന്ന വിഷയം ഇപ്പോൾ ഞങ്ങളുടെ ചിന്തയിലില്ല. ഇപ്പോൾ അതൊരു വിഷയമല്ല. രാജിവച്ചവർ വന്നിട്ട് അപേക്ഷ തരട്ടെ. എന്നിട്ട് തിരിച്ചെടുക്കുമോ ഇല്ലയോ എന്നു പറയാം.

അലൻസിയറിനെതിരായ മീ ടൂ ആരോപണങ്ങളെ കുറിച്ച് സംഘടന ചർച്ച ചെയ്യും. അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. അലൻസിയറോട് വിശദീകരണം തേടും. മുകേഷിനെതിരായ ആരോപണത്തിൽ പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും മോഹൻലാൽ പറഞ്ഞു.

ജഗദീഷും ബാബുരാജും തമ്മിലുളള വാട്സ്ആപ്പ് സന്ദേശം ചോർത്തിയത് തെറ്റാണ്. ജഗദീഷും സിദ്ദിഖും തമ്മിൽ അഭിപ്രായ ഭിന്നതയില്ലെന്നും മോഹൻലാൽ പറഞ്ഞു. എഎംഎംഎ വക്താവ് ആരെന്ന കാര്യം യോഗം കൂടി തീരുമാനം എടുത്ത ശേഷം അറിയിക്കുമെന്നും മോഹൻലാൽ പറഞ്ഞു.

മൂന്നു നടിമാർ എഎംഎംഎയ്ക്കുളളിൽനിന്നും സംഘടനയ്ക്കെതിരെ പ്രവർത്തിക്കുന്നു. എഎംഎംഎയുടെ ചോരയൂറ്റിക്കുടിച്ച് വളരാനാണ് ഡബ്ല്യുസിസിയുടെ നീക്കമെന്ന് നടൻ ബാബുരാജ് പറഞ്ഞു. സിദ്ദിഖ്, ജഗദീഷ്, ഇടവേള ബാബു തുടങ്ങിയവരംു വാർത്താസമ്മേളനത്തിൽ പകെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook