‘അമ്മ’ വാർഷിക പൊതുയോഗം കൊച്ചിയിൽ പുരോഗമിക്കുന്നു. മുൻഎക്സിക്യൂട്ടീവ് അംഗംവും നിർമ്മാതാവും നടനുമായ വിജയ് ബാബു യോഗത്തിൽ പങ്കെടുക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. അദ്ദേഹത്തിനെതിരെ യുവനടി പീഡന ആരോപണം ഉന്നയിച്ചതിനെ തുടർന്നുള്ള കേസിൽ ജാമ്യത്തിലാണ് വിജയ് ബാബു ഇപ്പോൾ.
അതേസമയം, നടൻ ഷമ്മി തിലകനെ താരസംഘടനയായ ‘അമ്മ’യിൽനിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടർന്നാണ് നടപടി. സംഘടനയുടെ പൊതുയോഗം നടൻ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതേതുടർന്ന് ഷമ്മി തിലകനെതിരെ നടപടി വേണമെന്ന് ഒരു സംഘം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്താൻ അച്ചടക്ക സമിതിയെ നിയോഗിച്ചിരുന്നു. തുടർന്ന് അച്ചടക്ക സമിതി ഷമ്മി തിലകനോട് വിശദീകരണം തേടി. മൂന്ന് തവണ സമയം നൽകിയിട്ടും ഷമ്മി വിശദീകരണം നല്കിയിരുന്നില്ല. തുടർന്നാണ് നടപടി.
‘അമ്മ’ പ്രസിഡന്റ് മോഹൻലാൽ, മമ്മൂട്ടി, ഇന്ദ്രജിത്, ശ്വേതാ മേനോൻ, സുരേഷ് കൃഷ്ണ, ധർമജൻ ബോൾഗാട്ടി, ഉണ്ണി മുകുന്ദൻ, റഹ്മാൻ എന്നിങ്ങനെ പ്രമുഖ താരങ്ങൾ എല്ലാം പങ്കെടുക്കുന്നു.
മലയാളത്തിന്റെ താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് അംഗമായിരുന്ന വിജയ് ബാബുവിനെതിരെ യുവനടി ഉന്നയിച്ച പീഡന പരാതിയും തുടർന്നുള്ള കേസും, ഇതുമായി ബന്ധപ്പെട്ടു ‘അമ്മ’യുടെ ഇന്റെർണൽ കംപ്ലൈന്റ്സ് കമ്മിറ്റി അംഗങ്ങളായ ശ്വേതാ മേനോൻ, കുക്കു പരമേശ്വരൻ, മാലാ പാർവ്വതി തുടങ്ങിയവരുടെ രാജി, നടൻ ഹരീഷ് പേരടിയുടെ രാജി, ഷമ്മി തിലകന് എതിരെയുള്ള നടപടി തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ വരും എന്നാണു കരുതപ്പെടുന്നത്.
കളമശ്ശേരി ചാക്കോളാസ് പവിലിയനിലാണ് യോഗം നടക്കുന്നത്. സംഘടനയുടെ വരുമാനം ലക്ഷ്യമിടുന്ന പരിപാടികളുടെ ആവിഷ്കരണമായിരിക്കും യോഗത്തിലെ പ്രധാന വിഷയം എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാധാരണഗതിയിൽ എല്ലാവർഷവും ജൂൺ മാസത്തിലെ അവസാന ഞായറാഴ്ചയാണ് താരസംഘടനയുടെ യോഗം ചേരാറുള്ളത്. കോവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷവും ജൂണിൽ യോഗം ചേരാൻ സാധിച്ചിരുന്നില്ല.
Read Here: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ എതിർപ്പില്ല: നയം വ്യക്തമാക്കി അമ്മ