പ്രളയബാധിത കേരളത്തിന്റെ പുനർനിർമ്മിതിയ്ക്ക് സർക്കാരിന് കൈത്താങ്ങു നൽകാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താനുമായി പ്രത്യേക ഷോ സംഘടിപ്പിക്കാനൊരുങ്ങുകയാണ് താരസംഘടനയായ ‘അമ്മ’. ഇതിനായി ഡിസംബർ 7 ന് അബുദാബിയിൽ ഒരു പ്രത്യേക ഷോ സംഘടിപ്പിക്കുമെന്ന് സംഘടന പ്രതിനിധികൾ അറിയിച്ചു.
“അബുദാബിയിൽ ഡിസംബർ 7 ന് ഒരു പ്രത്യേക ഷോ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അമ്മയുടെ പ്രധാന അംഗങ്ങളെല്ലാം തന്നെ ഈ സ്റ്റേജ് ഷോയിൽ പങ്കെടുക്കും. അഞ്ച് കോടി രൂപയോളം ഇതുവഴി കണ്ടെത്താനാണ് ശ്രമം. ഷോയുടെ ചെലവുകൾക്ക് വേണ്ടി വരുന്ന പണം മാത്രം എടുത്ത് ബാക്കി തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനാണ് തീരുമാനം,” നടനും അമ്മയുടെ ട്രഷററുമായ ജഗദീഷ് ഐഎഎൻഎസിനോട് പറഞ്ഞു.
പ്രളയക്കെടുതിയുടെ സമയത്ത് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി സംഘടനയും താരങ്ങളും മുന്നോട്ടു വന്നിരുന്നു. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി സംഘടന 10 ലക്ഷം രൂപ കൈമാറിയതു കൂടാതെ അമ്മ പ്രസിഡന്റ് മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ സൽമാൻ, നിവിൻ പോളി തുടങ്ങിയ താരങ്ങളും വ്യക്തിപരമായ രീതിയിലും ദുരിതാശ്വാസനിധിയിലേക്ക് പണം നൽകിയിരുന്നു.