കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട നടന്‍ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് ‘അമ്മ’ അറിയിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ വ്യക്ത ആവശ്യപ്പെട്ട് തങ്ങള്‍ അമ്മയ്‌ക്ക് മറുപടി അയച്ചുവെന്ന് നടി രേവതി ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

“ഒരു ചെറിയ കത്തായിരുന്നു അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നല്‍കിയത്. എക്‌സിക്യൂട്ടീവ് ബോഡിയിലെ അംഗങ്ങളില്‍ പലരും സ്ഥലത്തില്ലെന്നും അവര്‍ വന്നാല്‍ എല്ലാവരുടേയും സമയം നോക്കി ഞങ്ങള്‍ ഉന്നയിച്ച വിഷയം ചര്‍ച്ച ചെയ്യാമെന്നും കത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചില കാര്യങ്ങളില്‍ വ്യക്തതക്കുറവ് ഉണ്ടായിരുന്നു. അത് ചൂണ്ടിക്കാണിച്ച് ഞങ്ങള്‍ മറുപടി നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഈ പ്രശ്‌നം ഒരുപാട് നീട്ടിക്കൊണ്ടു പോകാതെ ഈ മാസം തന്നെ പരിഹാരം കണ്ടെത്തണം എന്നു മറുപടിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്,” രേവതി വ്യക്തമാക്കി.

വിഷയം ചർച്ച ചെയ്യാമെന്നല്ലാതെ എപ്പോൾ ചർച്ച ചെയ്യുമെന്നോ ആരൊക്കെ ചർച്ചയിൽ പങ്കെടുക്കുമെന്നോ വ്യക്തമാക്കാതെയാണ് പ്രസ്തുത സംഘടന കത്ത് നല്കിയിരിക്കുന്നതെന്നും ഈ വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് ചർച്ചയ്ക്കുള്ള ദിവസം മുൻകൂട്ടി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡബ്ല്യൂസിസി അംഗങ്ങൾ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിൽ വ്യക്തമാക്കി.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

“കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കുവാനുള്ള A.M .M.Aനടപടിയിൽ പ്രതിഷേധിച്ച് രാജി വച്ച ഞങ്ങളുടെ സുഹൃത്തുക്കൾക്കും അടിയന്തിരയോഗം കൂടി വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട wcc അംഗങ്ങളായ മറ്റ് സുഹൃത്തുക്കൾക്കും ജനാധിപത്യ കേരളം നല്കി വരുന്ന എല്ലാ വിധ പിന്തുണകൾക്കും നന്ദി പറഞ്ഞു കൊള്ളട്ടെ.രാഷ്ട്രീയ പ്രവർത്തകർ, സാമൂഹ്യ പ്രസ്ഥാനങ്ങൾ, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ, മാധ്യമ സുഹൃത്തുക്കൾ, ഓൺലൈൻ കൂട്ടായ്മകൾ, വനിതാമാധ്യമ പ്രവർത്തകർ, ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രവർത്തിക്കുന്ന വനിതാ ചലച്ചിത്ര പ്രവർത്തകർ, സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്ന കേരളത്തിലെ ചലച്ചിത്ര സാങ്കേതിക പ്രവർത്തകർ…. ഇവരൊക്കെ ഞങ്ങൾക്ക് നല്കി കൊണ്ടിരിക്കുന്ന കലവറയില്ലാത്ത പിന്തുണകൾക്ക് ഒരായിരം നന്ദി. സിനിമാ മേഖലയിലെ ചില സംഘടനകൾ തമ്മിലുള്ള പോര് എന്ന പതിവ് കേൾവിക്കപ്പുറത്തേക്ക് സിനിമയുടെ അകങ്ങളേയും പുറങ്ങളേയും ജനാധിപത്യ വല്ക്കരിക്കാനും സ്ത്രീ സൗഹാർദ്ദ ഇടങ്ങളാക്കി ഇവിടങ്ങളെ പരിവർത്തിപ്പിക്കാനും നടക്കുന്ന ശ്രമങ്ങളായി ഈ സംഭവങ്ങളെ കാണാനും മനസ്സിലാക്കാനും കഴിഞ്ഞ പതിനായിരകണക്കിന് പേരാണ് ഇന്ന് WCC ക്ക് കരുത്തു പകരുന്നത്. സിനിമയും രാഷ്ട്രീയ പ്രവർത്തനമാണ് എന്ന് വിശ്വസിക്കുന്ന സാമൂഹ്യബോധമുള്ള ചലച്ചിത്ര പ്രവർത്തകരും ഇനി എന്ത് എന്ന് ആലോചിച്ചു തുടങ്ങിയിരിക്കുന്നു.

ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ വ്യക്തിയെ തിരിച്ചെടുത്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് W C C അംഗങ്ങൾ നല്കിയ കത്തിന് A.M. M.A എക്സിക്യൂട്ടീവ് കമ്മിറ്റി മറുപടി നല്കിയ വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ.. വിഷയം ചർച്ച ചെയ്യാമെന്നല്ലാതെ എപ്പോൾ ചർച്ച ചെയ്യുമെന്നോ ആരൊക്കെ ചർച്ചയിൽ പങ്കെടുക്കുമെന്നോ വ്യക്തമാക്കാതെയാണ് പ്രസ്തുത സംഘടന കത്ത് നല്കിയിരിക്കുന്നത്.ഈ വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് ചർച്ചയ്ക്കുള്ള ദിവസം മുൻകൂട്ടി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു .

ഏറ്റവും ശക്തമായ സിനിമ എന്ന മാധ്യമത്തിൽ ഇക്കാലമത്രയും പ്രവർത്തിച്ചിട്ടും അതിക്രമത്തെ അതിജീവിച്ച സഹപ്രവർത്തകക്കൊപ്പം നില്ക്കാനുള്ള ആത്മശക്തി ഉണ്ടാകാതെ പോയ എല്ലാവർക്കും ഇനിയെങ്കിലും അതിനു കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു കൊണ്ട്, പ്രിയപ്പെട്ടവരെ ,
നിങ്ങൾ നല്കുന്ന എല്ലാവിധ പിന്തുണക്കും പ്പെം നില്ക്കലിനും ഒരിക്കൽ കൂടി നന്ദി..”

Read More: ചര്‍ച്ചയ്‌ക്ക് തയ്യാറെന്ന് ‘അമ്മ’

ദിലിപീനെ തിരിച്ചെടുത്ത വിഷയം വീണ്ടും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു വനിതാ സംഘടന അംഗങ്ങള്‍ കൂടിയായ പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നിവര്‍ താരസംഘടയ്‌ക്ക് കത്തു നല്‍കിയത്. വ്യാഴാഴ്‌ച അയച്ച കത്തിന് നാലു ദിവസങ്ങൾക്കു ശേഷം തിങ്കളാഴ്‌ചയാണ് ‘അമ്മ’ മറുപടി നൽകിയിരിക്കുന്നത്. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലുപേര്‍ അമ്മയില്‍ നിന്നും രാജിവച്ചിരുന്നു. റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജിവച്ചത്.

ജൂണ്‍ 24 ന് നടന്ന ‘അമ്മ’ ജനറല്‍ ബോഡി മീറ്റിങ്ങില്‍ അജണ്ടയില്‍ ഇല്ലാതിരുന്ന വിഷയം എടുത്തു ചര്‍ച്ച ചെയ്‌തതിന്റെ അനൗചിത്യം ചൂണ്ടി കാണിച്ചുകൊണ്ടാണ് നടിമാര്‍ അമ്മയ്‌ക്ക് കത്ത് കൈമാറിയിരുന്നത്.

Read More: ‘അമ്മ’ അറിയാന്‍: പാര്‍വ്വതി, പദ്മപ്രിയ എന്നിവര്‍ എഴുതുന്നത്‌

അതേസമയം, പ്രതിഷേധങ്ങൾ ഉയർന്ന സാചര്യത്തിൽ അമ്മയുടെ പുതിയ പ്രസിഡന്റ് മോഹൻലാൽ ഇക്കഴിഞ്ഞ ശനിയാഴ്‌ച പ്രസ്‌താവനയിറക്കിയിരുന്നു. പുറത്തുപോയ നടിമാർ ഉന്നയിച്ച വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് മോഹൻലാൽ പ്രസ്‌താവനയിൽ വ്യക്തമാക്കി.

‘സമൂഹമധ്യത്തില്‍ ഉയര്‍ന്നു വന്ന എല്ലാ വിമര്‍ശനങ്ങളേയും പൂര്‍ണ്ണമനസ്സോടെ ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ആ വാര്‍ഷിക ജനറൽ ബോഡിയില്‍ പങ്കെടുക്കാത്ത ചിലര്‍ പിന്നീട് എതിര്‍ശബ്‌ദം ഉയര്‍ത്തി സംഘടനയില്‍ നിന്ന് പുറത്തു പോകുന്നു എന്ന് പ്രഖ്യാപിച്ചു. ആ തീരുമാനത്തിന് പുറകിലുളള വികാരങ്ങള്‍ എന്തായാലും അത് പരിശോധിക്കാന്‍ പുതിയ നേതൃത്വം തയ്യാറാണ്. തിരുത്തലുകള്‍ ആരുടെ പക്ഷത്ത് നിന്നായാലും നടപ്പാക്കാം. വിയോജിപ്പുകള്‍ യോജിപ്പുകളാക്കി മാറ്റാം. പുറത്തുനിന്ന് അഴുക്കുവാരി എറിയുന്നവര്‍ അതുചെയ്യട്ടെ. ഈ സംഘടനയെ തകര്‍ക്കാം എന്ന ഗൂഢലക്ഷ്യത്തോടെ പെരുമാറുന്നവരെ തത്കാലം നമുക്ക് അവഗണിക്കാം. സംഘടനയിലെ അംഗങ്ങള്‍ ഒരുമയോടെ നില്‍ക്കേണ്ടത് നമ്മുടെ മാത്രം കാര്യമാണ്, അതുമാത്രം ഓര്‍ക്കുക’, ലണ്ടനിൽ വച്ചിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook