കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ് (എ എം എം എ) യുടെ എക്സിക്യൂട്ടിവ് കമ്മിറ്റി ഇന്ന് കൊച്ചിയില്‍ നടന്നു.  കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി എ എം എം എ അബുദാബിയില്‍ നടത്താനിരിക്കുന്ന ഷോയെക്കുറിച്ചും, സംഘടനയില്‍ പുതിയ അംഗത്വം കൊടുക്കുന്നതിനെക്കുറിച്ചും, സംഘടനയ്ക്കായി ഒരു പുതിയ ഓഫീസ് വാങ്ങുന്നതിനെക്കുറിച്ചുമൊക്കെയാണ് ഇന്നത്തെ യോഗം ചര്‍ച്ച ചെയ്തത് എന്ന് മീറ്റിംഗിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച എ എം എം എ പ്രസിഡന്റ്‌ മോഹന്‍ലാല്‍ പറഞ്ഞു.

 

നടി ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന്റെ അംഗത്വവുമായി ബന്ധപ്പെട്ടു നടന്ന പ്രശ്നങ്ങളില്‍ പ്രതിഷേധിച്ച്, ആക്രമിക്കപ്പെട്ട നടി ഉള്‍പ്പടെ നാല് നടിമാര്‍ എ എം എം എ അംഗത്വം രാജി വച്ചിരുന്നു.  അവരെ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന്, ഈ വിഷയം ഇന്നത്തെ മീറ്റിംഗ് ചര്‍ച്ച  ചെയ്തിട്ടില്ല എന്നും താന്‍ മുന്‍പും പറഞ്ഞിട്ടുള്ളത് അവര്‍ മടങ്ങി വന്നാല്‍ തിരിച്ചെടുക്കും എന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.  അവര്‍ മാപ്പ് എഴുതിത്തന്നാല്‍ തിരിച്ചെടുക്കും അല്ലേ എന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ തുടര്‍ ചോദ്യത്തിന്, “മാപ്പോക്കെ അത്യാവശ്യത്തിനു ഉപ്യോഗിക്കെണ്ട കാര്യമല്ലേ, ചുമ്മാ എല്ലാത്തിനും മാപ്പ്,  മാപ്പ് എന്ന് പറയാന്‍ പറ്റുമോ?”, എന്നും മോഹന്‍ലാല്‍ മറുചോദ്യം ഉന്നയിച്ചു.

എ എം എം യില്‍ ഇന്റര്‍നല്‍ കംപ്ലൈന്‍റസ് കമ്മിറ്റി വേണം എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരമാര്‍ശിച്ചു വിമന്‍ ഇന്‍ സിനിമാ കളക്റ്റിവ് (ഡബ്ല്യുസിസി) നല്‍കിയ ഹര്‍ജിയെക്കുറിച്ചും മറ്റും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്തിട്ടേയില്ല എന്നും അദ്ദേഹം വെളിപ്പെടുത്തി.

AMMA Executive Committee Meeting

കൊച്ചിയില്‍ ഇന്ന് ചേര്‍ന്ന ‘എ എം എം എ’ എക്സിക്യൂട്ടിവ് യോഗം, ചിത്രം. നിതിന്‍ ആര്‍ കെ

സിനിമാ മേഖലയില്‍ വനിതകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളുടെ പരാതികള്‍ പരിഗണിക്കാന്‍ താരസംഘടനയായ എ എം എം എയില്‍ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.  കമ്മിറ്റി രൂപീകരിക്കാന്‍ എ എം എം യ്ക്ക് ബാദ്ധ്യതയുണ്ടെന്ന് പ്രഖ്യാപിക്കണമെന്നും സംഘടനയ്ക്കു നിര്‍ദ്ദേശം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നുമാണ് ഡബ്ല്യുസിസി പ്രസിഡന്റ് കൂടിയായ നടി റിമ കല്ലിങ്കലും പത്മപ്രിയയും നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.  ഡബ്ല്യുസിസിയുടെ പൊതു താത്പര്യ ഹര്‍ജി പരിഗണിച്ച ഹൈകോടതി വേണ്ട നടപടി കൈക്കൊള്ളാന്‍ എ എം എം യ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

തുടര്‍ന്ന്, സിനിമാ മേഖലയിലെ എല്ലാ സംഘടനകളേയും ചേര്‍ത്ത് ഡബ്ല്യുസിസി ഇതേ വിഷയത്തില്‍ ഒരു ഹര്‍ജി കൂടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.  എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഫെഫ്ക, മാക്ട, ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ സാവകാശം തേടിയ സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കുന്നത്  ഈ മാസം 26ലേക്ക് മാറ്റി.

തിങ്കളാഴ്ച കോടതി മുന്‍പാകെ എത്തുന്ന ഈ പരാതിയെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യുമോ യോഗത്തിന് മുന്‍പേ മോഹന്‍ലാലിനോട് ചോദിച്ചപ്പോള്‍, “എനിക്കറിയില്ല അതിനെക്കുറിച്ച്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.  “ഇതൊന്നുമില്ല, ഞങ്ങളുടെ സാധാരണ ഒരു മീറ്റിംഗ് ആണ്’ എന്നും മോഹന്‍ലാല്‍ പറഞ്ഞു.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ