താര സംഘടന ‘അമ്മ’യുമായി പ്രത്യേക യോഗം ആവശ്യപ്പെട്ട് നല്‍കിയ കത്തിന് ഇതുവരെ അമ്മ മറുപടി നല്‍കിയിട്ടില്ലെന്ന് നടിയും ഡബ്ല്യൂസിസി, അമ്മ സംഘടനകളിലെ അംഗവുമായ രേവതി. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ ‘അമ്മ’യില്‍ നിന്നും രാജിവച്ചതിനു പിന്നാലെയാണ് രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവര്‍ പ്രത്യേക യോഗം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.

‘കത്തിന് അവര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഞങ്ങള്‍ കാത്തിരിക്കുകയാണ്. കേസില്‍ പ്രതിയായ നടനെ തിരിച്ചെടുത്ത തീരുമാനത്തെ ചോദ്യം ചെയ്യാനാണ് ഞങ്ങള്‍ പ്രത്യേക യോഗം ആവശ്യപ്പെട്ടിരിക്കുന്നത്,’ ഇന്ത്യൻ എക്സ്പ്രസ്സിനു അനുവദിച്ച അഭിമുഖത്തിൽ രേവതി പറഞ്ഞു.

ദിലീപിനെ ‘അമ്മ’യിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനമായി എന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ തങ്ങളൊക്കെ പറഞ്ഞതാണ് കേസ് കോടതിയില്‍ നടക്കുമ്പോള്‍ ഇത്തരത്തിലൊരു തീരുമാനം എങ്ങനെ സാധ്യമാകും എന്ന്.

‘ആക്രമണത്തെ അതിജീവിച്ച നടിയും ഈ സംഘടനയുടെ ഭാഗമാണ്. അങ്ങനെയിരിക്കെ എന്തുതരം ബഹുമാനമാണ് നിങ്ങള്‍ അവൾക്ക് നൽകുന്നത്? അല്ലെങ്കില്‍ എത്തരം സന്ദേശമാണ് നിങ്ങള്‍ അവള്‍ക്ക് നല്‍കുന്നത്? ആക്രമിക്കപ്പെട്ട നടിയും, കേസില്‍ പ്രതിയായ നടനും ഒരേസംഘടനയില്‍ ഇരിക്കുമ്പോള്‍ എന്തുതരം ഉദാഹരണമാണ് നിങ്ങള്‍ കാണിക്കുന്നത്? കോടതിയില്‍ കേസ് ഇപ്പോളും നടക്കുമ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെയൊരു തീരുമാനം എടുത്താന്‍ സാധിക്കുന്നത്? അതിനെ ചോദ്യം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളില്‍ കുറച്ചു പേര്‍ക്ക് തോന്നി സംഘടനയില്‍ നിന്നും രാജിവയ്ക്കുന്നതാണ് ശരിയെന്നും, കുറച്ചു പേര്‍ക്കു തോന്നി അവിടെ നിലനിന്നുകൊണ്ട് ഇതിനെ ചോദ്യം ചെയ്യണമെന്നും,’ രേവതി വ്യക്തമാക്കി.

‘ഒടുവില്‍ ഞങ്ങളുടെ കൂട്ടത്തിലെ നാലുപേര്‍ ‘അമ്മ’യില്‍ നിന്നും രാജവയ്ക്കാന്‍ തീരുമാനിച്ചു. ഞാനും പത്മപ്രിയയും പാര്‍വ്വതിയും സംഘടനയില്‍ നിലനിന്നു തന്നെ ഈ തീരുമാനത്തെ ചോദ്യം ചെയ്യാനും. വ്യാഴാഴ്ച രാവിലെ തന്നെ ഞങ്ങള്‍ പ്രത്യേക യോഗം ആവശ്യപ്പെട്ടുകൊണ്ട് കത്തു നല്‍കി. അതേ ദിവസം വൈകുന്നേരം, തന്റെ നിരപരാധിത്വം തെളിയിക്കുന്നതുവരെ ഒരുസംഘടനയുടേയും ഭാഗമാകാനില്ലെന്നു വ്യക്തമാക്കി ദിലീപും കത്ത് നല്‍കി,’ രേവതി പറയുന്നു.

നിലവിൽ ഈ വിഷയത്തിൽ മഞ്ജു വാര്യരുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടാകാത്തതിന്റെ കാരണവും രേവതി വ്യക്തമാക്കി. ഈ വിഷയങ്ങളിലെ പല വ്യക്തിപരമായ ഘടകങ്ങളാലും നിലവിൽ എല്ലാത്തിൽ നിന്നും അല്പം വിട്ടു നിൽക്കാനാണ് മഞ്ജുവിന്റെ തീരുമാനം. അതാണ് മഞ്ജു ആഗ്രഹിക്കുന്നതെങ്കിൽ തീർച്ചയായും അവർക്ക് അതിനുള്ള അവകാശമുണ്ടെന്നും രേവതി പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook