scorecardresearch

ആരോപണത്തിന്റെ പേരിൽ ദിലീപിന്റെ തൊഴിൽ നഷ്ടപ്പെടുത്താനാവില്ല; സിദ്ദിഖ്

രാജിവച്ചു പോയ ഒരംഗത്തെയും തിരികെ വിളിക്കുന്ന പ്രശ്നമില്ലെന്നും സിദ്ദിഖ്

siddique, actress attack case

കൊച്ചി: ഡബ്ല്യുസിസിക്കെതിരെ തുറന്നടിച്ച് താരസംഘടനയായ എഎംഎംഎ സെക്രട്ടറി നടൻ സിദ്ദിഖ്. സംഘടനയുടെ പ്രസിഡന്റിനെ അധിക്ഷേപിക്കുന്ന അംഗങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും രാജിവച്ച് പോയ അംഗങ്ങളെ തിരിച്ച് വിളിക്കില്ലെന്നും അദ്ദേഹം കൊച്ചിയിൽ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“ദിലീപിനെ പുറത്താക്കാനുളള നടപടി 280 അംഗങ്ങൾ പങ്കെടുത്ത ജനറൽ ബോഡി യോഗത്തിലാണ് പിൻവലിച്ചത്. ഈ തീരുമാനം മൂന്നോ നാലോ നടിമാർ വന്ന് പറഞ്ഞാൽ പിൻവലിക്കാനാവില്ല. അമ്മ പ്രസിഡന്റിനെ പരസ്യമായി അധിക്ഷേപിച്ച് സംസാരിച്ച അംഗങ്ങൾക്കെതിരെ അമ്മയും, ഫെഫ്കയും ഫിലിം ചേംബറും സംയുക്തമായി നടപടി സ്വീകരിക്കും,” സിദ്ദിഖ് പറഞ്ഞു.

“ജനറൽ ബോഡി ഒരു തീരുമാനം എടുത്താൽ അത് പിൻവലിക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് സാധിക്കില്ലെന്നാണ് നിയമോപദേശം. ഇക്കാര്യത്തിൽ ഒരു തർക്കം ഉളളത് നടൻ ദിലീപുമായി മോഹൻലാൽ സംസാരിച്ചതാണ്. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ താൻ സംഘടനയിൽ നിന്ന് രാജിവയ്ക്കുന്നുവെന്ന് പറഞ്ഞ് ദിലീപ് തന്നെ മോഹൻലാലിന് ഒക്ടോബർ പത്തിന് രാജിക്കത്ത് നൽകി. ഇതറിഞ്ഞിട്ടാണ് നടിമാർ വാർത്താസമ്മേളനം വിളിച്ചത്.”

“ആരെങ്കിലും ആരോപണം ഉന്നയിച്ചാൽ ആരുടെയും ജോലിസാധ്യത തടയാൻ ഞങ്ങൾക്ക് സാധിക്കില്ല. അമ്മ ഒരുപാട് ആളുകളെ സംരക്ഷിക്കുന്ന സംഘടനയാണ്. ആരോപണം ഉന്നയിച്ച നടിമാരെ പോലെ സാമ്പത്തികമായി ഉയർന്നുനിൽക്കുന്ന അംഗങ്ങളല്ല എല്ലാവരും. ഒരാളെ സംഘടനയിൽ നിന്ന് പുറത്താക്കുക, അവരെ സിനിമയിൽ അഭിനയിപ്പിക്കാതിരിക്കുക, അവരുടെ ജോലി നിഷേധിക്കുക ഇതൊന്നുമല്ല ഞങ്ങളുടെ ജോലി.”

“മീ ടൂ ക്യാംപെയിൻ നല്ലതാണ്. എന്നാൽ ദുരുപയോഗം ചെയ്യരുത്. ആർക്കും ആരുടെയും പേര് പറയാമെന്നായാൽ അത് ക്യാംപെയിനിന്റെ വിശ്വാസ്യതയെ ബാധിക്കും. 26 കൊല്ലം മുൻപ് 17 വയസുകാരിയായ പെൺകുട്ടി അഭയം തേടി തന്റെ അടുക്കലെത്തിയെന്നാണ് ഒരു നടി പറഞ്ഞത്. ഏത് സിനിമ, ഏത് ലൊക്കേഷൻ എന്ന് ആ നടി പറഞ്ഞാൽ ഞങ്ങൾ നടപടിയെടുക്കാം,” സിദ്ദിഖ് പറഞ്ഞു.

“മറ്റൊരു നടി തന്റെ തുടക്കകാലത്ത് ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞു. അന്ന് പറയാൻ സാധിച്ചില്ലെന്നാണ് പറഞ്ഞത്. അന്ന് പറയാതിരുന്നത് തെറ്റല്ല. ഇപ്പോൾ പറയൂ. ക്രിമിനൽ നടപടിയെടുക്കേണ്ടതാണ്. ആരുടെയും പേര് പറയാതെ കുറേയാളുകളെ ഇവർ തേജോവധം ചെയ്യുകയാണ്,” സിദ്ദിഖ് പറഞ്ഞു.

“ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ കാര്യത്തിൽ അമ്മയുണ്ട്, ഫെഫ്കയുണ്ട്, വിതരണക്കാരുടെ സംഘടനയുണ്ട്, ഫിയോക്കുണ്ട്, ചേംബറുണ്ട്, ഞങ്ങളെല്ലാ സംഘടനകളും ചേർന്ന് നടപടിയെടുക്കുന്ന കാര്യം ആലോചിക്കും.”

“മോഹൻലാലെന്ന വ്യക്തിക്ക് നേരെ എന്തിനാണ് ഇവരിങ്ങനെ പോകുന്നത്? മോഹൻലാലിന്റെയൊന്നും സ്വീകാര്യതയും മമ്മൂട്ടിയുടെ സ്വീകാര്യതയും എന്താണ് ഇവർ മനസിലാക്കാത്തത്?” സിദ്ദിഖ് ചോദിച്ചു.

“നടി ആക്രമിക്കപ്പെട്ട കേസിൽ ആക്രമിച്ചതാരാണെന്ന് പൊലീസിന്റെ തിരിച്ചറിയൽ പരേഡിൽ പ്രതിയെ ഇരയായ നടി തിരിച്ചറിഞ്ഞതാണ്. പ്രതി പിന്നീട് മൂന്ന് മാസക്കാലം കഴിഞ്ഞാണ് ദിലീപിന്റെ പേര് പറഞ്ഞത്. അമ്മ നടിയെ പുറത്താക്കുകയായിരുന്നില്ല. അവർ സ്വയം രാജിവച്ച് പോവുകയായിരുന്നു. സ്വയം രാജിവച്ച് പോയവരെ സംഘടന തിരികെ വിളിക്കുന്ന പ്രശ്നമില്ല. അവർക്ക് തിരികെ വരണമെങ്കിൽ അവർ അപേക്ഷിക്കേണ്ടി വരും,” സിദ്ദിഖ് വ്യക്തമാക്കി.

“ദിലീപിന്റെ രാജി അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ അംഗീകരിച്ച് പ്രസ്താവന പുറത്തിറക്കും. വർഷങ്ങളായി സിനിമ രംഗത്ത് പ്രവർത്തിക്കുന്ന ഞങ്ങളാരും ഇതുവരെ സ്ത്രീ-പുരുഷ വിവേചനം നേരിട്ടിട്ടില്ല. ആരും ഇതുവരെ ഇത്തരം കാര്യങ്ങളിൽ പരാതിപ്പെട്ടിട്ടില്ല. ഈയടുത്താണ് ഇത്തരം പൊട്ടിത്തെറികൾ ഉണ്ടായത്.”

രാജിവച്ച നടിമാർ ചെയ്ത തെറ്റുകൾക്ക് ആദ്യം ക്ഷമ പറയട്ടെ: കെപിഎസി ലളിത

“ആരെങ്കിലും തന്നോടിതുവരെ ആക്രമിക്കപ്പെട്ടെന്ന കാര്യം വന്ന് പറഞ്ഞിട്ടില്ല. അത്തരം ഒരു ഘട്ടമുണ്ടായാൽ അക്കാര്യം പൊലീസിനോട് പറയുന്നതിലും അവരെ സംരക്ഷിക്കുന്നതിലും തനിക്ക് യാതൊരു മടിയും ഉണ്ടാകില്ല. ആഷിഖ് അബുവിന്റെ സിനിമയിൽ ഇന്റേണൽ കമ്മിറ്റി രൂപീകരിക്കുന്നത് അവിടെ സ്ത്രീകൾക്കെതിരെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത് കൊണ്ടായിരിക്കും. ഞാൻ അഭിനയിച്ച ഒരു സിനിമ സെറ്റിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല,” സിദ്ദിഖ് പറഞ്ഞു.

“ആരോപണങ്ങൾ ഉന്നയിച്ച മൂന്ന് നടിമാരെ കഴിഞ്ഞ അമ്മ യോഗത്തിൽ ആരും ആക്രമിച്ചിട്ടില്ല. ആ യോഗം വീഡിയോ റെക്കോർഡ് ചെയ്തതാണ്. മീ ടൂ ആരോപണം അടിസ്ഥാനമാക്കി സിനിമ പ്രവർത്തകരുടെ തൊഴിൽ നിഷേധിച്ച ബോളിവുഡിലെ അക്ഷയ് കുമാറിനും അമീർ ഖാനുമെതിരെ നടപടിയെടുക്കണം.”

“അമ്മയിൽ അഭിപ്രായ ഭിന്നതകളില്ല. എല്ലാവരും ഒരുമിച്ചാണ് തീരുമാനം എടുക്കുന്നത്. നടൻ തിലകന്റെ തൊഴിൽ ആരും നിഷേധിച്ചിട്ടില്ല. അമ്മയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷവും അദ്ദേഹത്തിന് സിനിമകൾ ലഭിച്ചിരുന്നു. ഞങ്ങളിൽ പലരും അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചിട്ടുളളതുമാണ്.” സിദ്ദിഖ് പറഞ്ഞു.

“അഞ്ചര കോടി രൂപ നൽകിയ നടനോട് വിധേയത്വം ഉണ്ടെന്ന നടൻ മഹേഷിന്റെ പ്രസ്താവന അമ്മയുടെ അഭിപ്രായമല്ല. അത് വ്യക്തിപരമായ അഭിപ്രായമാണ്.” സിദ്ദിഖ് പറഞ്ഞു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Amma mulls action against wcc members says sidhique