/indian-express-malayalam/media/media_files/uploads/2018/06/Amma.jpg)
മലയാള സിനിമയുടെ ശക്തിശ്രോതസ്സ് എന്ന് കരുതപ്പെടുന്ന താരസംഘടനയായ അമ്മ (അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആക്ടേഴ്സ്) നേതൃമാറ്റത്തിനൊരുങ്ങുന്നു. പതിനെട്ടു വര്‍ഷമായി ഇന്നസെന്റ് വഹിച്ചിരുന്ന പ്രസിഡന്റ് സ്ഥാനം ഇനി മുതല്‍ മോഹന്‍ലാല്‍ ഏറ്റെടുക്കും എന്നതാണ് ഇതില്‍ പ്രധാനം. മമ്മൂട്ടി ഒഴിഞ്ഞ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇനി ഇടവേള ബാബുവായിരിക്കും. ഇന്ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തിന് ശേഷം ഇവര്‍ ഉള്‍പ്പെടുന്ന പുതിയ നേതൃനിര അധികാരമേല്‍ക്കും.
വൈസ് പ്രസിഡന്റുമാരായി ഗണേശ്, മുകേഷ് എന്നിവരും, സെക്രട്ടറിയായി സിദ്ദിഖും, ട്രഷററായി ജഗദീഷും തിരഞ്ഞെടുക്കപ്പെട്ടു. ഇവരെക്കൂടാതെ ഇന്ദ്രന്‍സ്, സുധീര്‍ കരമന, ബാബുരാജ്, ആസിഫ് അലി, ടിനി ടോം, അജു വര്‍ഗീസ്, ഹണി റോസ്, ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, മുത്തുമണി എന്നിവരും എക്‌സിക്യൂട്ടീവ് ബോഡിയിലെ അംഗങ്ങളാകും. കുക്കു പരമേശ്വരന്‍ മാത്രം വനിതാ അംഗമായിരുന്ന എക്‌സിക്യൂട്ടീവ് ബോഡിയിലേക്ക് നാല് സ്ത്രീകളെ തിരഞ്ഞെടുത്തത് ഇപ്പോള്‍ മലയാള സിനിമയിലെ ഉയര്‍ന്നു കേള്‍ക്കുന്ന സ്ത്രീ വിരുദ്ധ പോരാട്ടത്തിനുള്ള ‘അമ്മ’യുടെ പിന്തുണയും മറുപടിയുമാണ് സൂചിപ്പിക്കുന്നത്.
ബൈലാ പ്രകാരം മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന നേതൃമാറ്റം ആണ് ക്രമം പോലെ ഈ വര്‍ഷവും നടക്കുന്നത്. എന്നാല്‍ നടിയാക്രമിക്കപ്പെട്ട സംഭവം, അതിനെത്തുടര്‍ന്ന് വനിതാ സംഘടനയുടെ രൂപീകരണം, ‘അമ്മ’യിലെ ട്രഷറര്‍ സ്ഥാനത്ത് നിന്നും അമ്മ അംഗത്വത്തില്‍ നിന്നും ദിലീപിനെ പുറത്താക്കിയത്, അതിനെച്ചൊല്ലി യുവ നടന്മാരായ പൃഥ്വിരാജ് തുടങ്ങിവര്‍ എടുത്ത കടുത്ത നിലപാടുകള്‍, തുടര്‍ന്നുണ്ടായ ചേരി തിരിവ് തുടങ്ങി കലുഷമായ ഒരന്തരീക്ഷത്തിലാണ് ഇത് നടക്കുന്നത് എന്നതാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്.
നടിയാക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായി ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപ് ‘അമ്മ’യിലെ വലിയ സാന്നിദ്ധ്യമായിരുന്നു. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെ ദിലീപിനെ ‘അമ്മ’യില്‍ നിന്നും പുറത്താക്കിയിരുന്നു. ദിലീപിന്റെ നേതൃത്വത്തിലാണ് ‘അമ്മ’യുടെ ധനശേഖരണാര്‍ത്ഥം ‘ട്വന്റി ട്വന്റി’ എന്ന ചിത്രം നിര്‍മ്മിക്കപ്പെട്ടത്. ഇന്ത്യയില്‍ തന്നെ അപൂര്‍വ സംഭവമാണ് ഒരു ഭാഷയിലെ പ്രധാന താരങ്ങളെല്ലാം ഒരു ചിത്രത്തില്‍ ഒന്നിക്കുന്ന സിനിമ. സൂപ്പര്‍താരങ്ങളും രണ്ടാം നിരയുമൊക്കെ അണി നിരന്ന ട്വന്റി ട്വന്റി എന്ന ചിത്രം സംവിധാനം ചെയ്‌തത് ജോഷിയും നിർമ്മാണം ദിലീപുമായിരുന്നു.
കാലാകാലങ്ങളില്‍ ധന സമാഹരണാര്‍ത്ഥം ‘അമ്മ’ നടത്തി വന്നിരുന്ന സ്റ്റേജ് ഷോകളിലും ദിലീപ് സജീവമായി പങ്കെടുത്തിരുന്നു. ദിലീപിന്റെ അഭാവം ‘അമ്മ’യെ വലിയ രീതിയില്‍ ബാധിക്കും എന്ന് കരുതിയിരുന്ന ഒരു സമയത്താണ് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും സാന്നിദ്ധ്യത്തില്‍ ‘അമ്മ’യുടെ ഏറ്റവും പുതിയ സ്റ്റേജ് ഷോ അരങ്ങേറിയത്.
കേരളത്തില്‍ ആദ്യമായി ഉണ്ടായ വനിതാ സിനിമാ സംഘടനയായ ‘വിമന്‍ ഇന്‍ സിനിമാ കളക്‌ടീവ്’ (WCC) അമ്മയുമായി എങ്ങനെ സഹകരിക്കും എന്നതിനെക്കുറിച്ചും ആശങ്കകള്‍ ഉണ്ടായിരുന്നു. WCC അംഗങ്ങളായ മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍, പാര്‍വ്വതി, പദ്മപ്രിയ, എന്നിവര്‍ ‘അമ്മ’യിലും അംഗത്വമുള്ളവരാണ്. ഇവര്‍ പ്രധാനപ്പെട്ട സ്ഥാനങ്ങളിലേക്ക് മത്സരിക്കും എന്ന് അഭ്യൂഹമുണ്ടെങ്കിലും ഇവരില്‍ ആരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല എന്നാണു അറിയാന്‍ കഴിയുന്നത്.
‘അമ്മ’യുടെ നാള്‍വഴികള്‍
1995ലാണ് മുരളി, വേണു നാഗവള്ളി, എം.ജി.സോമന്‍ എന്നിവരുടെ നേതൃത്വത്തില്‍ അഭിനേതാക്കള്‍ക്കായി ഒരു സംഘടന എന്ന ആശയം രൂപം കൊള്ളുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായാണ് സിനിമാ താരങ്ങള്‍ക്ക് മാത്രമായി ഒരു സംഘടന നിലവില്‍ വരുന്നത്. അഭിനേതാക്കള്‍ക്കായി ഇന്ത്യയില്‍ ആദ്യമുണ്ടായ സംഘടന തമിഴിലെ നടികര്‍ സംഘം ആയിരുന്നു. എന്നാല്‍ അതില്‍ സിനിമാ താരങ്ങള്‍ മാത്രമായിരുന്നില്ല, നാടക താരങ്ങളും അംഗങ്ങളായിരുന്നു. മമ്മൂട്ടി, ഇന്നസെന്റ് തുടങ്ങിയ മുന്‍ ഭാരവാഹികളുടെ കഠിനാധ്വാനവും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളും അമ്മയുടെ വളര്‍ച്ചയുടെ പ്രധാന കാരണങ്ങളായി. ഇപ്പോള്‍ 460ഓളം അംഗങ്ങളാണ് സംഘടനയില്‍ ഉള്ളത്.
സിനിമയെക്കുറിച്ചുള്ള ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കും, അംഗങ്ങളും, മറ്റു സംഘടനകളുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, അംഗങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും, അഭിനയ ജീവിതത്തില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നവര്‍ക്കും ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന അഭിനേതാക്കള്‍ക്കും വേണ്ടുന്ന സാമ്പത്തിക സഹായം, അംഗങ്ങളുടെ സിനിമാ പ്രവര്‍ത്തന സംബന്ധിയായ പരാതികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഘടന ആരംഭിച്ചത്.
വിവാദ വഴികള്‍
രൂപീകരണം മുതല്‍ നിരവധി വിവാദങ്ങളിലൂടെയായിരുന്നു ‘അമ്മ’യുടെ യാത്രകള്‍. 2004ല്‍ ഏഷ്യാനെറ്റ് ചാനലിലെ സ്റ്റേജ് ഷോയില്‍ ‘അമ്മ’യിലെ താരങ്ങള്‍ പങ്കെടുക്കുന്നതിനെതിരെ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് രംഗത്തു വരികയും, ഉടമ്പടിയുടെ ലംഘനമാണിത് എന്നാരോപിക്കുകയും ചെയ്‌തിരുന്നു. ഈ അവസരത്തില്‍ അമ്മയിലെ തന്നെ അംഗങ്ങളായ തിലകനും ലാലു അലക്‌സും ‘അമ്മ’യ്ക്കെതിരെ സംസാരിക്കുകയുണ്ടായി. ഉടമ്പടിയില്‍ ഒപ്പുവച്ചതിനു ശേഷം ‘അമ്മ’ ചേംബര്‍ ഓഫ് കൊമേഴ്സിനെ ചതിക്കുകയാണ് ചെയ്‌തതെന്ന് ലാലു അലക്‌സ് ആരോപിച്ചു. പിന്നീട് ‘അമ്മ’ വാര്‍ത്താ സമ്മേളനം വിളിക്കുകയും, ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സുമായുണ്ടാക്കിയ ഉടമ്പടിയില്‍ മാറ്റം വരുത്തുകയും ചെയ്‌തു.
മറ്റൊരു പ്രധാന വിവാദം അന്തരിച്ച നടന്‍ തിലകനുമായി ബന്ധപ്പെട്ടതായിരുന്നു. 2010ല്‍, ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമയിലെ തന്റെ അവസരങ്ങള്‍ നഷ്‌ടപ്പെടുത്തുന്നുവെന്നും തനിക്കെതിരായി കരുനീക്കങ്ങള്‍ നടത്തുന്നുവെന്നും തിലകന്‍ ആരോപണമുന്നയിച്ചു. പിന്നീട് സുകുമാര്‍ അഴീക്കോട്, വി.ആര്‍ കൃഷ്‌ണയ്യര്‍ തുടങ്ങിയവരുടെ ഇടപെടല്‍ വിവാദങ്ങള്‍ക്ക് ആക്കംകൂട്ടി. ഒടുവില്‍ സംഘടനയില്‍ നിന്നും തിലകന്‍ പുറത്താക്കപ്പെട്ടു.
അതേവര്‍ഷം തന്നെ ഓണ സമയത്ത് ഉലകനായകന്‍ കമല്‍ഹാസനെ ആദരിക്കുന്ന ചടങ്ങില്‍ നിന്ന് അമ്മയിലെ താരങ്ങള്‍ വിട്ടുനിന്നത് വീണ്ടും വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കി. ആ സമയത്തെ കേരള മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന്‍ സംഭവത്തില്‍ ‘അമ്മ’യ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. മലയാള സിനിമയിലെ താരങ്ങള്‍ പ്രശസ്‌തിയ്‌ക്കു പുറകെ പായുകയാണെന്നായിരുന്നു അച്യുതാനന്ദന്റെ വിമര്‍ശനം.
2012ല്‍ സംവിധായകന്‍ വിനയന്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 2017ല്‍ 11.25ലക്ഷം രൂപ അമ്മയ്‌ക്കും ഫെഫ്കയ്‌ക്കും എതിരെ പിഴ ചുമത്തി.
2016ലെ തിരഞ്ഞെടുപ്പിൽ പത്തനാപുരത്തുനിന്നും മത്സരിച്ച ഇടതു സ്ഥാനാർത്ഥി കെ.ബി.ഗണേശ് കുമാറിന് വേണ്ടി മോഹൻലാൽ പ്രചാരണത്തിനു പോയതും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴി വച്ചു. രാഷ്ട്രീയ പ്രചാരണങ്ങൾക്ക് അമ്മയിലെ അംഗങ്ങൾ പോകരുതെന്ന് നിർദ്ദേശമുണ്ടെന്നും എന്നാൽ ഭാരവാഹിയായ മോഹൻലാൽ തന്നെ ഇതിന് വീഴ്‌ചവരുത്തുകയാണ് ചെയ്‌തതെന്നും നടൻ സലിം കുമാർ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് സലിം കുമാർ സംഘടനയിൽ നിന്നും രാജിവയ്‌ക്കുകയും ചെയ്‌തു.
എന്നാല്‍ ‘അമ്മ’യില്‍ ഏറെ കോളിളക്കം സൃഷ്‌ടിച്ചത് 2017 ഫെബ്രുവരിയില്‍ കൊച്ചിയില്‍ വച്ച് നടിയാക്രമിക്കപ്പെട്ട സംഭവമാണ്. കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ അമ്മ സംരക്ഷിക്കുന്നു എന്നായിരുന്നു പ്രധാന വിമര്‍ശനം. സംഘടനയിലെ യുവ താരങ്ങളായ പൃഥ്വിരാജ്, ആസിഫ് അലി, രമ്യാ നമ്പീശന്‍ തുടങ്ങിയവരാണ് ആരോപണമുന്നയിച്ചത്. ഒടുവില്‍ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കുകയും, തങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്യേണ്ടി വന്നു സംഘടനയ്‌ക്ക്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മലയാള സിനിമയില്‍ ആദ്യമായി സ്ത്രീകളുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി ഒരു സംഘടന ആരംഭിക്കുകയും ചെയ്യുന്നത്.
നാളെ നടക്കുന്ന തിരഞ്ഞെടുപ്പും നേതൃമാറ്റവും ഇനിയങ്ങോട്ടുള്ള ‘അമ്മ’യുടെ വഴികളെ മാത്രമല്ല, മലയാള സിനിമയുടെ തന്നെ ഗതി നിർണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കും എന്നതും കൊണ്ടും കൂടിയാണ് ഇത് പ്രസക്തമാകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.