കൊച്ചി: അമ്മയുടെ ജനറൽ ബോഡി തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് തിരിച്ചടി. ഔദ്യോഗിക പാനൽ മുന്നോട്ട് വച്ച മൂന്ന് സ്ഥാനാർത്ഥികളെ അട്ടിമറിച്ച് മണിയൻപിള്ള രാജു, വിജയ് ബാബു, ലാൽ എന്നിവർ വിജയിച്ചു. നിവിൻ പോളി, ആശാ ശരത്ത്, ഹണി റോസ് എന്നിവരെയാണ് പരാജയപ്പെടുത്തിയത്.
വൈസ് പ്രസിഡന്റ് സ്ഥനത്തേക്ക് ഔദ്യോഗിക പാനലിൽ നിന്നും ശ്വേതാ മേനോനും ആശ ശരത്തുമാണ് മത്സരിച്ചത്. ഇതിൽ ആശാ ശരത്തിനെ പിന്തള്ളി സ്വന്തം നിലയിൽ മത്സരിച്ച മണിയൻപിള്ള രാജു വിജയിക്കുകയായിരുന്നു. 224 വോട്ടാണ് മണിയൻപിള്ള രാജുവിന് ലഭിച്ചത്. ശ്വേതാ മേനോന് 176 വോട്ട് ലഭിച്ചപ്പോൾ 153 വോട്ടുകൾ മാത്രമാണ് ആശാ ശരത്തിന് നേടാനായത്. ഇതോടെ ശ്വേതാ മേനോനും മണിയൻപിള്ള രാജുവും വൈസ് പ്രസിഡന്റുമാർ ആകും. അമ്മയുടെ ആദ്യ വൈസ് പ്രസിഡന്റാണ് ശ്വേത.
എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് വിജയ് ബാബുവും ലാലും വിജയിച്ചത്. ലാലിന് 212 വോട്ടും വിജയ് ബാബുവിന് 228 വോട്ടുമാണ് ലഭിച്ചത്. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിൽ നിന്നും ബാബുരാജ്, ലൈന, മഞ്ജുപിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനിടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, നിവിൻ പോളി, ഹണി റോസ് എന്നിവരാണ് മത്സരിച്ചത്. ഇതിൽ ഹണി റോസ്, നിവിന്‍ പോളി എന്നിവരാണ് പരാജയപ്പെട്ടത്. വിമത സ്ഥാനാർത്ഥിയായി മത്സരിച്ച നാസര്‍ ലത്തീഫും പരാജയപ്പെട്ടു.
നേരത്തെ പ്രസിഡന്റായി മോഹന്‍ലാലിനേയും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവിനേയും എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. ട്രഷററായി സിദ്ധിഖും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയും തുടരും. ഇവർക്കെതിരെ ആരും നോമിനേഷൻ നൽകിയിരുന്നില്ല.