കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗം കഴിഞ്ഞു. ഭാരവാഹിസ്ഥാനങ്ങളിൽ കൂടുതൽ വനിതാ പങ്കാളിത്തവും സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സെല്ലും ഉറപ്പുവരുത്തുമെന്ന ഭരണഘടന ഭേദഗതി ചെയ്യുന്നത് മരവിപ്പിച്ചു. ഡബ്ല്യുസിസി കടുത്ത എതിർപ്പുയർത്തിയതോടെയാണ് ഭരണഘടനാ ഭേദഗതി തൽക്കാലത്തേക്ക് മരവിപ്പിച്ചത്.

കരട് ഭേദഗതി കൊണ്ടുവന്ന ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ വിമൺ ഇൻ സിനിമാ കളക്ടീവ് അംഗങ്ങൾ ആഞ്ഞടിച്ചു. എക്സിക്യൂട്ടീവിന്‍റെ തീരുമാനം ചോദ്യം ചെയ്തവരെയൊക്കെ പുറത്താക്കുകയാണെന്നും കരട് ഭേദഗതി ജനാധിപത്യ വിരുദ്ധവും യുക്തി രഹിതവുമാണെന്നും ഡബ്ല്യുസിസി ആരോപിച്ചു. കരട് തയ്യാറാക്കിയത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആഗ്രഹവും താൽപര്യം മാത്രം അനുസരിച്ചാണെന്ന് രേഖാമൂലം നൽകിയ മറുപടിയിൽ ഡബ്ല്യുസിസി അംഗങ്ങൾ പറയുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതോടെയാണ് ഇത്തരമൊരു ഭേദഗതി കൊണ്ടുവരാനുള്ള ചർച്ചകൾക്ക് താരസംഘടന തുടക്കമിട്ടത്.

കൂട്ടായ തീരുമാനത്തിലൂടെ മാത്രമെ ഭേദഗതി ചെയ്യാന്‍ കഴിയുകയുളളുവെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. സംഘടനയില്‍ നിന്ന് പുറത്ത് പോയവര്‍ അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More: പാര്‍വ്വതിയും രേവതിയും ‘അമ്മ’ യോഗത്തില്‍; രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്ന വിഷയം ചര്‍ച്ചയായേക്കും

‘ജനറല്‍ ബോഡിയില്‍ അങ്ങനെ പ്രധാനപ്പെട്ട കാര്യങ്ങളൊന്നും തീരുമാനമെടുത്തില്ല. ചിലര്‍ക്ക് സഹായം ലഭ്യമാക്കാന് തീരുമാനിച്ചിട്ടുണ്ട്. അംഗങ്ങള്‍ക്ക് വേണ്ട ചികിത്സയുടെ കാര്യങ്ങളും ചര്‍ച്ച ചെയ്തു. നിയമാവലി ഭേദഗതി സംബന്ധിച്ച പരാതികളെ കുറിച്ച് കൂടുതല്‍ എല്ലാ അംഗങ്ങളുടേയും അഭിപ്രായം അറിഞ്ഞ് പറയാം. അവര്‍ നിര്‍ദേശങ്ങളാണ് പറഞ്ഞത്. എതിര്‍ക്കുകയല്ല ചെയ്തത്. അവരുടെ അഭിപ്രായമാണ് പറഞ്ഞത്. ആ അഭിപ്രായങ്ങള്‍ പരിഗണിക്കാമെന്നാണ് അറിയിച്ചത്,’ മോഹന്‍ലാല്‍ പറഞ്ഞു.

നേതൃനിരയിൽ കൂടുതൽ വനിതകളെ ഉൾക്കൊള്ളിക്കുന്നതടക്കം മൂന്ന് പ്രധാന ഭേദഗതികളാണ് വാർഷിക പൊതുയോഗത്തിന്റെ പ്രധാന അജണ്ടയെങ്കിലും ഇതില്‍ കൂടുതല്‍ ചര്‍ച്ച നടന്നില്ല. കഴിഞ്ഞ ദിവസം ചേർന്ന എക്സിക്യൂട്ടിവ് യോഗത്തിലും ഭരണഘടനാ ഭേദഗതിയെ കുറിച്ച് ചർച്ച ചെയ്‌തിരുന്നു. സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം അടക്കം അഞ്ച് സ്ഥാനങ്ങൾ വനിതകൾക്ക് നീക്കി വയ്‌ക്കുന്നതുമായി ബന്ധപ്പെട്ടാണ് ആവശ്യം ഉയര്‍ന്നത്. സംഘടനയിൽ നിന്നും രാജി വെച്ചു പോയ അംഗങ്ങളെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങള്‍ ചര്‍ച്ചയായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook