മലയാള സിനിമയിലെ താരസംഘടനയായ എഎംഎംഎയുടെ അവൈലബിള്‍ എക്‌സിക്യൂട്ടീവ് നാളെ ചേരും. കൊച്ചിയില്‍ വച്ച് മോഹന്‍ലാലിന്റെ അദ്ധ്യക്ഷതയിലായിരിക്കും യോഗം നടക്കുക. ചെറിയ സമയത്തിനുള്ളില്‍ വിളിച്ചു ചേര്‍ത്ത യോഗമാണെന്നും അതിനാല്‍ എത്രപേര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുമെന്നും പറയാറായിട്ടില്ലെന്ന് സംഘടനയുടെ ട്രഷറര്‍ ജഗദീഷ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോടു പറഞ്ഞു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 13ന് സിനിമയിലെ വനിതാ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ കൊച്ചിയില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താ സമ്മേളനത്തില്‍, എഎംഎംഎയില്‍ നിന്നും നിരന്തരം തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന നീതി നിഷേധത്തെക്കുറിച്ച് തുറന്നടിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടിയില്ലെന്നും, നടി പുറത്തും കുറ്റാരോപിതനായ നടന്‍ സംഘടനയ്ക്ക് അകത്തുമാണ്. ഇതിനെ നീതിയെന്ന് എങ്ങനെ വിളിക്കാന്‍ സാധിക്കുമെന്ന് അവര്‍ വിമര്‍ശിച്ചിരുന്നു.

Read More: മാതൃക കാട്ടി ബോളിവുഡ്; താരസംഘടനയിൽ പരാതി പരിഹാര സെൽ

അതിനു പുറമെ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതി പരിഹാര സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ എഎംഎംഎ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഡബ്ല്യുസിസി പ്രസിഡന്റായ റിമ കല്ലിങ്കല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വിശാഖ മാര്‍ഗരേഖകളുടെ അടിസ്ഥാനത്തിലുള്ള സമിതി രൂപീകരിക്കണമെന്നും ഇവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യം അംഗീകരിച്ചുകൊണ്ട് കേരള സര്‍ക്കാരിനും എതിര്‍കക്ഷികളായ എഎംഎംഎയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഈ സംഭവ വികാസങ്ങളുടെയെല്ലാം പശ്ചാത്തലത്തിലാണ് എഎംഎംഎ നാളെ അവൈലബിള്‍ എക്‌സിക്യൂട്ടീവ് ചേരുന്നത്.

മലയാള സിനിമാ മേഖലയില്‍ ഒരു കമ്മിറ്റി എന്നാണോ, ഓരോ പ്രൊഡക്ഷന്‍ ഹൗസിനും ഒരു കമ്മിറ്റി എന്നാണോ, ഓരോ യൂണിറ്റിനും ഒരു കമ്മിറ്റി എന്നാണോ എന്നുള്ള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ടെന്നും ജഗദീഷ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോടു പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook