കൊച്ചി: താരസംഘടനയായ അമ്മയുടെ (അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ടിസ്റ്റ്) 25-ാം വാര്‍ഷികം ആഘോഷിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് കേക്ക് മുറിച്ച് ലളിതമായ രീതിയാലിരുന്നു ആഘോഷ പരിപാടികള്‍ നടന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളും ആഘോഷത്തില്‍ പങ്കെടുത്തു. ഇതിന്റെ വീഡിയോ അമ്മ സംഘടനയുടെ പ്രസിഡന്റ് നടന്‍ മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

‘അമ്മ’യുടെ നാള്‍വഴികള്‍

1995ലാണ് മുരളി, വേണു നാഗവള്ളി, എം.ജി.സോമന്‍ എന്നിവരുടെ നേതൃത്വത്തില്‍ അഭിനേതാക്കള്‍ക്കായി ഒരു സംഘടന എന്ന ആശയം രൂപം കൊള്ളുന്നത്.  ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായാണ് സിനിമാ താരങ്ങള്‍ക്ക് മാത്രമായി ഒരു സംഘടന നിലവില്‍ വരുന്നത്. അഭിനേതാക്കള്‍ക്കായി ഇന്ത്യയില്‍ ആദ്യമുണ്ടായ സംഘടന തമിഴിലെ നടികര്‍ സംഘം ആയിരുന്നു. എന്നാല്‍ അതില്‍ സിനിമാ താരങ്ങള്‍ മാത്രമായിരുന്നില്ല, നാടക താരങ്ങളും അംഗങ്ങളായിരുന്നു. മമ്മൂട്ടി, ഇന്നസെന്റ് തുടങ്ങിയ മുന്‍ ഭാരവാഹികളുടെ കഠിനാധ്വാനവും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളും അമ്മയുടെ വളര്‍ച്ചയുടെ പ്രധാന കാരണങ്ങളായി.  ഇപ്പോള്‍ 460ഓളം അംഗങ്ങളാണ് സംഘടനയില്‍ ഉള്ളത്.

Read More: മാതൃക കാട്ടി ബോളിവുഡ്; താരസംഘടനയിൽ പരാതി പരിഹാര സെൽ

സിനിമയെക്കുറിച്ചുള്ള ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കും, അംഗങ്ങളും, മറ്റു സംഘടനകളുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, അംഗങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും, അഭിനയ ജീവിതത്തില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നവര്‍ക്കും ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന അഭിനേതാക്കള്‍ക്കും വേണ്ടുന്ന സാമ്പത്തിക സഹായം, അംഗങ്ങളുടെ സിനിമാ പ്രവര്‍ത്തന സംബന്ധിയായ പരാതികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഘടന ആരംഭിച്ചത്.

അമ്മയും വിവാദങ്ങളും

രൂപീകരണം മുതല്‍ നിരവധി വിവാദങ്ങളിലൂടെയായിരുന്നു ‘അമ്മ’യുടെ യാത്രകള്‍. 2004ല്‍ ഏഷ്യാനെറ്റ് ചാനലിലെ സ്റ്റേജ് ഷോയില്‍ ‘അമ്മ’യിലെ താരങ്ങള്‍ പങ്കെടുക്കുന്നതിനെതിരെ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് രംഗത്തു വരികയും, ഉടമ്പടിയുടെ ലംഘനമാണിത് എന്നാരോപിക്കുകയും ചെയ്‌തിരുന്നു. ഈ അവസരത്തില്‍ അമ്മയിലെ തന്നെ അംഗങ്ങളായ തിലകനും ലാലു അലക്‌സും ‘അമ്മ’യ്ക്കെതിരെ സംസാരിക്കുകയുണ്ടായി. ഉടമ്പടിയില്‍ ഒപ്പുവച്ചതിനു ശേഷം ‘അമ്മ’ ചേംബര്‍ ഓഫ് കൊമേഴ്സിനെ ചതിക്കുകയാണ് ചെയ്‌തതെന്ന് ലാലു അലക്‌സ് ആരോപിച്ചു. പിന്നീട് ‘അമ്മ’ വാര്‍ത്താ സമ്മേളനം വിളിക്കുകയും, ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സുമായുണ്ടാക്കിയ ഉടമ്പടിയില്‍ മാറ്റം വരുത്തുകയും ചെയ്‌തു.

ഫയൽ ചിത്രം

മറ്റൊരു പ്രധാന വിവാദം അന്തരിച്ച നടന്‍ തിലകനുമായി ബന്ധപ്പെട്ടതായിരുന്നു. 2010ല്‍, ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമയിലെ തന്റെ അവസരങ്ങള്‍ നഷ്‌ടപ്പെടുത്തുന്നുവെന്നും തനിക്കെതിരായി കരുനീക്കങ്ങള്‍ നടത്തുന്നുവെന്നും തിലകന്‍ ആരോപണമുന്നയിച്ചു. പിന്നീട് സുകുമാര്‍ അഴീക്കോട്, വി.ആര്‍ കൃഷ്‌ണയ്യര്‍ തുടങ്ങിയവരുടെ ഇടപെടല്‍ വിവാദങ്ങള്‍ക്ക് ആക്കംകൂട്ടി. ഒടുവില്‍ സംഘടനയില്‍ നിന്നും തിലകന്‍ പുറത്താക്കപ്പെട്ടു.

അതേവര്‍ഷം തന്നെ ഓണ സമയത്ത് ഉലകനായകന്‍ കമല്‍ഹാസനെ ആദരിക്കുന്ന ചടങ്ങില്‍ നിന്ന് അമ്മയിലെ താരങ്ങള്‍ വിട്ടുനിന്നത് വീണ്ടും വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കി. ആ സമയത്തെ കേരള മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന്‍ സംഭവത്തില്‍ ‘അമ്മ’യ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. മലയാള സിനിമയിലെ താരങ്ങള്‍ പ്രശസ്‌തിയ്‌ക്കു പുറകെ പായുകയാണെന്നായിരുന്നു അച്യുതാനന്ദന്റെ വിമര്‍ശനം.

2012ല്‍ സംവിധായകന്‍ വിനയന്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 2017 ല്‍ 11.25 ലക്ഷം രൂപ അമ്മയ്‌ക്കും ഫെഫ്കയ്‌ക്കും എതിരെ പിഴ ചുമത്തി.

2016ലെ തിരഞ്ഞെടുപ്പിൽ പത്തനാപുരത്തുനിന്നും മത്സരിച്ച ഇടതു സ്ഥാനാർത്ഥി കെ.ബി.ഗണേശ് കുമാറിന് വേണ്ടി മോഹൻലാൽ പ്രചാരണത്തിനു പോയതും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴി വച്ചു. രാഷ്ട്രീയ പ്രചാരണങ്ങൾക്ക് അമ്മയിലെ അംഗങ്ങൾ പോകരുതെന്ന് നിർദ്ദേശമുണ്ടെന്നും എന്നാൽ ഭാരവാഹിയായ മോഹൻലാൽ തന്നെ ഇതിന് വീഴ്‌ചവരുത്തുകയാണ് ചെയ്‌തതെന്നും നടൻ സലിം കുമാർ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് സലിം കുമാർ സംഘടനയിൽ നിന്നും രാജിവയ്‌ക്കുകയും ചെയ്‌തു.

എന്നാല്‍ ‘അമ്മ’യില്‍ ഏറെ കോളിളക്കം സൃഷ്‌ടിച്ചത് 2017 ഫെബ്രുവരിയില്‍ കൊച്ചിയില്‍ വച്ച് നടിയാക്രമിക്കപ്പെട്ട സംഭവമാണ്. കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ അമ്മ സംരക്ഷിക്കുന്നു എന്നായിരുന്നു പ്രധാന വിമര്‍ശനം. സംഘടനയിലെ യുവ താരങ്ങളായ പൃഥ്വിരാജ്, ആസിഫ് അലി, രമ്യാ നമ്പീശന്‍ തുടങ്ങിയവരാണ് ആരോപണമുന്നയിച്ചത്. ഒടുവില്‍ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കുകയും, തങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്യേണ്ടി വന്നു സംഘടനയ്‌ക്ക്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മലയാള സിനിമയില്‍ ആദ്യമായി സ്ത്രീകളുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി ഒരു സംഘടന ആരംഭിക്കുകയും ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook