യുവനടിയെ പീഡിപ്പിച്ച കേസിൽ, നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാൻ ഒരുങ്ങി അമ്മ. നാളെ ഈ കാര്യത്തിൽ നടപടിയുണ്ടാവും. വിജയ് ബാബുവിനെ അമ്മ ഭാരവാഹിത്വത്തില്‍ നിന്നും നീക്കിയേക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഭാരവാഹി സ്ഥാനം രാജിവയ്ക്കാൻ വിജയ് ബാബുവിനോട് ആവശ്യപ്പെടും. അമ്മ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമാണ് വിജയ് ബാബു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാനായി അമ്മ അവെയ്ലബിൾ എക്സിക്യൂട്ടീവ് കമ്മിറ്റി ഇന്ന് യോഗം ചേർന്നു.
ഏപ്രിൽ 27-ാം തീയതി തന്നെ, വിജയ് ബാബുവിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ചൂണ്ടികാട്ടി ഇന്റേണൽ കമ്മിറ്റി അമ്മ എക്സിക്യൂട്ടീവ് കമ്മറ്റിയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ അവെയ്ലബിൾ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്ന് അടിയന്തര നടപടി കൈകൊള്ളാൻ അമ്മ ഒരുങ്ങുന്നത്. നടി ശ്വേത മേനോൻ ചെയർ പേഴ്സണായ ഇന്റേണൽ കമ്മിറ്റിയിൽ മാലാ പാർവതി, കുക്കു പരമേശ്വരൻ, രചന നാരായണൻകുട്ടി, ഇടവേള ബാബു, അഡ്വ. അനഖ എന്നിവരാണ് അംഗങ്ങളായി ഉള്ളത്.
നിലവില്‍ വിദേശത്തുള്ള വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയിരിക്കുകയാണ്. വിജയ് ബാബുവിന്റെ പാസ്പോർട്ട് കണ്ടുകെട്ടാനാണ് ശ്രമം. അന്വേഷണവുമായി സഹകരിക്കാന്‍ വിജയ് ബാബു തയാറായില്ലെങ്കില്‍ പാസ്പോര്‍ട്ടും വീസയുമടക്കം റദ്ദാക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നും വിജയ് ബാബുവിനെ തേടി വിദേശത്ത് പോകേണ്ടി വന്നാൽ പോകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു. ഹാജരാകണമെന്ന് അറിയിച്ച് വിജയ് ബാബുവിന്റെ വീട്ടിൽ നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതി കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.