ട്വിറ്ററുമായി ബന്ധപ്പെട്ട ബ്ലൂ ടിക് പൊല്ലാപ്പുകൾ അവസാനിക്കുന്നില്ല. വെള്ളിയാഴ്ച്ച രാവിലെയോടെയാണ് നിരവധി ബോളിവുഡ് താരങ്ങൾക്ക് ട്വിറ്ററിലെ ബ്ലൂ ടിക്ക് വേരിഫിക്കേഷൻ നഷ്ടപ്പെട്ടത്. ട്വിറ്റർ ബ്ലൂ ടിക് സബ്‌സ്‌ക്രിപ്ഷൻ സർവീസിന്റെ ഭാഗമായാണ് ഈ പരിഷ്കരണം. അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ളവരുടെ പേരുകൾക്ക് ഒപ്പമുള്ള ബ്ലൂ ടികുകൾ നഷ്ടപ്പെടില്ലെന്ന് പിന്നീട് ട്വിറ്റർ പ്രസ്താവനയിറക്കി. അതുപ്രകാരം പലർക്കും ബ്ലൂ ടിക്കുകൾ തിരികെ ലഭിച്ചു. അതേസമയം, ഏതാനും സെലബ്രിറ്റികൾ ബ്ലൂ ടിക് നിലനിർത്താനായി പണം അടക്കുകയും ചെയ്തിരുന്നു, ബോളിവുഡ് താരം അമിതാഭ് ബച്ചനും ഇത്തരത്തിൽ പണം അടച്ച സെലിബ്രിറ്റികളിൽ ഉൾപ്പെടുന്നു.
ബ്ലൂ ടിക്കിനായി പണം നൽകിയതിൽ നിരാശ പ്രകടിപ്പിക്കുകയാണ് അമിതാഭ് ബച്ചൻ ഇപ്പോൾ. പുതിയ ട്വീറ്റിലാണ് ബച്ചൻ ഇക്കാര്യം ചൂണ്ടികാണിക്കുന്നത്. “ട്വിറ്റർ ആന്റി, ബ്ലൂ ടിക്ക് മാർക്കിന് ഞങ്ങൾ പണം നൽകണമെന്ന് നിങ്ങൾ പറഞ്ഞു, ഞാനത് ചെയ്യുകയും ചെയ്തു. ഇപ്പോൾ നിങ്ങൾ പറയുന്നു, ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ളവരുടെ അക്കൗണ്ടിൽ ബ്ലൂ ടിക് മാർക്ക് ഉണ്ടായിരിക്കുമെന്ന്. എനിക്ക് 48.4 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്, ഒപ്പം എന്റെ പണവും പോയി. ഇനി ഞാൻ എന്ത് ചെയ്യണം?” എന്നാണ് അമിതാഭ് ബച്ചൻ ട്വീറ്റിലൂടെ ചോദിക്കുന്നത്.
മുൻപ് തന്റെ നീല ടിക്ക് പുനഃസ്ഥാപിച്ചതിന് താരം ട്വിറ്റർ സിഇഒ എലോൺ മസ്‌കിനോട് നന്ദി പറഞ്ഞിരുന്നു, “മസ്‌ക് ഭയ്യാ! എന്റെ ബ്ലൂ ടിക് പുനസ്ഥാപിച്ചതിന് നന്ദി. ഞാനിപ്പോൾ എന്താണ് പറയേണ്ടത്. എനിക്കൊരു പാട്ടു പാടാൻ തോന്നുന്നു, നിങ്ങളത് കേൾക്കാൻ ആഗ്രഹിക്കുന്നുവോ,” എന്നാണ് അമിതാഭ് ബച്ചൻ കുറിച്ചത്. അക്ഷയ് കുമാർ ചിത്രം മുഹ്റയിലെ ‘തു ചീസ് ബഡി ഹേ മസ്ത്ത് മസ്ത്ത്’ എന്ന ഗാനം ‘തു ചീസ് ബഡി ഹേ മസ്ക് മസ്ക്’ എന്നു തിരുത്തി പാടുകയാണ് ബിഗ് ബി.
ട്വീറ്റുകളും പോസ്റ്റുകളുമൊക്കെയായി എപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ് ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചൻ. അദ്ദേഹത്തിന്റെ ട്വീറ്റുകൾ പലപ്പോഴും ആരാധകരെ രസിപ്പിക്കാറുണ്ട്. സെക്ഷൻ-84 ന്റെ റിലീസ് കാത്തിരിക്കുകയാണ് അമിതാഭ് ബച്ചനിപ്പോൾ. പ്രൊജക്റ്റ് കെ, ദി ഇന്റേണിന്റെ ഹിന്ദി റീമേക്ക് ചിത്രം എന്നിവയാണ് അമിതാഭ് ബച്ചന്റെ വരാനിരിക്കുന്ന മറ്റുചിത്രങ്ങൾ.