മുംബൈ: ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന് ശസ്ത്രക്രിയ. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നത്. താൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ പോകുകയാണെന്ന് അമിതാഭ് ബച്ചൻ ബ്ലോഗിലൂടെ ആരാധകരെ അറിയിച്ചു. “ആരോഗ്യപ്രശ്നങ്ങൾ.. ശസ്ത്രക്രിയ.. എഴുതാൻ കഴിയുന്നില്ല,” ബച്ചൻ ബ്ലോഗിൽ കുറിച്ചു. 78 കാരനായ ബച്ചനെ ചില ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു.
പ്രിയ താരത്തിന്റെ ബ്ലോഗ് വായിച്ച ആരാധകർ ആശങ്കയിലാണ്. ബച്ചന് യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ആരാധകർ പരസ്പരം ചോദിക്കുന്നു. അതിവേഗം സുഖം പ്രാപിച്ചു തിരിച്ചുവരട്ടെ എന്ന് നിരവധി ആരാധകർ സോഷ്യൽമീഡിയയിൽ കുറിച്ചു.
പുതിയ സിനിമയുടെ ഷൂട്ടിങ് തുടങ്ങാനിരിക്കെയാണ് ബച്ചനെ ശസ്ത്രക്രിയക്ക് വിധേയനാക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ആമസോൺ പ്രൈം വീഡിയോയിൽ പുറത്തിറങ്ങിയ ആയുഷ്മാൻ ഖുറാനയ്ക്കൊപ്പം ഷൂജിത് സിർകാറിന്റെ കോമഡി നാടകമായ ഗുലാബോ സീതാബോയിലാണ് അമിതാഭിനെ അവസാനമായി കണ്ടത്.