ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആമിർ ഖാൻ ചിത്രമാണ് ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ’. അമിതാഭ് ബച്ചൻ പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം.

‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനെ’ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിടാതെ രഹസ്യസ്വഭാവത്തോടെയായിരുന്നു ചിത്രത്തിന്റെ നിർമാണപ്രവർത്തനങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്. സസ്‌പെൻസ് നിലനിർത്തുന്ന ചിത്രത്തിനെ ​വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

അതിനിടയിലാണ്, ആമിർ ഖാൻ ഇന്ന് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന്റെ പുതിയ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. അമിതാഭ് ബച്ചന്റെ കിടിലൻ സേനാപതി ലുക്കാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്.

മെഗാ ആക്ഷന്‍ ചിത്രമായ ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനി’ൽ ഖുദാബക്ഷ് എന്ന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്നത്. കൈകളിൽ വാളും നെഞ്ചിൽ പടച്ചട്ടയും തലപ്പാവും തീക്ഷ്ണമായ കണ്ണുകളുമായി എത്തുന്ന അമിതാഭിന്റെ ഖുദാബക്ഷ് ലുക്ക്, കടൽക്കൊള്ളക്കാരെ ഓർമ്മിപ്പിക്കുന്നുണ്ട്.

“കൊടുങ്കാറ്റുകളും നിരവധിയേറെ യുദ്ധങ്ങളും പിന്നിട്ട്, ഇതാ തംഗ്‌സിലെ സേനാപതിയെത്തിയിരിക്കുന്നു. ഖുദാബക്ഷിയായി അമിതാഭ്” എന്നാണ് പോസ്റ്ററിന്​ അണിയറപ്രവർത്തകർ നൽകിയിരിക്കുന്ന ക്യാപ്ഷൻ. കടലിന്റെ പശ്ചാത്തലിൽ നടക്കുന്ന കഥയാണ് ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ’. വിജയ് കൃഷ്ണ​ ആചാര്യയാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംവിധാനം.

ഈ വര്‍ഷം ബോളിവുഡില്‍ ഏറ്റവും പണം മുടക്കി ചെയ്യുന്ന ചിത്രങ്ങളിലൊന്നു കൂടിയാണ് ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ’. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ നിർമാണം. കത്രീന കെയ്ഫ്, ഫാത്തിമ സന ഷെയ്ഖ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഫിലിപ്പ് മെഡോസ് ടെയ്‌ലറുടെ നോവലായ ‘കൺഫെഷൻസ് ഓഫ് എ തംഗ് ആന്റ് ദ കൾട്ട് ഓഫ് ദ തഗ്ഗീ’ യെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ.

ദീപാവലി റിലീസായ ചിത്രം നവംബർ 8 ന് തിയേറ്ററുകളിലെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook