വെള്ളിയാഴ്ച്ച രാവിലെയോടെ അനവധി ബോളിവുഡ് താരങ്ങൾക്ക് ട്വിറ്ററിലെ ബ്ലൂ ടിക്ക് വേരിഫിക്കേഷൻ നഷ്ടപ്പെട്ടിരുന്നു. ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്ഷൻ സർവീസിന്റെ ഭാഗമായാണ് ഈ പരിഷ്കരണം. അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇതിനെതിരെ പ്രതിഷേധവും ഉയർത്തി. ട്വിറ്റർ ബ്ലൂ സേവനത്തിനായി താൻ സബ്‌സ്ക്രിപ്ഷൻ ചെയ്തതാണെന്നും എന്നാൽ ഇതുവരെയായിട്ടും അക്കൗണ്ട് വെറിഫൈ ചെയ്തിട്ടില്ലെന്നും ബച്ചൻ വെളിപ്പെടുത്തി. ബ്ലൂ ടിക്ക് അക്കൗണ്ടിലേക്ക് തിരിച്ചെത്തിയതിനു ശേഷം നന്ദി പറയാനും ബച്ചൻ മറന്നില്ല.
“സഹോദരാ മസ്ക്ക്! ഒരുപാട് നന്ദിയുണ്ട്. എന്റെ പേരിനു മുന്നിലുള്ള നീൽ കമൽ തിരികെ വന്നിരിക്കുന്നു. ഇനി പറയൂ സഹോദരാ, ഒരു പാട്ട് കേൾക്കാൻ തോന്നുന്നുണ്ടോ? കാരണം ഇപ്പോൾ എനിക്ക് പാട്ടു പാടൻ തോന്നുന്നു. ഇതാ കേട്ട്‌ക്കൊള്ളൂ, തൂ ചീസ് ബഡീ ഹേ മസ്ക്ക് മസ്ക്ക്” അമിതാഭ് കുറിച്ചു.
“ഹേയ് ട്വിറ്റർ ആന്റി, വളരെ മനോഹരമായ കാര്യം സംഭവിച്ചിരിക്കുകയാണ്. ബ്ലൂ ടിക്കിന് എന്തോ സംഭവിച്ചതു കൊണ്ട്, ഞാനതു മാറ്റി അവിടെ ഇന്ത്യൻ പതാക വച്ചു. പക്ഷെ ഞാനിത് ചെയ്തു കൊണ്ടിരുന്നപ്പോൾ നീല താമര ഓടികളഞ്ഞു. പറയൂ, ഞാനെന്താണ് ചെയ്യേണ്ടതാണ്?” ബച്ചൻ മറ്റൊരു ട്വീറ്റിൽ കുറിച്ചതിങ്ങനെയായിരുന്നു.
വെള്ളിയാഴ്ച്ച രാവിലെയോടെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ബ്ലൂ ടിക്ക് നഷ്ടമായ കാര്യം ബച്ചന്റെ ശ്രദ്ധയിൽപ്പെട്ടത് . താൻ സേവനം ലഭിക്കുന്നതിനുള്ള പണം നൽകിയതു കൊണ്ട് വേരിഫിക്കേഷൻ തിരികെ നൽകണമെന്നും ബച്ചൻ ആവശ്യപ്പെട്ടു.