ഇന്ത്യൻ സിനിമയുടെ അഭിമാന താരങ്ങളിലൊരാളാണ് അമിതാഭ് ബച്ചൻ. കോൻ ബനേഗ ക്രോർപതിയുടെ അവതാരകൻ കൂടിയായ താരം തന്റെ ഉയരം കൊണ്ടുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് പറയുകയാണ്. ബച്ച ആരാധകരിലേക്ക് ആകർഷിച്ച ഘടകമാണ് അദ്ദേഹത്തിന്റെ ഉയരം. ഷോയിൽ പങ്കെടുക്കാനെത്തിയ ഒരു കൊച്ചുകുട്ടി ഉയരം കുറഞ്ഞതിനെ ചൊല്ലി വിഷമിച്ചപ്പോൾ, സ്ക്കൂളിൽ പഠിച്ച സമയത്ത് തനിക്കുണ്ടായ ഒരനുഭവം പങ്കുവയ്ക്കുകയാണ് ബച്ചൻ.
സീനിയർ കുട്ടികൾ തന്നെ അടിക്കുമായിരുന്നെന്നു ബച്ചൻ പറയുന്നു.”ഞങ്ങളുടെ സ്‌ക്കൂളിൽ ബോക്‌സിങ്ങ് നിർബന്ധമായിരുന്നു. എനിക്ക് ഉയരം കൂടുതലായതു കൊണ്ട് മുതിർന്ന കുട്ടികളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയത്. അതുകൊണ്ട് എനിക്ക് ഒരുപാട് അടി കിട്ടുമായിരുന്നു” ബച്ചൻ പറഞ്ഞു.
ഷോയുടെ 14-ാം സീസൺ അവസാനിച്ചതു കഴിഞ്ഞദിവസമാണ്. “ഇന്ന് ഷോയുടെ അവസാനദിവസമാണ്. ഷോയുടെ വിജയത്തിനു വേണ്ടി പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. അടുത്തവർഷം വീണ്ടും കാണാം” ബച്ചൻ തന്റെ ബ്ലോഗിൽ കുറിച്ചു. കഴിഞ്ഞദിവസം നടന്ന കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിലെത്തിയ ബച്ചൻ ഇന്ത്യൻ സിനിമയിലെ സെൻസർഷിപ്പിന്റെ ചരിത്രത്തെക്കുറിച്ച് സംസാരിച്ചിരുന്നു.
‘ഉഞ്ചയ്’, ‘ഗുഡ്ബൈ’, ‘ബ്രഹ്മാസ്ത്ര’, ‘റൺവേ 34’, ‘ജുണ്ഡ്’ എന്നിവയാണ് ബച്ചന്റെ 2022 ൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. ദീപിക പദുക്കോൺ, പ്രഭാസ് എന്നിവർക്കൊപ്പം ചെയ്യുന്ന ‘പ്രൊജക്‌ട് കെ’ യാണ് ബച്ചന്റെ പുതിയ ചിത്രം