കൃത്യസമയത്ത് ഷൂട്ടിങ്ങ് ലൊക്കേഷനിലെത്താൻ ഒരു ഐഡിയ പ്രയോഗിച്ചിരിക്കുകയാണ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ. ഞായറാഴ്ച്ചത്തെ ട്രാഫിക്ക് ജാം ഒഴുവാക്കാനായി ഒരു അപരിചിതന്റെ ബൈക്കിലിരുന്നായിരുന്നു ബച്ചന്റെ യാത്ര. തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ ബൈക്കിലിരിക്കുന്ന ചിത്രം പങ്കുവച്ചതിനൊപ്പം അപരിചിതനോട് നന്ദി പറയാനും ബച്ചൻ മറന്നില്ല.
ജോലി സ്ഥലത്തേയ്ക്ക് തന്നെ എത്തിച്ച വ്യക്തിയെ കുറിച്ച് ഒന്നും തന്നെ അറിയില്ല പക്ഷെ ഒരുപാട് നന്ദി അറിയിക്കുന്നു എന്നാണ് താരം കുറിച്ചത്. “റൈഡിനു നന്ദി സുഹൃത്തേ, എനിക്ക് നിങ്ങളെ അറിയില്ല. പക്ഷെ കൃത്യസമയത്ത് നിങ്ങളെന്നെ ജോലി സ്ഥലത്തെത്തിച്ചു. വളരെ വേഗത്തിൽ അതും ഇത്രയും ബുദ്ധിമുട്ടേറിയ ട്രാഫിക്കിലാണ് അദ്ദേഹമെത്തിച്ചത്. തൊപ്പിയും ഷോർട്സും മഞ്ഞ നിറത്തിലുള്ള ടീ ഷർട്ടും ധരിച്ച വ്യക്തിയ്ക്ക് നന്ദി.” ബച്ചന്റെ ചിത്രം ആരാധകർ ഏറ്റെത്തു കഴിഞ്ഞു. എന്നാൽ ബൈക്കിലിരിക്കുമ്പോൾ ഹെൽമറ്റ് ധരിക്കണമെന്ന് നിർദ്ദേശമാണ് കൂടുതൽ പേരും കമന്റ് ബോക്സിൽ പറയുന്നത്.
കോളേജ് കാലത്തെ ഓർമകളും അന്നത്തെ സന്തോഷ നിമിഷങ്ങളെല്ലാം ഓർത്തെടുക്കാൻ ഈ ബൈക്ക് റൈഡ് മേഗാസ്റ്റാറിനെ സഹായിച്ചു. തന്റെ ബ്ളോഗിലും ബച്ചൻ ഇതേ ചിത്രം പങ്കുവച്ചു. എല്ലാ ആഴ്ച്ചയും ആരാധകരെ കാണുന്നതിനെ കുറിച്ചും തന്റെ ജോലിയെ പറ്റിയുമെല്ലാം താരം ബ്ളോഗിൽ കുറിച്ചു.
“ബൈക്കിലുള്ള യാത്രയും ഡ്രൈവ് ചെയ്യാനുള്ള ആഗ്രഹവും ഒരിക്കലും അവസാനിക്കുന്നതല്ല. കോളേജ് കാലഘട്ടവും പിക്ക്നിക്കുകളും എല്ലാം മനസ്സിലേക്കു വന്നു. കാർ ഓടിക്കാൻ വീട്ടിൽ നിന്ന സമ്മതിച്ച നിമിഷങ്ങളെല്ലാം ഓർത്തെടുത്തു” ബച്ചൻ തന്റെ ബ്ളോഗിൽ എഴുതി.
എന്നാൽ ഇങ്ങനെയല്ല സ്ഥിതിയെന്നും വളരെയധികം ജാഗ്രത ആവശ്യമാണെന്നും ബച്ചൻ കൂട്ടിച്ചേർത്തു. ചില സമയങ്ങളിൽ കാറോടിച്ച് ഷൂട്ടിങ്ങ് സെറ്റിലേക്ക് പോകാനുള്ള ആഗ്രഹം തനിക്ക് തോന്നാറുണ്ടെന്നും ബച്ചൻ പറഞ്ഞു.
‘പ്രൊജക്റ്റ് കെ’ ആണ് ബച്ചന്റെ പുതിയ ചിത്രം. സയൻസ് ഫിക്ഷൻ ഴോണറിലൊരുങ്ങുന്ന ചിത്രത്തിൽ പ്രഭാസ്, ദീപിക പദുക്കോൺ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ജനുവരിയിൽ ചിത്രം റിലീസിനെത്തും.