ബോളിവുഡ് താരം അമിതാഭ് ബച്ചന് സിനിമാ ചിത്രീകരണത്തിനിടെ ഗുരുതരമായ പരുക്ക്. ഹൈദരാബാദില്‍ പ്രോജക്ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് താരത്തിന് പരുക്കേറ്റത്. അപകടത്തിൽ അമിതാഭ് ബച്ചന്റെ വലതുഭാഗത്ത് വാരിയെല്ല് പൊട്ടി, പേശികൾക്കും ഗുരുതരമായ പരുക്കേറ്റു. താരത്തെ ഉടനെ തന്നെ എഐജി ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സകൾക്കു ശേഷം താരം മുംബൈയിലേക്ക് മടങ്ങി.
മുംബൈയിലെ വീട്ടിൽ വിശ്രമത്തിലാണെന്നും സുഖം പ്രാപിക്കാൻ സമയമെടുക്കുമെന്നും അമിതാഭ്ബച്ചൻ ബ്ലോഗിൽ കുറിച്ചു. “ഹൈദരാബാദിൽ പ്രൊജക്ട് കെയുടെ ഷൂട്ടിനിടെ ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ എനിക്ക് പരിക്കേറ്റു. ഹൈദരാബാദിൽ നിന്നും നാട്ടിലേക്ക് മടങ്ങി. പൂർണ്ണ വിശ്രമം നിർദേശിച്ചിരിക്കുകയാണ്. ശ്വസിക്കാനും ചലിക്കാനുമെല്ലാം വേദനയുണ്ട്. എല്ലാം സാധാരണമാവാൻ കുറച്ച് ആഴ്‌ചകൾ എടുക്കുമെന്ന് അവർ പറയുന്നു. വേദനയ്ക്കും മറ്റുമായി ചില മരുന്നുകൾ ഉണ്ട്,” എൺപതുകാരനായ താരം കുറിച്ചു.
“ചെയ്തുകൊണ്ടിരുന്ന എല്ലാ ജോലികളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. വൈകുന്നേരം ജൽസയ്ക്കു വെളിയിൽ കാത്തുനിൽക്കുന്ന അഭ്യുദയകാംക്ഷികളെ കാണാൻ എനിക്കു കഴിയില്ല. അതിനാൽ വരരുത്. മറ്റെല്ലാം സുഖമാണ്,” ബിഗ് ബി കുറിച്ചു.
അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രൊജക്റ്റ് കെയുടെ ഷൂട്ടിംഗ് ഹൈദരാബാദിൽ നടക്കുകയായിരുന്നു. അതിനിടയിലാണ് താരത്തിന് അപകടമുണ്ടായി ഷൂട്ട് നിർത്തിവച്ചത്.
ദി ഇന്റേൺ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് അമിതാഭ് ബച്ചൻ അഭിനയിക്കേണ്ട മറ്റൊരു ചിത്രം. ദീപിക പദുക്കോൺ ആണ് ചിത്രത്തിൽ അമിതാഭിന്റെ സഹതാരം.