പ്രായം 79ൽ എത്തി നിൽക്കുമ്പോഴും ഉത്സാഹമാണ് അമിതാഭ് ബച്ചന്റെ ശരീരഭാഷ. സിനിമയോടുള്ള പാഷനും പുതിയ കാലത്തോട് ചേർന്നു നിൽക്കാനുള്ള ബിഗ് ബിയുടെ ത്വരയും ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ബോളിവുഡിന്റെ സ്വന്തം ബിഗ് ബി.
ഇപ്പോഴിതാ, തന്റെ സോഷ്യൽ മീഡിയയിൽ അമിതാഭ് ബച്ചൻ പങ്കുവച്ച രണ്ടു ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഭാര്യ ജയ ബച്ചൻ, മക്കളായ ശ്വേത, അഭിഷേക് എന്നിവർക്ക് ഒപ്പമിരിക്കുന്ന അമിതാഭ് ബച്ചനെയാണ് ചിത്രങ്ങളിൽ കാണാനാവുക. വർഷങ്ങൾ പഴക്കമുള്ളതാണ് ആദ്യത്തെ ചിത്രം, പുതിയ ചിത്രമാവട്ടെ ഇക്കഴിഞ്ഞ ദീപാവലി ആഘോഷത്തിനിടെ എടുത്തതും.
വർഷങ്ങളുടെ അന്തരം രണ്ടു ചിത്രങ്ങൾക്കുമിടയിൽ ഉണ്ടെങ്കിലും രണ്ടു ചിത്രങ്ങളിലും പൊതുവായുള്ള, മാറ്റമില്ലാതെ തുടരുന്ന ഒരു കാര്യം ചൂണ്ടി കാട്ടുകയാണ് ബച്ചൻ. അച്ഛനോട് ചേർന്നിരിക്കുന്ന ശ്വേതയേയും അമ്മയോട് ചേർന്നിരിക്കുന്ന അഭിഷേകിനെയുമാണ് ചിത്രങ്ങളിൽ കാണുക. കാലങ്ങൾ കടന്നുപോവുമ്പോഴും ആ ഇരിപ്പിന് മാത്രമില്ല ഒരു മാറ്റം.
പെൺകുട്ടികൾ എപ്പോഴും അച്ഛനോടും ആൺകുട്ടികൾ എപ്പോഴും അമ്മയോടുമാണ് കൂടുതൽ അടുപ്പം കാണിക്കുക എന്നു പറയുന്നത് ശരിയാണല്ലേ എന്നാണ് ആരാധകർ ചിത്രത്തിന് കമന്റ് നൽകിയിരിക്കുന്നത്. അമ്മയും മകനും, അച്ഛനും മകളും! മിക്ക വീടുകളിലും പരിചിതമായ കോമ്പിനേഷൻ എന്നാണ് മറ്റൊരു കമന്റ്.
ബോളിവുഡ് താരങ്ങളെല്ലാം ദീപാവലി ആഘോഷമായി കൊണ്ടാടിയപ്പോൾ അമിതാഭ് ബച്ചന്റെ ജൽസയിലെ ഈ വർഷത്തെ ദീപാവലി ആഘോഷം പൊതുവെ ശാന്തമായിരുന്നു. ഭാര്യ ജയ ബച്ചൻ, മരുമകൾ ഐശ്വര്യറായി, മകൻ അഭിഷേക്, മകൾ ശ്വേത, പേരക്കുട്ടികളായ ആരാധ്യ, അഗസ്ത്യ എന്നിവർക്കൊപ്പമായിരുന്നു ബിഗ് ബിയുടെ ദീപാവലി ആഘോഷം.
എല്ലാ വർഷവും താരങ്ങൾക്കും സഹപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമായി ബിഗ് ബിയുടെ വീടായ ജൽസയിൽ ദീപാവലി പാർട്ടികൾ സംഘടിപ്പിക്കപ്പെടാറുണ്ടായിരുന്നു. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടുവർഷമായി ജൽസയിലെ ദീപാവലി പാർട്ടികൾ ബോളിവുഡ് താരങ്ങൾക്ക് നഷ്ടമായി കൊണ്ടിരിക്കുകയാണ്. നഷ്ടപ്പെട്ട ആ ആഘോഷരാവുകളെ കുറിച്ച് ബച്ചനെഴുതിയ വാക്കുകളും ശ്രദ്ധ നേടിയിരുന്നു.
“ഭൂതകാലത്തിന്റെ ആഹ്ളാദവും രസമേളവും ഉല്ലാസവും .. ദീപാവലിയുടെ ആഘോഷം .. സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ജൽസയിലെത്തുന്ന പ്രകാശത്തിന്റെയും തെളിച്ചത്തിന്റെയും രാത്രി…. പ്രതീക്ഷയുടെയും സമൃദ്ധിയുടെയും വെളിച്ചം.”
നിശബ്ദമായ ആഘോഷങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ട് താരം കൂട്ടിച്ചേർത്തു, “ദീപാവലി രാത്രി കാതടപ്പിക്കുന്ന നിശബ്ദതയായിരുന്നു. പടക്കം പൊട്ടിക്കുന്നതിന്റെയോ ആഘോഷാരാവങ്ങളോ തീരെ കേട്ടതേയില്ല, ഒരുപക്ഷേ ഗവൺമെന്റ് അതിനെതിരെ വിധിയെഴുതിയേക്കാം. ഒരു ഭയാനകമായ നിശബ്ദത… മുറി നിറയെ കുടുംബവും ഓരോരുത്തരും അവരവരുടെ മൊബൈലുകളുടെ ലോകത്ത്… ഇതാണ് ദ്രുതഗതിയിലുള്ള ആശയവിനിമയം നമ്മോട് ചെയ്തത്…,” ബച്ചൻ കുറിക്കുന്നു.
“ഈ ശുഭദിനത്തിൽ ആശംസകൾ അയച്ച നിരവധി പേർക്ക്, എന്റെ നന്ദിയും കൃപയും. എല്ലാവരോടും വ്യക്തിപരമായി പ്രതികരിക്കുന്നത് അസാധ്യമാണ്, അതിനാൽ ദയവായി ഇത് എന്റെ നന്ദിപ്രകടനമായി എടുക്കുക.”