ഇന്ത്യൻ സിനിമയിൽ പകരക്കാരനില്ലാത്ത പ്രതിഭയാണ് അമിതാഭ് ബച്ചൻ. ജീവിതത്തിലെ 50 വർഷങ്ങൾ ഇന്ത്യൻ സിനിമയ്ക്കു വേണ്ടി സമർപ്പിച്ച ബച്ചൻ ബോളിവുഡിന് സ്വന്തം ബിഗ് ബിയാണ്. അഞ്ചു പതിറ്റാണ്ടു കൊണ്ട് അമിതാഭ് ബച്ചൻ നടന്നു കയറിയത് ഇന്ത്യൻ സിനിമാപ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ്.

കുറച്ചു വർഷങ്ങളായി ആരോഗ്യപ്രശ്നങ്ങൾ വേട്ടയാടുന്നുണ്ടെങ്കിലും കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ബിഗ് ബി. എന്നാൽ സിനിമയിൽ നിന്നും വിരമിക്കേണ്ട സമയമായി തുടങ്ങിയെന്ന് താൻ കരുതുന്നു എന്നാണ് ബിഗ് ബിയുടെ വാക്കുകൾ. തന്റെ ബ്ലോഗിലാണ് വിരമിക്കലിനെ കുറിച്ച് ബിഗ് ബി സംസാരിച്ചിരിക്കുന്നത്. “വിരമിക്കാൻ സമയമായി. തലയൊന്നു ചിന്തിക്കുന്നു, വിരലുകൾ മറ്റൊന്നും. ഇതൊരു സന്ദേശമാണ്,” ബിഗ് ബി കുറിക്കുന്നു.

ആലിയ ഭട്ട്, രൺബീർ കപൂർ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ‘ബ്രഹ്മാസ്ത്ര’ത്തിന്റെ ചിത്രീകരണത്തിനായി മനാലിയിലാണ് അമിതാഭ് ബച്ചൻ ഇപ്പോൾ ഉള്ളത്. ‘കോൻ ബനേഗ കോർപതി’യുടെ ചിത്രീകരണം പൂർത്തിയാക്കിയാണ് ‘ബ്രഹ്മാസ്ത്ര’യുടെ ലൊക്കേഷനിൽ അദ്ദേഹമെത്തിയിരിക്കുന്നത്. ബോളിവുഡിനു പുറമെ കന്നട, മറാത്തി തുടങ്ങിയ ഭാഷകളിലുമായി ഏഴോളം ചിത്രങ്ങളാണ് ബിഗ് ബിയുടേതായി ഇനി റിലീസിനെത്താൻ ഉള്ളത്.

അനാരോഗ്യം മൂലം, ഞായറാഴ്ചകളിൽ മുംബൈ ജുഹൂവിലെ വീടിനു മുന്നിൽ ആരാധകരെ അഭിവാദ്യം ചെയ്യുന്ന പതിവും മുടങ്ങിയിരുന്നു അടുത്തിടെ. ഞായറാഴ്ചകളിൽ വൈകുന്നേരം ജൽസയുടെ വലിയ ഗേറ്റ് തുറന്നിട്ട് ബിഗ് ബി, തന്നെയൊരു നോക്കു കാണാനായി എത്തുന്ന ആരാധകർക്ക് മുന്നിലെത്തും. കഴിഞ്ഞ 37 വർഷത്തോളമായി ജൽസയിലെ പതിവു തെറ്റാത്തൊരു കാഴ്ചയാണ് അത്. എന്നാൽ അനാരോഗ്യം മൂലം ആരാധകർക്കു മുന്നിലെത്താൻ പറ്റാത്തതിൽ ആരാധകരോട് ക്ഷമ ചോദിച്ചു കൊണ്ടുള്ള ബിഗ് ബിയുടെ ട്വീറ്റും ശ്രദ്ധ നേടിയിരുന്നു.

Read more: ജീവൻ പോകാതിരുന്നത് ബാൽ താക്കറെ ഉണ്ടായിരുന്നതു കൊണ്ട്: അമിതാഭ് ബച്ചൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook