/indian-express-malayalam/media/media_files/uploads/2018/10/amitabh-bachchan.jpg)
ഒരു റെയിൽവേ സ്റ്റേഷനിലേക്കുള്ള തന്റെ ആദ്യ സന്ദർശനത്തെക്കുറിച്ച് ഓർക്കുകയാണ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ. "എനിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് ഞാനാദ്യമായി എന്റെ രക്ഷിതാക്കൾക്കൊപ്പം ഒരു റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുന്നത്. എന്റെ മുത്തച്ഛനെ കണ്ടു തിരിച്ചുവരുമ്പോൾ, അമ്മ എന്നെ അച്ഛന്റെ അടുത്തേൽപ്പിച്ച് ബിസ്കറ്റ് വാങ്ങിക്കാൻ പോയി. എന്റെ ശ്രദ്ധ മുഴുവൻ സ്റ്റേഷനിലേക്ക് വരികയും പോവുകയും ചെയ്യുന്ന ട്രെയിനുകളിലാണ്. അതിനിടയിൽ അച്ഛന്റെ കൈവിട്ട് നടന്ന് റെയിൽവേ സ്റ്റേഷനിലെ പാലത്തിൽ കയറിയതൊന്നും ഞാൻ അറിഞ്ഞതേയില്ല. പാലത്തിൽ നിന്നും ഏന്തിവലിഞ്ഞ് ട്രെയിനുകൾ പോകുന്നതും നോക്കിയിരിക്കുകയായിരുന്നു ഞാൻ,"സെൻട്രൽ റെയിൽവേയ്ക്ക് വേണ്ടി ചിത്രീകരിച്ച വീഡിയോയിൽ അമിതാഭ് ബച്ചൻ കുട്ടിക്കാലത്തെ ഒരു സംഭവം ഓർത്തെടുക്കുകയാണ്.
"അച്ഛൻ കരുതിയത് ഞാൻ ടിക്കറ്റ് കൗണ്ടറിലേക്ക് പോയി എന്നാണ്. എന്നെ കണ്ടോ എന്ന് അന്വേഷിക്കാനായി അദ്ദേഹം അമ്മയ്ക്ക് സമീപത്തേക്ക് ചെന്നു. അദ്ദേഹത്തിന്റെ ചോദ്യം കേട്ട് അമ്മ ഞെട്ടി. ഭയന്നുവിറച്ച് അവർ രണ്ടുപേരും കൂടി എന്നെ തിരയാൻ തുടങ്ങി. 15 മിനിറ്റോളം അവർ പരിഭ്രാന്തരായി ആ സ്റ്റേഷനിൽ എന്നെ തിരഞ്ഞു നടന്നു. ഒടുവിൽ പാലത്തിനു മുകളിൽ ഒരു രണ്ടുവയസ്സുകാരൻ നിൽക്കുന്നു എന്ന് ആരോ പറഞ്ഞു കേട്ട് അവർ എന്നെ കണ്ടെത്തുകയായിരുന്നു," ബച്ചൻ കൂട്ടിച്ചേർക്കുന്നു.
"ട്രെയിനും നോക്കി സ്ഥലകാലം മറന്നു നിൽക്കുന്ന എന്നെ കണ്ടപ്പോഴാണ് അവർക്ക് സമാധാനമായത്. എനിക്ക് റെയിൽവേയുമായുള്ള അടുപ്പം വളരെ ചെറുപ്പത്തിലെ തുടങ്ങിയതാണ്," ചിരിയോടെ ബച്ചൻ പറയുന്നു.
ഇപ്പോഴും ട്രെയിനുകളോട് തനിക്ക് പ്രത്യേകമായൊരിഷ്ടമുണ്ടെന്നും ബിഗ് ബി കൂട്ടിച്ചേർത്തു. "വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ട്രെയിനുകൾ കടന്നുപോവുന്നത് കണ്ടിരിക്കാൻ ഞാനിഷ്ടപ്പെടുന്നു. എന്റെ കരിയറിന്റെ തുടക്കത്തിൽ മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ നിരവധി തവണ ഞാൻ സഞ്ചരിച്ചിട്ടുണ്ട്, എന്നാൽ ഇപ്പോൾ അതു സാധ്യമല്ല," ബച്ചൻ ഓർത്തെടുക്കുന്നു.
"പക്ഷേ ഞങ്ങളുടെ സിനിമാ ഇൻഡസ്ട്രിയിലെ നിരവധി സാങ്കേതിക വിദഗ്‌ധരും, ആർട്ടിസ്റ്റുകളും ഇപ്പോഴും നിത്യേനയെന്ന പോലെ ട്രെയിൻ ഗതാഗതത്തെ ആശ്രയിക്കുന്നുണ്ട്. അതുകൊണ്ടാണ് എല്ലാ ദിവസവും ഞങ്ങൾക്ക് വൈകൽ കൂടാതെ ഷൂട്ടിങ് കൃത്യസമയത്ത് തുടങ്ങാൻ സാധിക്കുന്നത്," ബിഗ് ബി തുടരുന്നു. 'ഷോലെ'യിലെ ഫൈറ്റ് സീനും 'കൂലി'യിലെ ഷൂട്ടിങ്ങുമൊക്കെ റെയിൽവേ പ്ലാറ്റ്‌ഫോമുകളിലായിരുന്നു എന്ന കാര്യവും ബിഗ് ബി ഓർത്തെടുക്കുന്നു.
റെയിൽവേ പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്ന് തന്റെ ആരാധകരോട് ആവശ്യപ്പെടാനും ബിഗ് ബി മറന്നില്ല. "എന്നെ പോലെ തന്നെ നിങ്ങൾക്കും റെയിൽവേയുമായി ബന്ധപ്പെട്ട അനേകം ഓർമ്മകൾ ഉണ്ടാകും, ആ ഓർമ്മകൾ നമ്മൾ ഹൃദയത്തിൽ ഭദ്രമായി സൂക്ഷിക്കുന്നതുപോലെ നമ്മൾ നമ്മുടെ റെയിൽവേ പ്രോപ്പർട്ടികളും സുരക്ഷിതമായും വൃത്തിയായും സൂക്ഷിക്കണം. അതു നമ്മുടെ കടമയാണ്. ഓർക്കുക, റെയിൽവേ നമ്മുടേതാണ്, ഒന്നിച്ചു നിന്ന് നമ്മൾ റെയിൽവേയെ കാത്തുസൂക്ഷിക്കണം. "
"യാത്രയ്ക്കിടയിൽ ട്രെയിനിലോ പ്ലാറ്റ്‌ഫോമിലോ തുപ്പരുത്, അതുപോലെ റെയിൽവേ അനുശാസിക്കുന്ന എല്ലാവിധ സുരക്ഷാനിർദ്ദേശങ്ങളും പാലിക്കുകയും ചെയ്യണമെന്ന് ഞാൻ നിങ്ങളോട്​ അഭ്യർത്ഥിക്കുകയാണ്," ബച്ചൻ കൂട്ടിച്ചേർക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.