മുംബൈ: കോവിഡ് വ്യാപനത്തെത്തുടർന്ന് സ്വീകരിക്കുന്ന നിയന്ത്രണങ്ങൾ പ്രായമായവർക്ക് ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് തടസ്സമാവുമോ എന്ന കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 65 വയസ്സിനു മുകളിലുള്ള അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും സിനിമാസീരിയൽ ഷൂട്ടിംഗിൽ നിന്നും വിലക്കേർപ്പെടുത്തി കൊണ്ടുള്ള മഹാരാഷ്ട്ര സർക്കാറിന്റെ ഉത്തരവ് ബോംബെ ഹൈക്കോടതി അടുത്തിടെ റദ്ദാക്കിയിരുന്നു.ഈ ഉത്തരവ് സംബന്ധിച്ചാണ് അമിതാഭ് ബച്ചൻ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
മഹാരാഷ്ട്ര സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതോടെ അറുപത്തിയഞ്ചു വയസ്സിനു മുകളിലുള്ള അഭിനേതാക്കൾക്കും മറ്റു അനുബന്ധ ജോലിക്കാർക്കും ഇപ്പോൾ സിനിമാ ചിത്രീകരണത്തിൽ പങ്കെടുക്കാം. 65 വയസ്സിന് മുകളിലുള്ള അഭിനേതാക്കളെ ജോലി ചെയ്യാൻ അനുവദിക്കാത്തതിനു പിന്നിലെ യുക്തി വിശദീകരിക്കണമെന്ന് ബോംബെ ഹൈക്കോടതി നേരത്തെ മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
നടൻ പ്രമോദ് പാണ്ഡെ ജൂലൈ 21 ന് സമർപ്പിച്ച ഹർജിയും ഇന്ത്യൻ മോഷൻ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (ഇഎംപിപിഎ) സമർപ്പിച്ച ഹർജിയുമാണ് കോടതി പരിഗണിച്ചത്. ഹൈക്കോടതി പരിഗണിച്ചത്. സംസ്ഥാന സർക്കാർ ഉത്തരവ് വിവേചന പൂർണമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
നിയമപരമായ നടപടിക്രമങ്ങൾ പ്രാബല്യത്തിൽ വരാൻ സമയമെടുക്കുന്നതിനാൽ സിനിമാ മേഖലയിലെ മുതിർന്ന ജീവനക്കാർ ഇപ്പോൾ വിട്ടുനിൽക്കേണ്ടി വരുമെന്ന് ആശങ്കപ്പെടുന്നതായി ബച്ചൻ പറഞ്ഞു.
“തീർച്ചയായും മനസ്സിനെ വിഷമിപ്പിക്കുന്ന മറ്റു പല ഉത്കണ്ഠകളും ഉണ്ട്. 65 വയസും അതിൽ കൂടുതലുമുള്ളവർക്ക് ജോലിക്ക് പോകാൻ കഴിയില്ലെന്ന് സർക്കാർ അധികാരികൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്… എന്നെപ്പോലുള്ളവർക്കും എന്റെ തൊഴിലിനും എന്റെ 78 വയസ്സിനും ഇത് തിരിച്ചുപോവാൻ നിർബന്ധിക്കുന്ന കാര്യങ്ങളാണ്! ” ബച്ചൻ ശനിയാഴ്ച ട്വീറ്റ് ചെയ്തു.
മഹാരാഷ്ട്ര സർക്കാർ ഉത്തരവനുസരിച്ച് ചലചിത്രങ്ങൾ, ടെലിവിഷൻ, ഒടിടി പ്രോഗ്രാമുകളുടെ ഷൂട്ടിംഗ്, പ്രീ-പ്രൊഡക്ഷൻ, പോസ്റ്റ്-പ്രൊഡക്ഷൻ ഉൾപ്പെടെയുള്ള ചില പ്രവർത്തനങ്ങൾ ക്രമേണ പുനരാരംഭിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ 65 വയസ്സിന് മുകളിലുള്ള അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ, മറ്റ് ജീവനക്കാർ തുടങ്ങിയവരെ ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നത് ഉത്തരവിൽ വിലക്കുകയും ചെയ്തിരുന്നു. ഇതിനെതിരേയാണ് 70കാരനായ പ്രമോദ് പാണ്ഡെ കോടതിയെ സമീപിച്ചത്.
Read More: കോവിഡ് ഭേദമായി, അഭിഷേക് ബച്ചൻ ആശുപത്രി വിട്ടു
65 വയസ്സിനു മുകളിലുള്ളവർക്ക് കൊവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലുള്ളതിനാലാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ പൂർണിമ കണ്ഡാരിയ ഹൈക്കോടതിയിൽ വാദിച്ചിരുന്നു.
എന്നാൽ ഈ വിലക്ക് കുടുംബത്തിലെ ഏക വരുമാന ദാതാക്കളായ അഭിനേതാക്കളെയും/അണിയറപ്രവർത്തകരെയും സംബന്ധിച്ച് ഏറെ വെല്ലുവിളിയായിരുന്നു. ഒരു മുതിർന്ന പൗരൻ തന്റെ കട തുറക്കുന്നതിലും ദിവസം മുഴുവൻ കടയിൽ ഇരുന്ന് കച്ചവടം ചെയ്യുന്നതിലും വിലക്ക് ഏർപ്പെടുത്താതെ, 65 വയസ്സിന് മുകളിലുള്ള കലാകാരന്മാർ ജോലി ചെയ്യുന്നത് മാത്രം വിലക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സർക്കാരിനോട് ചോദ്യമുന്നയിച്ചിരിന്നു.
നിയമ നടപടികൾ നീണ്ട് പോയാൽ എന്ത് സംഭവിക്കും എന്നും ഇത് സംബന്ധിച്ച് ബച്ചൻ ആശങ്ക പ്രകടിപ്പിച്ചു.”ഔദ്യോഗികമായി നാമെല്ലാവരുമായി ബന്ധപ്പെട്ടിരിക്കുന്ന സിനിമാ സംഘടന കോടതികളിൽ ഇതിനെ എതിർത്തിരുന്നു. ബഹുമാനപ്പെട്ട ഹൈക്കോടതി പ്രായപരിധി നിയന്ത്രണങ്ങൾ അനുവദിച്ചിട്ടില്ലെന്നും അതിനാൽ 50 വയസ്സിനു മുകളിലുള്ളവർക്ക് ജോലി ചെയ്യാൻ സുരക്ഷിതമാണെന്നും ഞാൻ വിശ്വസിക്കുന്നു .. എന്നാൽ കോടതികളുടെ നിയമപരമായ നടപടിക്രമങ്ങൾക്ക് സമയമെടുക്കും, അതിൽ നിന്ന് എന്ത് പുറത്തുവരുമെന്ന് ഞാൻ അത്ഭുതപ്പെടുന്നു, ”ബച്ചൻ പറഞ്ഞു.
Read More: കോവിഡ് ഭേദമായി, അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു
തനിക്ക് ഇതര കരിയർ ഓപ്ഷനുകൾ നിർദ്ദേശിക്കാൻ ബച്ചൻ തന്റെ ആരാധകരോടും അനുയായികളോടും ആവശ്യപ്പെടുകയും ചെയ്തു. “ എല്ലാം കോടതികളിലേക്ക് പോവുകയാണെങ്കിൽ, നിർദ്ദേശിക്കാൻ കഴിയുന്ന ഇതര ജോലി ജോലികൾ എനിക്കുണ്ടോ?” അദ്ദേഹം ചോദിച്ചു.
ബച്ചനും കുടുംബാംഗങ്ങൾക്കും ജൂലൈയിൽ കോവിഡ് -19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. പബച്ചൻ, മകനും നടനുമായ അഭിഷേക് ബച്ചൻ, നടിയും മരുമകളുമായ ഐശ്വര്യ റായ് ബച്ചൻ, കൊച്ചുമകൾ ആരാധ്യ ബച്ചൻ എന്നിവർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. ഇവരെ മുംബൈ നാനാവതി ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോവിഡ് പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ച് എല്ലാവരും രോഗമുക്തി നേടുകയും ചെയ്തിരുന്നു.
ശനിയാഴ്ചയാണ് അഭിഷേക് നെഗറ്റീവ് ഫലം ലഭിച്ച് ആശുപത്രി വിട്ടത്. ഐശ്വര്യ (46), ആരാധ്യ (എട്ട്) എന്നിവരെ ജൂലൈ 17 ന് ആശുപത്രിയിലേക്ക് മാറ്റി 10 ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ വാരം അമിതാഭ് ബച്ചനും രോഗമുക്തി നേടിയിരുന്നു.