/indian-express-malayalam/media/media_files/uploads/2017/04/mohanlal-amitabh.jpg)
മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ രണ്ടാമൂഴത്തിൽ ബോളിവുഡിന്റെ ബിഗ് ബി അഭിനയിക്കില്ല. അമിതാഭ് ബച്ചൻ ചിത്രത്തിൽ അഭിനയിക്കുമെന്നുളള വാത്തകളെ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നിഷേധിച്ചു. വി.എ.ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന രണ്ടാമൂഴത്തിൽ അമിതാഭ് ബച്ചൻ ഒരു വിധത്തിലും ഭാഗമാവില്ല. അദ്ദേഹം ചിത്രത്തിൽ അഭിനയിക്കുന്നതായുളള വാർത്തകൾ തെറ്റാണെന്നും അതൊക്കെ നിഷേധിക്കുന്നതായും ബച്ചന്റെ വക്താവ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
എം.ടി.വാസുദേവൻ നായരുടെ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന രണ്ടാമൂഴത്തിൽ അമിതാഭ് ബച്ചൻ അഭിനയിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. നോവലിലെ ശക്തമായ കഥാപാത്രങ്ങളിലൊന്നായ ഭീഷ്മരായിട്ടാണ് ബച്ചൻ ചിത്രത്തിൽ എത്തുകയെന്നും ശ്രീകുമാർ വ്യക്തമാക്കിയിരുന്നു.
രണ്ടാമൂഴത്തിൽ അമിതാഭ് ബച്ചൻ ഭാഗമായിരുന്നെങ്കിൽ ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാകുമായിരുന്നു ഇത്.. 2010ൽ മേജർ രവി സംവിധാനം ചെയ്‌ത കാണ്ഡഹാർ എന്ന ചിത്രത്തിൽ മോഹൻലാലും ബച്ചനും ഒന്നിച്ചിരുന്നു. രാം ഗോപാൽ വർമ്മ ഒരുക്കിയ ആഗ് എന്ന ചിത്രത്തിലും ഈ രണ്ട് പ്രതിഭകൾ ഒന്നിച്ചഭിനയിച്ചിരുന്നു.
മോഹൻലാലാണ് രണ്ടാമൂഴത്തിലെ പ്രധാന കഥാപാത്രമായ ഭീമനായെത്തുന്നത്. ചിത്രത്തിന്റെ താരനിർണയം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ താരങ്ങളാണ് അണിനിരക്കുകയെന്നാണ് സിനിമാലോകത്ത് നിന്നുളള വിവരം. രണ്ട് ഭാഗങ്ങളായാണ് രണ്ടാമൂഴം ഇറങ്ങുന്നത്. 600 കോടി മുതൽമുടക്കിലാണ് ചിത്രം നിർമ്മിക്കുന്നത്. പുലിമുരുകനിലെ ആക്ഷൻ രംഗങ്ങളൊരുക്കിയ പീറ്റർ ഹെയ്നാണ് ചിത്രത്തിലെ സംഘട്ടനങ്ങൾ ഒരുക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.