മോഹൻലാലും ബോളിവുഡിന്റെ ബിഗ്ബിയും വീണ്ടും ഒന്നിക്കുന്നു. എം.ടി. വാസുദേവൻ നായരുടെ നോവലിനെ ആസ്പദമാക്കിയൊരുക്കുന്ന രണ്ടാമൂഴത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. മലയാളത്തിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് രണ്ടാമൂഴം.
മഹാഭാരതത്തിലെ ശക്തമായ കഥാപാത്രങ്ങളിലൊന്നായ ഭീഷ്മരായിട്ടായിരിക്കും ബിഗ് ബി രണ്ടാമൂഴത്തിലെത്തുക. അമിതാഭ് ബച്ചനാണ് ഭീഷ്മരായെത്തുന്നതെന്ന് ചിത്രത്തിന്റെ സംവിധായകൻ വി.എ. ശ്രീകുമാർ മോനോൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. എന്നാൽ ഐശ്വര്യ റായ് ചിത്രത്തിന്റെ ഭാഗമാവുന്നില്ലെന്നും സംവിധായകൻ വ്യക്തമാക്കി.
നടൻ മോഹൻലാലാണ് രണ്ടാമൂഴത്തിലെ പ്രധാന കഥാപാത്രമായ ഭീമനായെത്തുന്നത്. ചിത്രത്തിന്റെ താരനിർണയം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ താരങ്ങളാണ് അണിനിരക്കുകയെന്നാണ് സിനിമാലോകത്ത് നിന്നുളള വിവരം.
അമിതാഭ് ബച്ചനും മോഹൻലാലും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കും രണ്ടാമൂഴം. 2010ൽ മേജർ രവി സംവിധാനം ചെയ്ത കാണ്ഡഹാർ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചിരുന്നു. രാം ഗോപാൽ വർമ്മ ഒരുക്കിയ ആഗ് എന്ന ചിത്രത്തിലും ഈ രണ്ട് പ്രതിഭകൾ ഒന്നിച്ചഭിനയിച്ചിരുന്നു. അതിന് ശേഷം വലിയൊരിടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായിരിക്കും രണ്ടാമൂഴം.
രണ്ട് ഭാഗങ്ങളായാണ് രണ്ടാമൂഴം ഇറങ്ങുന്നത്. 600 കോടി മുതൽമുടക്കിലാണ് ചിത്രം നിർമ്മിക്കുന്നത്.
പുലിമുരുകനിലെ ആക്ഷൻ രംഗങ്ങളൊരുക്കി നമ്മുടെ മനം കവർന്ന പീറ്റർ ഹെയ്നാണ് ചിത്രത്തിലെ സംഘട്ടനങ്ങൾ ഒരുക്കുന്നത്. യുദ്ധ രംഗങ്ങൾ ഒരുപാടുളള ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ തീപാറുമെന്നുറപ്പാണ്.
മേജർ രവി ഒരുക്കിയ 1971 ബിയോണ്ട് ബോർഡേഴ്സാണ് മോഹൻലാലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ബി. ഉണ്ണികൃഷണൻ സംവിധാനം ചെയ്യുന്ന വില്ലനാണ് പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മോഹൻലാൽ ചിത്രം. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായികയായെത്തുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ ഒടിയനിലും മോഹൻലാലാണ് നായകൻ. മഞ്ജുവാര്യരാണ് ചിത്രത്തിലെ നായികയായെത്തുന്നത്.
സർക്കാർ 3 യാണ് അമിതാഭ് ബച്ചന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ ട്രെയിലർ വൻ ആവേശമാണ് ആരാധകരിൽ സൃഷ്ടിച്ചിരിക്കുന്നത്.