ഒരു നോക്ക് തന്നെ കാണാൻ കാത്തിരിക്കുന്ന ആരാധകരുടെ മുഖം വാടാൻ അമിതാഭ് ബച്ചൻ അനുവദിക്കാറില്ല. ബച്ചനെ കാണാൻ എത്തിയവർ പുഞ്ചിരിച്ച മുഖവുമായിട്ടായിരിക്കും മടങ്ങുക. അടുത്തിടെ തന്നെ കാണാനായി എത്തിയ അംഗവൈകല്യമുളള ആരാധകന്റെ മനസ് നിറച്ചാണ് ബിഗ് ബി മടക്കി അയച്ചത്.
തങ്സ് ഓഫ് ഹിന്ദുസ്ഥാന്റെ ഷൂട്ടിങ് തീർന്ന് ബച്ചൻ മുംബൈയിൽ എത്തിയതായിരുന്നു ബച്ചൻ. മുംബൈയിലുളള എല്ലാ ഞായറാഴ്ചയും ബച്ചൻ ആരാധകരെ കാണാറുണ്ട്. ഇതറിയാവുന്ന ആരാധകർ രാവിലെ മുതൽ തന്നെ ബച്ചനെ കാണാനായി വീടിനു മുന്നിൽ എത്താറുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ചയും ബിഗ് ബിയെ കാണാനായി ആരാധകരുടെ വലിയൊരു കൂട്ടം ബച്ചന്റെ വസതിയായ ജൽസയിലെത്തി.
ആരാധകരെ കാണാനെത്തിയ ബിഗ് ബിയുടെ കണ്ണുടക്കിയത് അംഗവൈകല്യമുളള യുവാവിനു നേർക്കായിരുന്നു. യുവാവിനെ കണ്ടുമുട്ടിയതിനെക്കുറിച്ച് ബച്ചൻ തന്റെ ബ്ലോഗിൽ എഴുതിയത് ഇങ്ങനെ.
”ഞായറാഴ്ച സ്‌പെഷലാണ്. പക്ഷേ ഇന്ന് അത് കുറച്ചുകൂടി സ്‌പെഷലായി. എന്നെ കാണാനെത്തിയ ജനക്കൂട്ടത്തിന്റെ നടുവിലാണ് ഞാൻ അവനെ കണ്ടത്. അംഗകൈവല്യം ബാധിച്ച ഒരു യുവാവ്. അവനെ ഞാൻ അടുത്തേക്ക് വിളിച്ചു. അപ്പോൾ അവന്റെ മുഖത്ത് വിരിഞ്ഞ സന്തോഷത്തിന് ദൃക്സാക്ഷിയായത് എന്നെ സന്തുഷ്ടനാക്കി. എന്താണ് നിനക്ക് വേണ്ടതെന്ന് ഞാൻ ചോദിച്ചു, അവൻ ധരിച്ചിരുന്ന സ്വന്തം വസ്ത്രത്തിൽ കൈതൊട്ട് കാണിച്ചു. അവന് ഞാൻ ഒരു കെട്ട് നിറയെ വസ്ത്രങ്ങൾ നൽകി. എനിക്ക് നന്ദി പറയാൻ അവൻ കൈകൾ എന്റെ നേർക്ക് നീട്ടി. അവനെ വീട്ടിൽ കൊണ്ടുചെന്നു വിടാൻ എന്റെ സഹായികളോട് ഞാൻ പറഞ്ഞു. തിരികെ മടങ്ങിയെത്തിയ അവർ എന്നോട് അവന് വീടില്ലെന്നും വഴിയോരത്താണ് കിടന്നുറങ്ങുന്നതെന്നും പറഞ്ഞു”.



അമിതാഭ് ബച്ചന്റെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ് 102 നോട്ട് ഔട്ട്. കോമഡിയ്ക്കു പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ 102 വയസ്സുള്ള കഥാപാത്രമായാണ് എത്തുന്നത്. ബച്ചന്‍റെ മകനായി വേഷമിടുന്നത് ഋഷി കപൂര്‍ ആണ്. 27 വര്‍ഷത്തിനു ശേഷമാണ് ഇരുവരും സ്‌ക്രീനില്‍ ഒരുമിച്ച് എത്തുന്നത്. അച്ഛനും മകനും തമ്മിലുളള ആത്മ ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം.