ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചന്റെയും ജയബച്ചന്റെയും കൊച്ചുമകളാണ് നവ്യ നവേലി നന്ദ, ശ്വേത ബച്ചന്റെയും നിഖിൽ നന്ദയുടെയും മകൾ. ന്യൂയോർക്കിലെ കോളേജിലെ ബിരുദദാന ചടങ്ങിൽ നവ്യ പങ്കെടുക്കാൻ ഇരിക്കെയാണ് കൊറോണ ലോകമാകെ വ്യാപിക്കുന്നതും രാജ്യത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുന്നതും. അതോടെ ബിരുദദാന ചടങ്ങെന്ന നവ്യയുടെ സ്വപ്നം ഇരുട്ടിലായി. എന്നാൽ ലോക്ക്‌ഡൗൺ കാലത്തും ആ സന്തോഷം വീട്ടുകാർക്ക് ഒപ്പം ആഘോഷിക്കുകയാണ് നവ്യ ചെയ്തത്. ഗ്രാജുവേഷൻ തൊപ്പിയണിഞ്ഞും ചിത്രത്തിന് പോസ് ചെയ്തുമൊക്കെ വീട്ടുകാർക്കൊപ്പം ആ ദിനം നവ്യ ആഘോഷമാക്കി.

നവ്യയുടെ വിശേഷങ്ങൾ അമിതാഭ് ബച്ചൻ ആരാധകർക്കായി ട്വിറ്ററിൽ പങ്കുവച്ചു. “ഇതെന്റെ കൊച്ചുമകൾ നവ്യ. ഗ്രാജുവേഷൻ ഡേ, ന്യൂയോർക്കിലെ കോളേജിൽ നിന്നും ബിരുദം നേടിയിരിക്കുന്നു. ബിരുദദാന ചടങ്ങും യാത്രയും കൊറോണ കാരണം നഷ്ടമായി. പക്ഷേ അവൾ ഗൗണും തൊപ്പിയും അണിയാൻ ആഗ്രഹിച്ചു, സ്റ്റാഫ് അവൾക്കായി ഗൗണും തൊപ്പിയും തുന്നി, ഗ്രാജുവേഷൻ ദിനം വീട്ടിൽ ആഘോഷിച്ചു. എത്ര പോസിറ്റീവ് ആയ മനോഭാവം,” ചെറുമകളെ അഭിനന്ദിച്ചുകൊണ്ട് ബച്ചൻ കുറിച്ചതിങ്ങനെ.

ശ്വേത ബച്ചനും മകളുടെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. “നവ്യ ഇന്ന് കോളേജ് പഠനം പൂർത്തിയാക്കി. ഈ വർഷം ബിരുദം നേടിയ എല്ലാവരെയും പോലെ നവ്യയ്ക്കും അവളുടെ ബിരുദദാന ചടങ്ങ് നഷ്ടമായി. എങ്കിൽ ആ ചടങ്ങ് വീട്ടിൽ പുനരാവിഷ്കരിക്കാം എന്നു ഞങ്ങൾ തീരുമാനിച്ചു. ഒരു ചാർട്ട് പേപ്പർ തൊപ്പിയും കറുത്ത ഗൗണും ഞങ്ങൾ തുന്നിപ്പിച്ചെടുത്തു. അഭിനന്ദനങ്ങൾ കുഞ്ഞേ, നിന്നെ കുറിച്ച് ഞാനഭിമാനിക്കുന്നു. സധൈര്യം മുന്നോട്ട് യാത്ര തുടരുക, ലോകം കീഴടക്കുക.”

ശ്വേതയുടെ സുഹൃത്തുക്കളും ബച്ചന്റെ മറ്റു കുടുംബാംഗങ്ങളുമെല്ലാം നവ്യയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. അമിതാഭ് ബച്ചന്റെ മൂത്ത കൊച്ചുമകളാണ് നവ്യ. നവ്യയ്ക്ക് അഗസ്ത്യ എന്നൊരു സഹോദരൻ കൂടിയുണ്ട്. കൊച്ചുമക്കളുടെ കൂട്ടത്തിൽ ഏറ്റവും ഇളയ ആൾ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകളായ ആരാധ്യയാണ്.

Read more: നിങ്ങളെന്റെ അച്ഛന്റെ അച്ഛനല്ലേ, എന്നിട്ടെന്താ ഞങ്ങളുടെ വീട്ടില്‍ താമസിക്കാത്തത്?: അമിതാഭ് ബച്ചനെക്കുറിച്ചുള്ള ഷാരൂഖ് ഖാന്റെ മകന്റെ സംശയങ്ങള്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook