തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ രോഗബാധിതനായി. ജോധ്പുരില്‍ ചിത്രീകരണം നടക്കവെയാണ് ബിഗ് ബിയ്ക്ക് തളര്‍ച്ച അനുഭവപ്പെട്ടത്. ഉടനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയില്‍ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം നാളെ ജോധ്പൂരില്‍ എത്തും.

അതേസമയം, താനിപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് ബച്ചന്‍ അറിയിച്ചു. തന്നെ ചികിത്സിച്ച് ആരോഗ്യം വീണ്ടെടുക്കാനും ശരീരം വീണ്ടും സജ്ജമാക്കാനുമായി ഡോക്ടര്‍മാര്‍ എത്തുന്നുണ്ട്. അതുവരെ താന്‍ വിശ്രമിക്കുകയാണെന്നും മറ്റുകാര്യങ്ങള്‍ വഴിയേ അറിയിക്കാമെന്നും ബച്ചന്‍ തന്റെ ബ്ലോഗില്‍ കുറിച്ചു.

കഴിഞ്ഞ ദിവസത്തെ ചിത്രീകരണം പുലര്‍ച്ചെ അഞ്ചു മണിക്കാണ് അവസാനിച്ചതെന്നും നേരം പുലരുംവരെയുള്ള നീണ്ട ചിത്രീകരണം മൂലമാണ് താന്‍ അവശനായതെന്നും സൂചിപ്പിക്കും വിധത്തിലായിരുന്നു ബച്ചന്റ ബ്ലോഗ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ പരിക്ക് കാരണം ഇപ്പോഴും കഴുത്തിനും തോളിനും വേദനയുള്ളതായും ബച്ചന്‍ അറിയിച്ചു.

ചില മനുഷ്യര്‍ക്ക് ജീവിക്കാനായി കഠിനമായി ജോലി ചെയ്യേണ്ടി വരും. അത് കുറച്ച് ബുദ്ധിമുട്ടാണ്. എന്നാല്‍, കഠിനാധ്വാനം കൂടാതെ ആര്‍ക്കും ഒന്നും നേടാനാകില്ല. അതില്‍ പോരാട്ടവും നിരാശയും വേദനയും വിയര്‍പ്പും കണ്ണീരുമെല്ലാമുണ്ട്-ബച്ചന്‍ കുറിച്ചു.

ഉറക്കമൊഴിക്കൽ ബിഗ് ബിയുടെ ജീവിതത്തിലെ പുതിയ കാര്യമല്ല. ഇക്കഴിഞ്ഞ ജനുവരിയിൽ ഒരു വിവാഹ സത്കാരത്തിൽ പങ്കെടുത്ത ബച്ചൻ അവിടെ നിന്ന് നേരേ പോയത് ഒരു ഗാനത്തിന്റെ റെക്കോർഡിങിനായിരുന്നു. പുലർച്ചെ നാലുമണിയോടെ റെക്കോർഡിങ് പൂർത്തിയാക്കിയ അദ്ദേഹം വീണ്ടും ഷൂട്ടിങ് സെറ്റിലെത്തുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ