മുംബൈ:കോവിഡ് ബാധിച്ച് മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ രോഗം ഭേദമായി ആശുപത്രി വിട്ടു. ഞായറാഴ്ചയാണ് താരത്തെ നാനാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. അമിതാഭ് ബച്ചന്റെ മകനും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാൽ അഭിഷേക് ഇതുവരെ രോഗമുക്തി നേടിയിട്ടില്ല.

“നന്ദിയോടെ പറയുന്നു, എന്റെ പിതാവിന് ഏറ്റവും പുതിയ കോവിഡ്-19 പരിശോധനയിൽ നെഗറ്റീവ് ലഭിക്കുകയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. അദ്ദേഹം ഇനി വീട്ടിൽ വിശ്രമിക്കും. നിങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും നന്ദി,” അഭിഷേക് ട്വീറ്റ് ചെയ്തു.

Read More: ‘ഇത് ശരിയല്ല,’ കോവിഡ് ചികിത്സയ്ക്കിടെ നെഗറ്റീവ് ഫലം ലഭിച്ചെന്ന വാർത്ത നിഷേധിച്ച് അമിതാഭ് ബച്ചൻ

“നിർഭാഗ്യവശാൽ എനിക്ക്, മറ്റ് ചില ആരോഗ്യ പ്രശ്നങ്ങൾ കൂടി ഉള്ളത് കാരണവും കോവിഡ് -19 പരിശോധനയിൽ പോസിറ്റീവ് ഫലം തന്നെ ലഭിക്കുകയും ചെയ്തതിനാൽ ആശുപത്രിയിൽ തുടരേണ്ടതുണ്ട്. വീണ്ടും, എന്റെ കുടുംബത്തിനായി നിങ്ങൾ തുടരുന്ന ആശംസകൾക്കും പ്രാർത്ഥനകൾക്കും നന്ദി. വളരെ വിനീതമായി കടപ്പെട്ടിരിക്കുന്നു. ഞാൻ ഇതിൽ നിന്ന് മോചിതനായി ആരോഗ്യത്തോടെ മടങ്ങിവരും! ഉറപ്പ്, ” അഭിഷേക് ട്വീറ്റ് ചെയ്തു.

അഭിഷേക് ട്വീറ്റ് ചെയ്ത് ഏതാനും മിനിറ്റുകൾക്ക് ശേഷം, അമിതാഭ് ബച്ചനും താൻ രോഗമുക്തി നേടിയ കാര്യം ട്വിറ്ററിൽ കുറിച്ചു. “ടി 3613 – എന്റെ കോവിഡ് പരിശോധന നടന്നു- ഡിസ്ചാർജ് ചെയ്തു. ഞാൻ വീട്ടിലേക്ക് മടങ്ങി. അവിടെ ക്വാറന്റൈൻ തുടരും. സർവ്വശക്തന്റെ കൃപ, മാതാപിതാക്കളുടെ അനുഗ്രഹം, അടുത്തുള്ളവരുടെയും പ്രിയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും പ്രാർത്ഥന.. നാനാവതിയിലെ മികച്ച പരിചരണം… ഇവയാണ് എനിക്ക് ഈ ദിവസം തന്നത്, ” ബച്ചൻ കുറിച്ചു.

കോവിഡ് പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിച്ചതിനെത്തുടർന്ന് ജൂലൈ 11 നാണ് അമിതാഭ് ബച്ചനെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകനും നടനുമായ അഭിഷേക് ബച്ചനും അന്ന് തന്നെ രോഗം സ്ഥിരീകരിച്ചു. ഇവർക്ക് പുറമെ ഐശ്വര്യ റായ് ബച്ചൻ, അഭിഷേകിന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യ ബച്ചൻ എന്നിവർക്കും കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചിരുന്നു. ജൂലൈ 12നാണ് ഐശ്വര്യക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചത്. ജൂലൈ 17 ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ജൂലൈ 27 ന് ഇരുവരെയും നാനാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു.

Read More: ഐശ്വര്യയെയും ആരാധ്യയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

രോഗം സ്ഥിരീകരിച്ച വാർത്ത അമിതാഭ് ബച്ചനായിരുന്ന ട്വിറ്ററിലൂടെ അറിയിച്ചത്. “എനിക്ക് കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചു .. ആശുപത്രിയിലേക്ക് മാറ്റി .. ആശുപത്രി വഴി ഈ വിവരം അധികൃതരെ അറിയിച്ചു .. കുടുംബാംഗങ്ങളും ജീവനക്കാരും പരിശോധനകൾക്ക് വിധേയമായി, ഫലങ്ങൾ കാത്തിരിക്കുന്നു.. കഴിഞ്ഞ 10 ദിവസമായി എന്നോട് വളരെ അടുത്ത് ഇടപഴകിയ എല്ലാവരും ദയവായി സ്വയം പരിശോധിക്കുക ,” എന്നായിരുന്നു ബച്ചന്റെ ട്വീറ്റ്.

ആശുപത്രിയിൽ കഴിയുമ്പോൾ അമിതാഭ് ബച്ചൻ തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പതിവായി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. തന്റെ കുടുംബത്തിന് ലഭിച്ച എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

സോണി ടിവിയിൽ കോൻ ബനേഗ ക്രോർപതിയുടെ പുതിയ സീസണിന് ആതിഥേയത്വം വഹിക്കുന്നത് അമിതാഭ് ബച്ചനാണ്. ബ്രഹ്മാസ്ത്ര, ചെഹ്‌രേ,ഝൂന്ദ് എന്നീ സിനിമകളും താരത്തിന്റേതായി പുറത്തുവരാനുണ്ട്.

Read More: Amitabh Bachchan tests negative for COVID-19, discharged from hospital

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook