ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചൻ ആദ്യമായി തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘ഉയർന്ത മനിതൻ’. ചിത്രത്തിലെ ബിഗ് ബിയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാർ. ബച്ചനൊപ്പം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന എസ്.ജെ.സൂര്യയും താരത്തിനൊപ്പമുള്ള ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. മുണ്ടും ഷർട്ടും തലക്കെട്ടും കുറിയുമെല്ലാമണിഞ്ഞ് ടിപ്പിക്കൽ തമിഴ് രീതിയിലാണ് ചിത്രത്തിൽ ബിഗ് ബി. ലൊക്കേഷൻ ചിത്രങ്ങൾ അമിതാഭ് ബച്ചനും തന്റെ ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്.

“ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള മുഹൂർത്തം,”എന്നാണ് ബച്ചനൊപ്പമുളള അഭിനയനിമിഷങ്ങളെ സൂര്യ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ചിത്രം അനൗൺസ് ചെയ്തപ്പോൾ തന്നെ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാൻ പോവുന്നതിന്റെ ആവേശം സൂര്യ പങ്കുവച്ചിരുന്നു. “സിനിമയിലേക്ക് ഒരു അസിസ്റ്റന്റ് ഡയറക്ടറായി വരുന്നതിനു മുൻപു തന്നെ ബച്ചൻ സാറിനൊപ്പം വർക്ക് ചെയ്യാൻ ഞാനാഗ്രഹിച്ചിട്ടുണ്ട്, എന്റെ സ്വപ്നം ഇപ്പോൾ സഫലമാവുകയാണ്. ഒരുപാട് സന്തോഷം തോന്നുന്നതിനൊപ്പം തന്നെ ടെൻഷനുമുണ്ട്, അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്ന കാര്യമോർക്കുമ്പോൾ,” എന്നായിരുന്നു സൂര്യയുടെ പ്രതികരണം.

തമിഴ്വാനന്‍ സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും ഹിന്ദിയിലുമായാണ് ഒരുങ്ങുന്നത്. ചിത്രത്തിനു വേണ്ടി 40 ദിവസത്തെ ഡേറ്റ് ആണ് അമിതാഭ് ബച്ചന്‍ നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ബച്ചന്റെ ഭാഗം ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് അണയറക്കാർ.

Read more: തീർന്നു പോവരുതേ എന്നാശിച്ചു; മികച്ച പ്രതികരണം നേടി ‘ബദ്‌ല’

‘ഉയർന്ത മനിതനെ’ കൂടാതെ ചിരഞ്ജീവി നായകനാവുന്ന തെലുങ്കു ചിത്രം ‘സൈ രാ നരസിംഹ റെഡ്ഡി’യിലും ഒരു അതിഥിവേഷത്തിൽ ബച്ചൻ എത്തുന്നുണ്ട്. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ‘ബ്രഹ്മാസ്ത്ര’യാണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം. ‘ബ്രഹ്മാസ്ത്ര’യിൽ രൺബീർ കപൂറിനും ആലിയ ഭട്ടിനുമൊപ്പമാണ് ബച്ചൻ അഭിനയിക്കുന്നത്. തപ്സി പാന്നുവിനൊപ്പം കേന്ദ്രകഥാപാത്രമായെത്തിയ ‘ബദ്‌ല’ ആയിരുന്നു ഒടുവിൽ റിലീസിനെത്തിയ അമിതാഭ് ബച്ചൻ ചിത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook