scorecardresearch

ബച്ചന്റെ അപകടം മുന്‍കൂട്ടി പ്രവചിച്ച സ്‌മിത

കൂലിയുടെ ചിത്രീകരണ സമയത്ത് നേരിട്ട അപകടത്തെ തരണം ചെയ്തു അമിതാഭ് ബച്ചന്‍ ജീവിതത്തിലേക്ക് മടങ്ങിയിട്ട് ഇന്ന് 36 വര്‍ഷം

കൂലിയുടെ ചിത്രീകരണ സമയത്ത് നേരിട്ട അപകടത്തെ തരണം ചെയ്തു അമിതാഭ് ബച്ചന്‍ ജീവിതത്തിലേക്ക് മടങ്ങിയിട്ട് ഇന്ന് 36 വര്‍ഷം

author-image
WebDesk
New Update
Amitabh Bachchan Coolie Accident Smita Patel premonition

Amitabh Bachchan Coolie Accident Smita Patel premonition

ബാംഗ്ലൂരില്‍ 'കൂലി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്ന അമിതാഭ് ബച്ചനു രാത്രി വൈകിയാണ് ഹോട്ടല്‍ റിസപ്ക്ഷനില്‍ ഒരു കോള്‍ വന്നത്. ഭാര്യ ജയ, മക്കള്‍ ശ്വേത, അഭിഷേക് എന്നിവര്‍ അന്ന് അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു. രാത്രി രണ്ടര മണിയോടടുത്ത് തന്നെ വിളിക്കുന്നത്‌ ആരാണ് എന്ന് ചോദിച്ചപ്പോള്‍ അത് നടി സ്മിതാ പാട്ടീല്‍ ആണ് എന്നായിരുന്നു റിസപ്ക്ഷനില്‍ നിന്നും കിട്ടിയ മറുപടി. പരിചയമുണ്ട് എന്നല്ലാതെ രാത്രി ഇങ്ങനെയൊരു സമയത്ത് വിളിക്കാനുള്ള സൗഹൃദമോ ബന്ധമോ ഒന്നും ഇല്ലാത്ത സ്മിത തന്നെ വിളിക്കുന്നതെന്തിനു എന്ന് ബച്ചന്‍ അത്ഭുതപ്പെട്ടു.

Advertisment

ചെന്ന് ഫോണ്‍ എടുത്തപ്പോള്‍ അവര്‍ ചോദിച്ചു, "നിങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ലല്ലോ അമിത് ജീ, ഞാന്‍ നിങ്ങളെക്കുറിച്ച് ഒരു മോശപ്പെട്ട സ്വപ്നം കണ്ടു. അതു കൊണ്ടാണ് ഈ സമയത്ത് വിളിച്ചത്. നിങ്ങള്‍ ആരോഗ്യം ശ്രദ്ധിക്കണം", സ്മിതയുടെ വാക്കുകള്‍ ബച്ചനെ വീണ്ടും അത്ഭുതത്തിലാഴ്ത്തി.

1982 ജൂലൈ 27 തീയതി. ഈ സംഭാഷണം നടന്നതിന്റെ തൊട്ടടുത്ത ദിവസം 'കൂലി'യിലെ ഒരു സംഘട്ടന രംഗമായിരുന്നു ചിത്രീകരിക്കാന്‍ ഉണ്ടായിരുന്നത്. പുനീത് ഇസ്സാര്‍ എന്ന വില്ലനും അമിതാഭ് ബച്ചനും തമ്മില്‍ നടക്കുന്ന സംഘട്ടനം. പുനീത് വയറ്റില്‍ ഇടിക്കുമ്പോള്‍ ബച്ചന്‍ മറിഞ്ഞു അടുത്ത് കിടക്കുന്ന സ്റ്റീല്‍ മേശയിലേക്ക് വീഴണം. അതായിരുന്നു സ്റ്റണ്ട് സീക്വന്‍സ്. സംവിധായകരായ മന്‍മോഹന്‍ ദേശായി, പ്രയാഗ് രാജ് എന്നിവര്‍ ഇതിനായി ബച്ചന്റെ ബോഡി ഡബിള്‍ ഉപയോഗിക്കാം എന്ന് നിര്‍ദ്ദേശിച്ചെങ്കിലും താന്‍ തന്നെ ചെയ്യും എന്ന് അമിതാഭ് ബച്ചന്‍ വാശി പിടിച്ചതിനെത്തുടര്‍ന്നു അങ്ങനെ തന്നെ ഷൂട്ട്‌ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ക്യാമറ ഓണ്‍ ആയി. പുനീത് ഇടിച്ചു, പക്ഷേ ഇടി കഴിഞ്ഞു ബച്ചന്‍ സ്റ്റീല്‍ മേശയിലേക്ക് വീഴുമ്പോള്‍ അദ്ദേഹത്തിന്റെ വയര്‍ മേശയുടെ വശത്ത് ശക്തമായി തട്ടി. അമിതാഭ് ബച്ചന്‍ മറിഞ്ഞു താഴെ വീണു. ഷോട്ട് ഓകെ ആയി, കട്ട്‌ പറഞ്ഞു. ബച്ചന്‍ വീണയിടത്ത് നിന്നും എഴുന്നേറ്റു രണ്ടടി നടന്നു, പിന്നെ താഴെ വീണു. ഇടിച്ചയിടത്ത് വേദന തോന്നുന്നു എന്ന് പറഞ്ഞ അദ്ദേഹത്തെ അന്നത്തെ ഷൂട്ടിങ് മതിയാക്കി ഹോട്ടല്‍ റൂമിലേക്ക്‌ പറഞ്ഞയച്ചു. രാത്രി വൈകി ബച്ചന്റെ നില വഷളായി. ബാംഗ്ലൂരിലെ ആശുപത്രിയില്‍ ഉടന്‍ തന്നെ ശസ്ത്രക്രിയയും നടത്തി. എന്നിട്ടും അദ്ദേഹത്തിന്റെ നിലയില്‍ മാറ്റമുണ്ടായില്ല എന്ന് മാത്രമല്ല, വീണ്ടും വഷളായി. രാജ്യത്തിന്റെ അഭിമാന താരമായിരുന്ന ബച്ചനെ ചാർട്ടേഡ്‌ വിമാനത്തില്‍ വിദഗ്‌ധ ചികിത്സക്കായി മുംബൈയിലേക്ക് കൊണ്ട് വന്നു.

Advertisment

1982 ഓഗസ്റ്റ്‌ 2-ാം തീയതി. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സങ്കീര്‍ണ്ണമായ ഒരു ശസ്ത്രക്രിയ നടത്തി അമിതാഭ് ബച്ചനെ ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞു മണിക്കൂറുകള്‍ കഴിഞ്ഞിട്ടും രോഗി കോമയില്‍ നിന്നും തിരിച്ചു വന്നില്ല.

അവയവങ്ങള്‍ ഓരോന്നായി തോറ്റ് തുടങ്ങിയ ശരീരം. പ്രതീക്ഷ നഷ്ടപ്പെട്ട ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ വിളിച്ചു വിവരമറിയിച്ചു. അവരെ രോഗിയുടെ അടുത്തേക്ക് കൊണ്ട് പോയി. സങ്കടത്തിന്റെ നിശബ്ദതയില്‍ നില്‍ക്കുമ്പോഴും അദ്ദേഹത്തിന്റെ ഭാര്യ ജയ മാത്രം ആ വിട വാങ്ങല്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. മുപ്പത്തിയൊമ്പത് വയസ്സായിരുന്നു അമിതാഭ് ബച്ചന്, അവര്‍ക്ക് മുപ്പത്തിനാലും. എട്ടും ആറും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങള്‍. അവരെ ഒറ്റയ്ക്കാക്കി അദ്ദേഹം പോവില്ല എന്ന് ജയയ്ക്ക് മാത്രം ഉറപ്പുണ്ടായിരുന്നു.

അങ്ങനെ ആ ശരീരത്തില്‍ നോക്കി നില്‍ക്കുമ്പോള്‍ അവര്‍ കണ്ടു. കാലിന്റെ പെരുവിരലിന്റെ ചെറു അനക്കം. അവര്‍ ഡോക്ടര്‍മാരോട് പറഞ്ഞു, 'കാല്‍ അനങ്ങി, ഞാന്‍ കണ്ടു'. ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ ജീവന്‍ തിരിച്ചു പിടിക്കാനുള്ള തീവ്ര പരിചരണം തുടങ്ങി. അങ്ങനെ അമിതാഭ് ബച്ചന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്ന ദിവസമാണ് ഇന്ന്. 36-ാം വാര്‍ഷികം.

നിങ്ങളുടെ പ്രാര്‍ത്ഥനകളാണ് എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത് എന്ന് ഇന്ന് തന്നെ ആശംസിച്ച ആരാധകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് അമിതാഭ് ബച്ചന്‍ കുറിച്ചു. അദ്ദേഹം മടങ്ങി വന്ന ആ ഞായറാഴ്ചയ്ക്ക് ശേഷം എല്ലാ ഞായറാഴ്ചയും മുടങ്ങാതെ തന്റെ ആരാധകരെ കാണാറുണ്ട്‌ ബച്ചന്‍. മുംബൈയില്‍ തന്റെ വസതികളായ 'പ്രതീക്ഷ', 'ജല്‍സ' എന്നിവയുടെ പൂമുഖത്താണ് അദ്ദേഹം (മുംബൈയില്‍ ഉള്ളപ്പോള്‍) എല്ലാ വാരാന്ത്യത്തിലും മുടങ്ങാതെ ആരാധകരെ കാണുന്നത്. ജനങ്ങളില്‍ നിന്നും തനിക്കു കിട്ടിയ സ്നേഹം ഒരു വായ്പയാണ് എന്നും അത് ഗഡുക്കളായി തിരിച്ചു നല്‍കാനുള്ള തന്റെ ശ്രമമാണ് ഇതെന്നും അമിതാഭ് ബച്ചന്‍ പറയുന്നു.

ഇപ്പോള്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ക്കൊപ്പം അഭിനയിച്ചു വരികയാണ് അമിതാഭ് ബച്ചന്‍. ബള്‍ഗേറിയയിലാണ് ഇതിന്റെ ചിത്രീകരണം നടക്കുന്നത്.

Jaya Bachchan Amitabh Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: