പുതു തലമുറയുടെ തരംഗമായി കൊണ്ടിരിക്കുന്ന രൺബീറിനെ തേടി സാക്ഷാൽ ബിഗ് ബിയിൽ നിന്നൊരംഗീകാരം. ഇന്നത്തെ സൂപ്പർ സ്റ്റാറാണ് രൺബീറെന്നാണ് അമിതാഭ് ബച്ചൻ വിശേഷിപ്പിച്ചിരിക്കുന്നത്. എന്തൊരു അഭിനേതാവാണ് രൺബീറെന്നും ബിഗ്ബി ചോദിക്കുന്നു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ കുട്ടിയായിരിക്കുന്ന രൺബീറിനൊപ്പമുളള ഒരു ചിത്രം പങ്കുവച്ചാണ് അമിതാഭ് ബച്ചൻ രൺബീറിനെ പ്രശംസയിൽ മൂടുന്നത്.

രൺബീർ കുട്ടിയായിരിക്കുമ്പോൾ തന്നോടൊപ്പമെടുത്ത ചിത്രമാണ് അമിതാഭ് ബച്ചൻ പങ്കുവച്ചിരിക്കുന്നത്. രൺബീറിനൊപ്പം സഹോദരി റിദ്ദിമ കപൂർ സഹ്‌നിയുമുണ്ട്. ഇരുവരും അമ്മയായ നീതു കപൂറിന്റെ കൈയ്യും പിടിച്ചാണ് നിൽപ്. കൂടെ അമ്മാവനായ ശശി കപൂറിനെയും കാണാം. അമിതാഭ് ബച്ചൻ അഭിനയിച്ച ഏതോ സിനിമയുടെ ലൊക്കേഷനിൽ നിന്നെടുത്തതാണ് ഈ ഫോട്ടോയെന്നാണ് സൂചന. ആ വലിയ കണ്ണുകളുളള കുഞ്ഞ് കുട്ടി ഇന്നത്തെ സൂപ്പർ സ്റ്റാറാണ്. രൺബീർ കപൂർ. എന്തൊരു നടനാണദ്ദേഹം- എന്നാണ് ട്വിറ്ററിലിട്ട ഈ ചിത്രത്തിന് താഴെ ബിഗ് ബി കുറിച്ചിരിക്കുന്നത്.

ഇന്ത്യ കണ്ട മികച്ച നടനിൽ നിന്നാണ് പുതു തലമുറയുടെ തരംഗമായി കൊണ്ടിരിക്കുന്ന രൺബീറിനെ തേടി ഈയൊരു വിശേഷണമെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ലഭിച്ച അംഗീകാരങ്ങളിൽ രൺബീർ എന്നെന്നും നെഞ്ചോട് ചേർത്ത് വയ്ക്കുന്ന ഒന്നാവും ഇത്.

നേരത്തെ കരൺ ജോഹറിന്റെ എ ദിൽ ഹെ മുഷ്‌കിൽ എന്ന ചിത്രത്തിൽ രൺബീർ കപൂറും അമിതാഭ് ബച്ചന്റെ മരുമകളായ ഐശ്വര്യ റായ്‌യും ഒരുമിച്ചഭിനയിച്ചിരുന്നു. ചിത്രത്തിലെ ചില രംഗങ്ങൾ അമിതാഭ് ബച്ചന് ഒട്ടും ഇഷ്‌ടമായില്ലെന്നും കരണിനോട് ചില സീനുകൾ വെട്ടികുറക്കാൻ ബിഗ്ബി ആവശ്യപ്പെട്ടതായും തരത്തിൽ വാർത്തകളുണ്ടായിരുന്നു. എന്നാൽ രൺബീറും ബിഗ് ബിയും തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കാണിക്കുന്നതാണ് അദ്ദേഹത്തിന്റെ ട്വിറ്റർ പോസ്റ്റ്.

അമിതാഭ് ബച്ചനും രൺബീറും ഒന്നിക്കുന്ന ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നതിനിടെയാണ് ബിഗ് ബിയുടെ ട്വീറ്റെന്നതും ശ്രദ്ധേയമാണ്. അയന മുഖർജി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ആലിയ ഭട്ടാണ് ഈ സിനിമയിൽ നായികയായെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ