ശിവസേന നേതാവ് ബാൽ താക്കറെയുമായി അത്യപൂർവ്വമായൊരു സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് ബോളിവുഡിന്റെ മെഗാസ്റ്റാറായ അമിതാഭ് ബച്ചൻ. അമിതാഭ് ബച്ചൻ എന്ന വ്യക്തി ഇന്നും ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നതിന് കാരണക്കാരനായ ഒരു സാന്നിധ്യമായി കൂടിയാണ് ബിഗ് ബി, ബാൽ താക്കറയെ കാണുന്നത്. ബാൽ താക്കറെയും ശിവസേനയുടെ ആമ്പുലൻസും ഇല്ലായിരുന്നെങ്കിൽ താനിപ്പോൾ ജീവനോടെ ഉണ്ടാവില്ലായിരുന്നു എന്നാണ് അമിതാഭ് ബച്ചൻ പറയുന്നത്. ജീവിതത്തിൽ ഏറെ നിർണായകമായ ഒരു അനുഭവം പങ്കുവെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവാസുദ്ദീൻ സിദ്ദിഖി കേന്ദ്രകഥാപാത്രമാകുന്ന ‘താക്കറെ’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടയിൽ ആയിരുന്നു ബാൽ താക്കറെയുമായുള്ള സൗഹൃദത്തെ കുറിച്ച് അമിതാഭ് ബച്ചൻ വികാരഭരിതനായി സംസാരിച്ചത്. 1983 ൽ ‘കൂലി’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് തനിക്കുണ്ടായ ഗുരുതരമായൊരു അപകടത്തെ കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടുവിന് ഗുരുതരമായ പരിക്കു പറ്റിയ തന്നെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിച്ചാൽ മാത്രമേ ജീവൻ നിലനിർത്താൻ സാധിക്കൂ. എന്നാൽ മോശം കാലാവസ്ഥ കാരണം ഷൂട്ടിംഗ് സെറ്റിന്റെ പരിസരത്ത് ആമ്പുലൻസുകളൊന്നും ലഭിക്കാതെ യൂണിറ്റ് മൊത്തം നിസ്സഹായരായ അവസ്ഥ. ആ സമയത്ത് ബാൽ താക്കറെയാണ് രക്ഷക്കെത്തിയതെന്നും ശിവസേനയുടെ ആമ്പുലൻസ് വിട്ടുതന്ന് സമയം കളയാതെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നെന്നും ബച്ചൻ ഓർക്കുന്നു.
“എനിക്ക് ജീവിതത്തിൽ ഏറ്റവും വലിയൊരു ആവശ്യം വന്നപ്പോൾ ബാലസാഹബ് ആണ് എന്നെ രക്ഷിച്ചത്. ബാലസാഹബ് തന്ന പിന്തുണ കൊണ്ടാണ് ഞാനിപ്പോൾ ജീവിച്ചിരിക്കുന്നത്.
ഞങ്ങൾക്കിടയിൽ ഏറെ അടുപ്പവും സൗഹൃദവുമൊക്കെയുണ്ടായിരുന്നു. ഞാനദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു,” അമിതാഭ് പറയുന്നു. ബാൽ താക്കറെയ്ക്ക് തന്റെ കുടുംബവുമായും നല്ല ബന്ധമാണുണ്ടായിരുന്നതെന്നും കല്യാണം കഴിഞ്ഞതു മുതൽ ജയ ബച്ചനെ അദ്ദേഹം സ്വന്തം മരുമകളെ പോലെയാണ് കണ്ടിരുന്നതെന്നും അമിതാഭ് ബച്ചൻ കൂട്ടിച്ചേർത്തു.
ബോളിവുഡ് ഏറെ പ്രതീക്ഷയോടെ നോക്കുന്ന ബയോപിക് ചിത്രം കൂടിയാണ് ‘താക്കറെ’യുടേത്. പത്രപ്രവർത്തകനും ശിവസേന എംപിയുമായ സഞ്ജയ് റാവ്ത്ത് കഥയെഴുതി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിജിത്ത് പാൻസെയാണ്. നവാസുദ്ദീൻ സിദ്ദിഖിയെ കൂടാതെ അമൃത റാവു, അബ്ദുൽ ഖാദർ അമിൻ, അനുഷ്ക ജാദവ്, ലക്ഷ്മൺ സിംഗ് രാജ്‌പുത്, നിരഞ്ജൻ ജാവിർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. താക്കറെയുടെ ഭാര്യ മീനാട്ടി താക്കറെയായാണ് അമൃത റാവു ചിത്രത്തിൽ അഭിനയിക്കുന്നത്. ഹിന്ദിയിലും മറാത്തിയിലുമായി ഒരുക്കുന്ന ചിത്രം ഇംഗ്ലീഷിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട്. ജനുവരി 24 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. കങ്കണ റണാവത്തിന്റെ ‘മണികർണിക’യ്ക്ക് ഒപ്പമാണ് ‘താക്കറെ’യും റിലീസിനെത്തുന്നത്.