ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ നർമ്മം നിറഞ്ഞ ട്വീറ്റുകളും പോസ്റ്റുകളുമെല്ലാം പലപ്പോഴും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, ബച്ചന്റെ ഏറ്റവും പുതിയ ചിത്രവും വൈറലാവുകയാണ്. ഒരു പൊലീസ് ജീപ്പിനരികെ തലകുനിച്ചു നിൽക്കുന്ന ചിത്രമാണ് ബിഗ് ബി ഷെയർ ചെയ്തിരിക്കുന്നത്. ‘അറസ്റ്റ് ചെയ്യപ്പെട്ടു’ എന്നാണ് ചിത്രത്തിനു ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അടുത്തിടെ നടന്ന ഹെൽമറ്റ് വിവാദത്തിന് താരം സരസമായി മറുപടി നൽകുകയാണെന്നാണ് ആരാധകർ ചൂണ്ടി കാണിക്കുന്നത്.
മുംബൈ നഗരത്തിൽ ബൈക്കിൽ ലിഫ്റ്റ് അടിച്ചു പോവുന്നതിനിടയിൽ ഹെൽമെറ്റ് ധരിക്കാത്തതിന് മുംബൈ പോലീസ് അമിതാഭ് ബച്ചനെ ശാസിക്കുകയും കേസ് രജിസ്റ്റർ ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണ് ഇൻസ്റ്റഗ്രാമിൽ ബച്ചൻ നിഗൂഢമായൊരു പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. ചെക്ക് ഷർട്ടും വെള്ള സ്‌പോർട്‌സ് ഷൂസും സുതാര്യമായ കണ്ണടയും ധരിച്ച് ഒരു പോലീസ് ജീപ്പിന് സമീപം നിരാശനായി നിൽക്കുന്ന അമിതാഭ് ബച്ചനെയാണ് ചിത്രത്തിൽ കാണാനാവുക. “അറസ്റ്റ് ചെയ്തു” എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്.
താരത്തിന്റെ പോസ്റ്റ് ആരാധകരും സഹപ്രവർത്തകരും ഏറ്റെടുത്തു കഴിഞ്ഞു. അറസ്റ്റിന്റെ പ്രത്യേക കാരണമൊന്നും പറയാതെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. അമിതാഭിന്റെ ഈ പോസ്റ്റ് തന്റെ വരാനിരിക്കുന്ന സിനിമകളിലെ ഏതെങ്കിലും സീനിൽ നിന്നുള്ളതാണോ അതോ അടുത്തിടെ ഹെൽമെറ്റില്ലാതെ ബൈക്കിന്റെ പിൻസീറ്റിൽ ഇരുന്ന സംഭവത്തെക്കുറിച്ചാണോ എന്ന് വ്യക്തമല്ല. അതേസമയം, സർ, ഹെൽമെറ്റ് ഇല്ലാതെ വീണ്ടും, ഹെൽമറ്റ് ധരിക്കണമെന്ന് അന്നേ പറഞ്ഞതല്ലേ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ.
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും അനുഷ്ക ശർമയും ബൈക്കിൽ ലിഫ്റ്റടിച്ച് തങ്ങളുടെ ഷൂട്ടിങ്ങ് സെറ്റിലെത്തിയ ദൃശ്യങ്ങൾ വൈറലായിരുന്നു. താരങ്ങളും വാഹനം ഓടിക്കുന്നവരും ഹെൽമറ്റ് ധരിക്കാത്ത കാര്യം ആരാധകർ ചൂണ്ടി കാണിച്ചതിനു പിന്നാലെ, ഹെൽമറ്റ് ധരിച്ചില്ല എന്ന കാരണത്താൽ ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് മുംബൈ പൊലീസ് അറിയിക്കുകയായിരുന്നു.
ഞായറാഴ്ച്ചത്തെ ട്രാഫിക്ക് ജാം ഒഴിവാക്കാനായി ഒരു അപരിചിതന്റെ ബൈക്കിലിരുന്നായിരുന്നു ബച്ചന്റെ യാത്ര. തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ ബൈക്കിലിരിക്കുന്ന ചിത്രം പങ്കുവച്ചതിനൊപ്പം അപരിചിതനോട് നന്ദി പറയുകയും ചെയ്തിരുന്നു ബച്ചൻ. “റൈഡിനു നന്ദി സുഹൃത്തേ, എനിക്ക് നിങ്ങളെ അറിയില്ല. പക്ഷെ കൃത്യസമയത്ത് നിങ്ങളെന്നെ ജോലി സ്ഥലത്തെത്തിച്ചു. വളരെ വേഗത്തിൽ, അതും ഇത്രയും ബുദ്ധിമുട്ടേറിയ ട്രാഫിക്കിലൂടെ… തൊപ്പിയും ഷോർട്സും മഞ്ഞ നിറത്തിലുള്ള ടീ ഷർട്ടും ധരിച്ച വ്യക്തിയ്ക്ക് നന്ദി,” ബച്ചൻ കുറിച്ചു.
ദീപിക പദുക്കോണും പ്രഭാസും അഭിനയിക്കുന്ന ‘പ്രോജക്റ്റ് കെ’ ആണ് അമിതാഭ് ബച്ചന്റെ ഏറ്റവും പുതിയ ചിത്രം. നാഗ് അശ്വിൻ സംവിധാനം ചെയ്ത ‘പ്രോജക്റ്റ് കെ’ രണ്ട് ഭാഷകളിൽ ഒരേസമയം ചിത്രീകരിക്കുന്ന ദ്വിഭാഷ ചിത്രമാണ്. റിഭു ദാസ് ഗുപ്തയുടെ കോർട്ട് ഡ്രാമയായ ‘സെക്ഷൻ 84’ലും ബിഗ് ബി പ്രത്യക്ഷപ്പെടും.