ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും അനുഷ്ക ശർമയുടെ ബൈക്കിൽ ലിഫ്റ്റടിച്ച് തങ്ങളുടെ ഷൂട്ടിങ്ങ് സെറ്റിലെത്തിയ ദൃശ്യങ്ങൾ വൈറലായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ ശ്രദ്ധ നേടിയതിനു പിന്നാലെ താരങ്ങളും വാഹനം ഓടിക്കുന്നവരും ഹെൽമറ്റ് ധരിക്കാത്ത കാര്യം ആരാധകർ ചൂണ്ടി കാണിക്കുകയും ചെയ്തു. ഹെൽമറ്റ് ധരിച്ചില്ല എന്ന കാരണത്താൽ ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് മുംബൈ പൊലീസ് അറിയിച്ചു.
താരങ്ങളുടെ പ്രവർത്തിയെ ചൂണ്ടികാണിച്ച് ട്വിറ്റർ ഉപഭോക്താക്കളാണ് മുംബൈ പൊലീസിനെ സമീപിച്ചത്. സംഭവത്തെ കുറിച്ച് സന്ദേശം നൽകിയ ഉപഭോക്താക്കൾക്ക് പൊലീസ് മറുപടി നൽകുകയും ചെയ്തു. “ഞങ്ങൾ ഇത് ട്രാഫിക്ക് സെക്ഷനിലേക്ക് ഫോർവേഡ് ചെയ്തിട്ടുണ്ട്” പൊലീസ് ട്വീറ്റ് ചെയ്തു.
ഞായറാഴ്ച്ചത്തെ ട്രാഫിക്ക് ജാം ഒഴുവാക്കാനായി ഒരു അപരിചിതന്റെ ബൈക്കിലിരുന്നായിരുന്നു ബച്ചന്റെ യാത്ര. തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ ബൈക്കിലിരിക്കുന്ന ചിത്രം പങ്കുവച്ചതിനൊപ്പം അപരിചിതനോട് നന്ദി പറയുകയും ചെയ്തിരുന്നു ബച്ചൻ. “റൈഡിനു നന്ദി സുഹൃത്തേ, എനിക്ക് നിങ്ങളെ അറിയില്ല. പക്ഷെ കൃത്യസമയത്ത് നിങ്ങളെന്നെ ജോലി സ്ഥലത്തെത്തിച്ചു. വളരെ വേഗത്തിൽ അതും ഇത്രയും ബുദ്ധിമുട്ടേറിയ ട്രാഫിക്കിലാണ് അദ്ദേഹമെത്തിച്ചത്. തൊപ്പിയും ഷോർട്സും മഞ്ഞ നിറത്തിലുള്ള ടീ ഷർട്ടും ധരിച്ച വ്യക്തിയ്ക്ക് നന്ദി” ബച്ചൻ കുറിച്ചു.
ഇത്തരത്തിൽ അനുഷ്ക ശർമ്മയും ബൈക്ക് റൈഡ് ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വഴിയിൽ മരം വീണു കിടക്കുന്നതു കൊണ്ട് തന്റെ സഹായിയുടെ സ്ക്കുട്ടറിലിരുന്ന് പോകുകയാണ് അനുഷ്ക.
ഹെൽമറ്റ് വയ്ക്കാതെ സ്ക്കൂട്ടറിൽ സഞ്ചരിക്കുന്ന ആളുകളോട് അതു ഉപയോഗിച്ച് യാത്ര ചെയ്യാൻ നിർദ്ദേശിക്കുന്ന ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിന്റെ വീഡിയോ ശ്രദ്ധ നേടിയിരുന്നു. ഹെൽമറ്റ് ധരിച്ച് ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യണമെന്നത് കർശന നിയമമായി പല നഗരങ്ങളിലും പാലിച്ചു പോരുകയാണ്. അതിനിടയിലാണ് സൂപ്പർ താരങ്ങളുടെ ഈ നിയമ ലംഘനം എന്നതാണ് ശ്രദ്ധേയമാകുന്നത്.
1988 ലെ മോട്ടോർ വാഹന നിയമ പ്രകാരം ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവർക്കെതിരെ പിഴ ചുമത്താനുള്ള അധികാരം ട്രാഫിക്ക് പൊലീസിനുണ്ട്.