/indian-express-malayalam/media/media_files/uploads/2019/05/Ayush-Bachan.jpg)
ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് ആയുഷ്മാന്‍ ഖുറാന. പോയ വര്‍ഷം 'അന്ധാദുന്‍', 'ബദായി ഹോ' എന്നീ ചിത്രങ്ങളിലൂടെ ആയുഷ്മാന്‍ ഹിന്ദി സിനിമയ്ക്ക് പുറത്തും സൃഷ്ടിച്ചത് വലിയ ഓളമാണ്. രണ്ട് ചിത്രങ്ങളും മികച്ച അഭിപ്രായവും കളക്ഷനും നേടിയിരുന്നു. ആയുഷ്മാനും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരമായ അമിതാഭ് ബച്ചനും ഒരുമിക്കുന്നവെന്ന വാര്‍ത്തയാണ് ബോളിവുഡില്‍ നിന്നും ലഭിക്കുന്നത്.
സൂജിത് സിര്‍കാര്‍ ഒരുക്കുന്ന കോമഡി ചിത്രത്തിലായിരിക്കും ബച്ചനും ആയുഷ്മാനും ആദ്യമായി ഒരുമിക്കുക. ആയുഷ്മാന്റെ ആദ്യ ചിത്രമായ 'വിക്കി ഡോണറി'ന്റെ സംവിധായകനാണ് സൂജിത്. ബച്ചനും സൂജിത്തും 'പിക്കു'വിലും ഒരുമിച്ചിരുന്നു. ലക്‌നൗവില്‍ ഷൂട്ടിങ് നടക്കാനിരിക്കുന്ന ചിത്രത്തിന്റെ പേര് 'ഗുലാബോ സിതാബോ' എന്നാണ്.
'വിക്കി ഡോണറും' 'പിക്കു'വും എഴുതിയ ജൂഹി ചതുര്‍വേദി തന്നെയാണ് ഈ ചിത്രവും എഴുതുന്നത്. സൂജിത്തിന്റേതായി അവസാനം ഇറങ്ങിയ 'ഒക്ടോബറും' എഴുതിയത് ജൂഹിയായിരുന്നു. വരുണ്‍ ധവാനായിരുന്നു ചിത്രത്തിലെ നായകന്‍. നിരൂപക പ്രശംസ നേടിയ ചിത്രം വരുണിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ട ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത മാസമായിരിക്കും 'ഗുലാബോ സിതാബോ' ചിത്രീകരണം ആരംഭിക്കുക.
IT'S OFFICIAL... Amitabh Bachchan and Ayushmann Khurrana team up for the first time... Shoojit Sircar to direct quirky family comedy #GulaboSitabo... Written by Juhi Chatturvedi... Produced by Ronnie Lahiri and Sheel Kumar... Nov 2019 release. pic.twitter.com/r5b6cx5nZ2
— taran adarsh (@taran_adarsh) May 15, 2019
''ജൂഹിയും ഞാനും ഈ സ്‌ക്രിപ്റ്റില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് കുറച്ചായി. തീരുമ്പോള്‍ അതില്‍ ജൂഹിയുടെ സ്വതസിദ്ധമായൊരു ശൈലിയുണ്ടാകുമെന്നുറപ്പായിരുന്നു'' ചിത്രത്തെ കുറിച്ച് ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സൂജിത് പറയുന്നത് ഇങ്ങനെയാണ്. ചിത്രം 2019 ല്‍ തന്നെ റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്.
''തിരക്കഥ വായിച്ച ഉടനെ തന്നെ ഞാന്‍ അമിതാഭ് ബച്ചനും ആയുഷ്മാനുമായി പങ്കുവെച്ചു. കുറച്ച് സമയമെടുക്കുമെന്നാണ് കരുതിയത്. എന്നാല്‍ എല്ലാവരും വളരെ ആവേശത്തിലായിരുന്നു. തങ്ങളുടെ ഡേറ്റൊക്കെ അവര്‍ തന്നെ ശരിയാക്കി. അതുകൊണ്ട് ഈ വര്‍ഷം തന്നെ ചിത്രം റിലീസ് ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്'' സൂജിത് പറഞ്ഞു.
ചിത്രത്തിന്റെ പേര് ലക്‌നൗവിലെ പ്രാദേശിക ശൈലിയിലുള്ളതാണ്. എന്നാല്‍ അതിന് പിന്നിലെ കാരണം എന്താണെന്ന് അറിയണമെങ്കില്‍ ചിത്രം റിലീസ് ആകുന്നത് വരെ കാത്തിരിക്കേണ്ടി വരുമെന്നും സംവിധായകന്‍ പറഞ്ഞു. 'ഗുലാബോയും സിതാബോ'യും ഉത്തര്‍ പ്രദേശിലെ പാവകളിയിലെ കഥാപാത്രങ്ങളാണ്. കോമഡിയിലൂടെ ജീവിത സാഹചര്യങ്ങള്‍ അവതരിപ്പിക്കുന്ന കഥകളിലെ സ്ഥിര സാന്നിധ്യമാണ് രണ്ട് കഥാപാത്രങ്ങളും.
'ബദ്ല'യാണ് അമിതാഭ് ബച്ചന്റെ അവസാനമിറങ്ങിയ ചിത്രം. 'പിങ്കി'ന് ശേഷം താപ്സി പന്നുവും ബച്ചനും ഒരുമിച്ച ചിത്രം മികച്ച വിജയമായിരുന്നു. വ്യത്യസ്തമായ ഗെറ്റപ്പിലെത്തുന്ന 'ചെഹര'ണ് അദ്ദേഹത്തിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.