സഖാവ് എന്ന കവിത പാടി മലയാളികളുടെ ഹൃദയം കവർന്ന ഗായികയാണ് കണ്ണൂരുകാരി ആര്യ ദയാൽ. പിന്നീട് കർണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം ഒരു പോപ് ഗാനവും കോർത്തിണക്കിയുള്ള ആര്യയുടെ വ്യത്യസ്തമായ ആലാപനത്തിലൂടെ സമൂഹമാധ്യമ ലോകത്തെ ഒന്നാകെ കൈയിലെടുത്തു. ഇപ്പോൾ ഈ മിടുക്കിയായ പാട്ടുകാരിക്ക് കൈയടിയുമായി എത്തിയിരിക്കുന്നത് ഇന്ത്യൻ സിനിമയുടെ ബിഗ് ബി സാക്ഷാൻ അമിതാഭ് ബച്ചനാണ്.
“സംഗീതാസ്വാദനത്തിലെ എന്റെ പങ്കാളിയും പ്രിയ സുഹൃത്തുമായ ഒരാളാണ് എനിക്കീ വീഡിയോ അയച്ചു തന്നത്. ഇതാരാണ് എന്നെനിക്കറിയില്ല, പക്ഷെ ഒരു കാര്യം എനിക്ക് പറയാനാകും,’നിനക്ക് വളരെ പ്രത്യേകമായ ഒരു കഴിവുണ്ട് പെൺകുട്ടീ’ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ഇത്തരം നല്ല സൃഷ്ടികൾ ഇനിയും തുടരുക. മറ്റൊരിക്കലുമില്ലാത്ത വിധം എന്റെ ആശുപത്രി ദിനങ്ങളെ നീ മനോഹരമാക്കി. കർണാടക സംഗീതവും വെസ്റ്റേൺ പോപ്പും മിക്സ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല. പക്ഷെ വളരെ ചടുലമായും എളുപ്പത്തോടെയുമാണ് അവൾ അത് ചെയ്തിരിക്കുന്നത്. എന്നാൽ സ്റ്റൈലിൽ ഒട്ടും വിട്ടുവീഴ്ചയും നടത്തിയിട്ടില്ല. അസാധ്യം!,” ബച്ചൻ കുറിച്ചു.
നിലവിൽ മുംബൈയിലെ നാനാവതി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയാണ് ബച്ചൻ. ജൂലൈ 11 നാണ് അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തിന് ശേഷം ഐശ്വര്യ റായ്, മകൾ ആരാധ്യ ബച്ചൻ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബച്ചനെയും അഭിഷേകിനെയും 11ന് തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വീട്ടിൽ ഐസൊലേഷനിലായിരുന്ന ഐശ്വര്യയെയും ആരാധ്യയെയും ആരോഗ്യനില വഷളായതിനെത്തുടർന്ന് ജൂലൈ 17നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ചികിത്സയോട് ബച്ചൻ കുടുംബം നന്നായി പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തന്റെ രോഗവിവരം സംബന്ധിച്ച വിവരങ്ങൾ ബച്ചൻ ട്വിറ്ററിലൂടെ നിരന്തരം അറിയിക്കാറുണ്ട്. തന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്കയുള്ള ആരാധകരോട് നന്ദി പ്രകടിപ്പിക്കാനും ബച്ചൻ തന്റെ ട്വീറ്റുകളെ ഉപയോഗിക്കാറുണ്ട്,
ബച്ചന്റെ വാക്കുൾ കേട്ട് ഏറെ സന്തോഷത്തിലാണ് ആര്യയും. എന്റെ സ്വപ്നത്തിൽ പോലും ഞാൻ കരുതിയിട്ടില്ല നിങ്ങൾ ഞാൻ പാടുന്നത് കേൾക്കും എന്ന്, എന്ന വാക്കുകളോടെ ബച്ചന്റെ പോസ്റ്റ് ആര്യ പങ്കുവച്ചു.