“എന്റെ സുന്ദരിമാര്‍. അമ്മയെ അഭിനന്ദിക്കാതെ ഒരു കുഞ്ഞിന്റെ പിറന്നാള്‍ പൂര്‍ണ്ണമാകുന്നില്ല. നന്ദി ഐശ്വര്യാ, അവള്‍ക്ക് ജന്മം നല്‍കിയതിന്, സ്നേഹിക്കുന്നതിന്… കൂടാതെ എല്ലാം ചെയ്യുന്ന ഒരു അത്ഭുത സ്ത്രീയായതിന്! എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ സമ്മാനമായ എന്റെ മകളെ എനിക്ക് നല്‍കിയതിന് നന്ദി. എന്റെ മാലാഖയ്ക്ക് പിറന്നാള്‍ ആശംസകള്‍ ഒരിക്കല്‍ കൂടി, ഹാപ്പി ബര്‍ത്ത്ഡേ ആരാധ്യാ…”, മകള്‍ ആരാധ്യാ ബച്ചന്റെ ഏഴാം പിറന്നാള്‍ ദിവസമായ ഇന്ന് ബോളിവുഡ് താരം അഭിഷേക് ബച്ചന് തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണിവ.
ബച്ചന് കുടുംബത്തിലെ ഏറ്റവും ഇളയ അംഗമായ ആരാധ്യ, അഭിഷേക് ബച്ചന്-ഐശ്വര്യാ റായ് ബച്ചന് എന്നിവരുടെ മകളാണ്. ആരാധ്യയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ട് ആദ്യം എത്തിയത് മുത്തശ്ശന് അമിതാഭ് ബച്ചനാണ്. പിറകെ, അച്ഛന് അഭിഷേകും പിറന്നാള്ക്കുട്ടിയ്ക്ക് സന്ദേശവുമായി ഇന്‍സ്റ്റാഗ്രാമില്‍ എത്തി.
“ഈ വീട്ടിലെ മകള്‍, ആരാധ്യയ്ക്ക് സ്നേഹവും അനുഗ്രഹങ്ങളും, ആഗ്രഹങ്ങളെല്ലാം സഫലമാകാന്‍, നീണ്ട കാലം സന്തോഷത്തോടെ, അഭിമാനത്തോടെ ജീവിക്കാന്‍…”, അമിതാഭ് ബച്ചന് തന്റെ ബ്ലോഗില്‍ കുറിച്ചു.
“എന്റെ രാജകുമാരിയ്ക്ക് പിറന്നാള്‍ ആശംസകള്‍. ഈ കുടുംബത്തിന്റെ അഭിമാനവും സന്തോഷവും നീയാണ്. നീ എന്നും ഇങ്ങനെ നിര്‍മ്മലയായി, സ്നേഹത്തോടെ, ചിരിച്ച്, സന്തോഷിച്ച് ജീവിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്റെ ഹൃദയം നിറഞ്ഞ സ്നേഹം”, പപ്പാ അഭിഷേകിന്റെ പിറന്നാള്‍ കുറിപ്പ് ഇങ്ങനെ.
ആരാധ്യയുടെ ജനനത്തിനു ശേഷം അമ്മ ഐശ്വര്യാ റായുടെ ജീവിതം പൂര്‍ണ്ണമായും അവള്‍ക്ക് ചുറ്റും തന്നെയാണ്. സിനിമാ ജീവിതം രണ്ടാം സ്ഥാനത്തേക്ക് മാറ്റിയ ഐശ്വര്യ മകളുടെ പരിപാലനത്തിലാണ് ഏറെ ശ്രദ്ധയൂന്നുന്നത്. മാത്രമല്ല, തന്റെ പരസ്യ ചിത്ര ഷൂട്ടിംഗ്, ബ്രാന്‍ഡ് എന്‍ഡോര്‍സ്മെന്റ് എന്നിവയ്ക്കെല്ലാം ആരാധ്യയെ കൂടെ കൊണ്ട് പോകാറുണ്ട് ഐശ്വര്യ. അടുത്തിടെ ഒരു പുരസ്കാര വേദിയില്‍ ആരാധ്യ എത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വേദിയില്‍ വച്ച് അമ്മയെ കെട്ടിപ്പിടിച്ചാണ് ആരാധ്യ അഭിനന്ദനം അറിയിച്ചത്.
ഈ സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങള്‍ ഐശ്വര്യ റായും ഭര്‍ത്താവ് അഭിഷേക് ബച്ചനും തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ‘യൂ കംപ്ലീറ്റ് മീ ആരാധ്യ’ എന്ന് ഐശ്വര്യ കുറിച്ചപ്പോള്‍ താന്‍ ഒരു ‘പ്രൗഡ് ഹസ്ബന്‍ഡ്’ ആണെന്നാണ് അഭിഷേക് പറഞ്ഞത്.
ലോകമെമ്പാടും ആരാധകരുള്ള, സൂപ്പര്‍താരങ്ങളേക്കാള്‍ ആഘോഷിക്കപ്പെടുന്ന അഭിനേത്രി, റെഡ് കാര്‍പെറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സൗന്ദര്യ ബിംബം, ലോറിയലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍, അസൂയാവഹമായ രീതിയില്‍ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ബ്യൂട്ടി ക്വീന്‍-വിശേഷണങ്ങള്‍ ഏറെയാണ് ബോളിവുഡിന്റെ ഈ പ്രിയപ്പെട്ട ബ്യൂട്ടി ഐക്കണിന്. എന്നാല്‍ ഈ കാണുന്ന സൗന്ദര്യമോ ഫിറ്റ്നസോ ഒന്നും അനായാസേന നേടാവുന്നതോ പരിപാലിക്കാവുന്നതോ ആയ കാര്യങ്ങളല്ല എന്നാണ് ഐശ്വര്യ ഒരിക്കല്‍ അഭിപ്രായപ്പെട്ടത്.
“ജോലി ചെയ്യുന്ന സ്ത്രീകളെയും അമ്മമാരെയുമെല്ലാം സംബന്ധിച്ച്, ശരീരവും സൗന്ദര്യവുമെല്ലാം പരിപാലിക്കുക എന്നത് കൂടുതല്‍ അധ്വാനം വേണ്ടി വരുന്ന കാര്യമാണ്. പക്ഷേ, എല്ലാ കാര്യങ്ങളുടെയും വിജയം അതിനെ നമ്മള് എങ്ങനെ നോക്കി കാണുന്നു എന്നതിനെ അനുസരിച്ചാണ്. ആരോഗ്യപരിപാലനവും സൗന്ദര്യപരിപാലനവുമൊക്കെ ഞാനേറെ ഇഷ്ടത്തോടെയാണ് ചെയ്യുന്നത്. അതുപോലെ തന്നെയാണ്, ജോലിയില്‍ ആനന്ദം കണ്ടെത്തുന്നതും. അമ്മ എന്ന റോളിലും ഞാനേറെ സന്തോഷവതിയാണ്. മകളുമെന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. പ്ലാനിങ്ങും ചെയ്യുന്ന കാര്യങ്ങളോടുള്ള പോസിറ്റീവ് മനോഭാവവുമാണ് ഏതു കാര്യത്തെയും സാധ്യമാക്കുന്നത്”, ഇന്ത്യന്‍ എക്സ്പ്രസ്സ് പരിപാടിയായ എക്സ്പ്രസ്സോയില് പങ്കെടുത്ത ഐശ്വര്യ റായ് ബച്ചന് പറഞ്ഞു.
Read More: സൗന്ദര്യസംരക്ഷണം, അഭിനയം, ജീവിതവിജയം, ഒന്നും എളുപ്പം കിട്ടുന്നതല്ല: ഐശ്വര്യ റായ് ബച്ചന്
‘ഫന്നെ ഖാൻ’ എന്ന സിനിമയായിരുന്നു ഐശ്വര്യ റായുടെ ഏറ്റവുമൊടുവിലത്തെ റിലീസ്. പോപ് സ്റ്റാറുടെ വേഷത്തിലാണ് ഐശ്വര്യ ചിത്രത്തിലെത്തിയത്. തന്റെ മകളെ ഒരു ഗായിക ആക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി പിതാവ് നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. അതുല്‍ മഞ്ജറെക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഭര്‍ത്താവ് അഭിഷേകുമായി ചേര്‍ന്ന് അഭിനയിക്കുന്ന ‘ഗുലാബ് ജാമുന്’ ആണ് ഐശ്വര്യയുടെ അടുത്ത ചിത്രം.
ജീവിതത്തിലെ നായികാനായകന്മാരായ ഐശ്വര്യ റായും അഭിഷേക് ബച്ചനും 2010ലാണ് ഏറ്റവുമൊടുവില്‍ സ്ക്രീനില്‍ ഒന്നിച്ചത്. മണിരത്നം സംവിധാനം ചെയ്ത ‘രാവണ്‍’ എന്ന ചിത്രത്തില്‍. എട്ടു വര്‍ഷത്തെ കാലയളവിന് ശേഷം ഇരുവരും ഒരുമിച്ചു ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ‘ഗുലാബ് ജാമുന്’ ആണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന അഭി-ആഷ് ദമ്പതികളെ ഒന്നിപ്പിക്കുന്ന ആ ചിത്രം.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook