തന്റെ ജീവിതത്തിലെ 50 വർഷങ്ങൾ ഇന്ത്യൻ സിനിമയ്ക്കു വേണ്ടി സമർപ്പിക്കുകയായിരുന്നു അമിതാഭ് ബച്ചൻ എന്ന ബോളിവുഡിന്റെ സ്വന്തം ബിഗ് ബി. 1969 ൽ ഇതുപോലൊരു ഫെബ്രുവരി 15 നാണ് ‘സാത്ത് ഹിന്ദുസ്ഥാനി’ എന്ന ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാനായി അമിതാഭ് ബച്ചൻ കരാറേർപ്പെടുന്നത്. അവിടം മുതലിങ്ങോട്ട് അഞ്ചു പതിറ്റാണ്ടു കൊണ്ട് അമിതാഭ് ബച്ചൻ നടന്നു കയറിയത് ഇന്ത്യൻ സിനിമാപ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ്. താരത്തിന്റെ ജീവിതത്തിലെ ഏറ്റവും ‘സ്പെഷ്യൽ’ ആയ ഈ ദിവസത്തിൽ ബിഗ് ബിയ്ക്ക് ആശംസകൾ അർപ്പിക്കുകയാണ് താരത്തിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും സഹപ്രവർത്തകരും. ബിഗ് ബിയുടെ എക്കാലത്തെയും വലിയ ആരാധകരിൽ ഒരാളായ മകൻ അഭിഷേക് ബച്ചന്റെ സമൂഹമാധ്യമങ്ങളിലെ കുറിപ്പാണ് ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമാകുന്നത്.
“അദ്ദേഹം എനിക്കൊരു ഐക്കൺ ആണ്, അതിലുമേറെയാണ്. എന്റെ അച്ഛൻ, നല്ല സുഹൃത്ത്, ഗൈഡ്, നല്ല വിമർശകൻ, ഏറ്റവും വലിയ പിന്തുണ, ആരാധനാമൂർത്തി, ഹീറോ. 50 വർഷം മുൻപ് ഈ ദിവസമാണ് അദ്ദേഹം സിനിമയിലേക്കുള്ള തന്റെ യാത്ര തുടങ്ങിയത്. ഇന്നും സിനിമയെന്ന കലയോടും ക്രാഫ്റ്റിനോടും തന്റെ ജോലിയോടുമുളള അദ്ദേഹത്തിന്റെ സ്നേഹവും പാഷനും അതുപോലെ തന്നെ നിലനിൽക്കുന്നു. പ്രിയപ്പെട്ട അച്ഛാ… ഇന്ന് ഞങ്ങൾ താങ്കളെ ആഘോഷിക്കുന്നു, താങ്കളുടെ പ്രതിഭയെ, പാഷനെ, ബുദ്ധികൂർമ്മതയെ, താങ്കൾ ചെലുത്തിയ സ്വാധീനത്തെ. വരാനിരിക്കുന്ന 50 വർഷങ്ങളിലേക്കായി താങ്കൾ എന്താണ് കരുതി വെച്ചിരിക്കുന്നതെന്നറിയാനായി അക്ഷമയോടെ കാത്തിരിക്കുന്നു. ഇന്ന് അദ്ദേഹം എന്നെ പഠിപ്പിച്ച ഒരു കാര്യം, രാവിലെ 50 വർഷങ്ങൾ പൂർത്തിയായ അദ്ദേഹത്തെ ആശംസ അർപ്പിച്ചതിനു ശേഷം ഞാൻ ജോലിയ്ക്കു പോവുകയാണെന്നു പറഞ്ഞു. എവിടെയോ പോവാൻ റെഡിയായിരിക്കുന്ന അദ്ദേഹത്തോട് എവിടേക്കാണ് പോവുന്നതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ഞാനും ജോലിയ്ക്കു പോവുന്നു!” അഭിഷേക് കുറിക്കുന്നു.
കുറിപ്പിനൊപ്പം 1970 കളിലെ അമിതാഭ് ബച്ചന്റെ ചെറുപ്പക്കാലരൂപം പ്രിന്റ് ചെയ്ത ടീഷർട്ട് അണിഞ്ഞു നിൽക്കുന്ന തന്റെ ചിത്രവും അഭിഷേക് പങ്കുവച്ചിട്ടുണ്ട്. ഐക്കൺ എന്നും ടീഷർട്ടിൽ പ്രിന്റ് ചെയ്തിട്ടുണ്ട്. മകൾ ശ്വേതയും ബിഗ് ബിയ്ക്ക് ആശംസകൾ അറിയിക്കുന്നുണ്ട്.
thank you Shweta ! https://t.co/FEUWrcm1JM
— Amitabh Bachchan (@SrBachchan) February 14, 2019
‘സാത്ത് ഹിന്ദുസ്ഥാനി’യിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ബച്ചൻ പിന്നീട് ‘ഷോലെ’, ‘ദീവർ’, ‘സൻജീർ’, ‘കൂലി’, ‘സിൽസില’, ‘അഭിമാൻ’, ‘ഡോൺ’, ‘അമർ അക്ബർ ആന്റോണി’എന്നു തുടങ്ങി നൂറുകണക്കിന് ഐക്കോണിക് ചിത്രങ്ങളുടെ ഭാഗമായി. രണ്ടാം വരവിലും ‘ബ്ലാക്ക്’, ‘മൊഹബത്തീൻ’, ‘പാ’, ‘പികു’, ‘ബാഗ്ബാൻ’, ‘സർക്കാർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ബ്ലോക്ക്ബസ്റ്റർ ജൈത്രയാത്ര ആവർത്തിക്കുകയായിരുന്നു.76-ാം വയസ്സിലും പകരക്കാരില്ലാത്ത ഊർജ്ജസാന്നിധ്യമാണ് അമിതാഭ് ബച്ചൻ. 2018 ൽ ‘നോട്ട് ഔട്ട്’, ‘തംഗ്സ് ഓഫ് ഹിന്ദോസ്ഥാൻ’ തുടങ്ങിയ ചിത്രങ്ങളിലാണ് ബിഗ് ബി അഭിനയിച്ചത്. റിലീസിനൊരുങ്ങുന്ന ‘ബദ്ല’, ‘ബ്രഹ്മാസ്ത്ര’ തുടങ്ങിയ ചിത്രങ്ങളിലും ബിഗ് ബി ശ്രദ്ധേയ റോളുകളെ അവതരിപ്പിക്കുന്നുണ്ട്.
Read more: ബച്ചൻ കുട്ടിയെ റെയിൽവേ സ്റ്റേഷനിൽ കളഞ്ഞു പോയ നാൾ: കുട്ടിക്കാല സംഭവമോർത്ത് ബിഗ് ബി