സൗബിൻ ഷാഹിർ കേന്ദ്രകഥാപാത്രമാകുന്ന ‘അമ്പിളി’യുടെ ടീസറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ‘ഞാൻ ജാക്സണല്ലെടാ, ന്യൂട്ടണല്ലെടാ, ജോക്കറല്ലെടാ.. മൂൺ വാക്കുമില്ലെടാ…’ എന്നു തുടങ്ങുന്ന ഗാനത്തിനൊപ്പം സൗബിൻ കാഴ്ച വെച്ച വിസ്മയ പ്രകടനം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ, മലയാളത്തിന്റെ സ്വന്തം ഹാസ്യസാമ്രാട്ട് സാക്ഷാൽ ജഗതി ശ്രീകുമാറിന്റെ സിനിമകളിലെ രംഗങ്ങൾ കോർത്തിണക്കിയ ട്രോൾ വീഡിയോയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. നടൻ കുഞ്ചാക്കോ ബോബനും വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

ജഗതി ശ്രീകുമാർ അഭിനയിച്ച ‘വെട്ടം’, ‘കാക്കക്കുയിൽ’ തുടങ്ങിയ ചിത്രങ്ങളിലെ രംഗങ്ങളാണ് വീഡിയോയിൽ പ്രധാനമായും കോർത്തിണക്കിയിരിക്കുന്നത്. പാട്ടിനൊപ്പം രസകരമായ ചുവടുകളുമായി വീഡിയോയിൽ നിറയുകയാണ് മലയാളസിനിമയുടെ സ്വന്തം അമ്പിളി ചേട്ടൻ. സൗബിൻ സാഹിർ, സണ്ണി വെയ്ൻ തുടങ്ങിയവരും ചാക്കോച്ചന്റെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.

ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അമ്പിളി’. സൗബിന്‍ ഷാഹിർ ചിത്രത്തിൽ അമ്പിളിയായി എത്തുമ്പോൾ നായികയാവുന്നത് പുതുമുഖമായ തന്‍വി റാം ആണ്. “ഞങ്ങളുടെ അമ്പിളി വിചാരിച്ചാൽ എല്ലാ കാര്യവും നടക്കും,” എന്ന സംഭാഷണത്തോടെ ആരംഭിക്കുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. രണ്ടു ദിവസം കൊണ്ടു തന്നെ ഒരു മില്യൺ വ്യൂസ് ലഭിച്ച വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നിരവധിയേറെ പേരാണ് ടീസറിനെയും സൗബിന്റെ പ്രകടനത്തെയും അഭിനന്ദിച്ചു രംഗത്തു വന്നിരിക്കുന്നത്.

സൈക്കിളിങ്ങിനും യാത്രകള്‍ക്കും പ്രധാന്യമുള്ള ചിത്രമാണ് ‘അമ്പിളി’. നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രമായി നസ്രിയയുടെ സഹോദരൻ നവീന്‍ നസീമും ചിത്രത്തിലുണ്ട്. ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അടുത്തിടെ അന്തരിച്ച നാടക നടിയും ആദ്യകാല ഗായികയും ആകാശവാണിയിലെ എ ഗ്രേഡ് ആർട്ടിസ്റ്റുമായ ബീഗം റാബിയയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Ambili, Ambili film, Ambili teaser, അമ്പിളി, അമ്പിളി സിനിമ, അമ്പിളി ടീസർ, Soubin Shahir, സൗബിന്‍ ഷാഹിര്‍, Indian express Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, IE Malayalam, ഐ ഇ മലയാളം

നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളിയിലും നാട്ടുകാരിലും നിന്നും ആരംഭിക്കുന്ന സിനിമ ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയാണ് വികസിക്കുന്നത്. യാത്രക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് തുടങ്ങിയ സ്ഥലങ്ങളും പ്രധാന ലൊക്കേഷനുകളാണ്.

ഇ4 എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, അവ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍, മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയുടെ എഡിറ്റര്‍ കിരണ്‍ ദാസ് ആണ് ‘അമ്പിളി’യുടെ ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു വിജയ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ശങ്കര്‍ മഹാദേവന്‍, ആന്‍റണി ദാസന്‍, ബെന്നി ദയാല്‍, സൂരജ് സന്തോഷ്, മധുവന്തി നാരായണ്‍ എന്നിവര്‍ ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

Read more: പൂക്കളുടെ നടുവിൽ നിറപുഞ്ചിരിയുമായി ‘അമ്പിളി’; ഗപ്പി സംവിധായകന്റെ ചിത്രത്തിന്റെ പോസ്റ്റര്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook