Ambili Malayalam Movie Review: സൗബിൻ സാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘അമ്പിളി’. കട്ടപ്പനയിലെ മലയോരപ്രദേശത്ത് ഒരു നാടിന്റെ മൊത്തം പ്രിയങ്കരനായി ജീവിക്കുന്ന അമ്പിളിയെന്ന ചെറുപ്പക്കാരനെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടു പോവുന്നത്.
കുട്ടികളെ പോലെയാണ് പലപ്പോഴും അമ്പിളി. മുഖത്തെ നിഷ്കളങ്കമായ പുഞ്ചിരിയും ഉത്സാഹത്തിന്റെ ശരീരഭാഷയുമാണ് ആദ്യക്കാഴ്ചയിൽ തന്നെ അമ്പിളിയിൽ ആരും ശ്രദ്ധിക്കുന്ന കാര്യങ്ങൾ. ആ നാട്ടിലെ കുട്ടിക്കൂട്ടത്തിനൊപ്പം ക്രിക്കറ്റ് കളിക്കാനും കുസൃതികൾക്ക് കൂട്ടുനിൽക്കാനും തുടങ്ങി നാട്ടിൽ സ്വീകരണങ്ങൾ സംഘടിപ്പിക്കാൻ വരെ അമ്പിളി മുൻപന്തിയിൽ കാണും. അമ്പിളി തനിച്ചു ജീവിക്കുന്ന ആ വീട് കുട്ടിക്കൂട്ടത്തിന്റെ താവളമാണ്. നിഷ്കളങ്കനായ അമ്പിളിയെ ഇടയ്ക്കൊക്കെ ആളുകൾ പറ്റിക്കുന്നുണ്ടെങ്കിലും അവർക്കെല്ലാം പ്രിയങ്കരനാണ് അവൻ.
കളിക്കൂട്ടുകാരിയായ ടീനയ്ക്ക് അമ്പിളിയോടുള്ള നിരുപാധികസ്നേഹമാണ് അമ്പിളിയുടെ ബലം. തിരിച്ച് ടീനയോടും ടീനയുടെ കുടുംബത്തോടും അനിയൻ ബേബിക്കുട്ടനോടുമെല്ലാം കറകളഞ്ഞ സ്നേഹം അമ്പിളിയും മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. എന്നാൽ, ഒരു സന്ദർഭത്തിൽ അമ്പിളിയുടെയും ടീനയുടെയും സ്നേഹത്തിനു മുന്നിൽ വരുന്ന പ്രതിബന്ധങ്ങൾ കഥയെ മറ്റൊരു ട്രാക്കിലേക്ക് തിരിച്ചുവിടുകയാണ്.
സ്നേഹത്തിനു മുന്നിലെ പ്രതിബന്ധങ്ങൾ തീർക്കാനുള്ള അമ്പിളിയുടെ യാത്രയാണ് അവിടം മുതലങ്ങോട്ട്. സ്നേഹത്തിന്റെയും കരുതലിന്റെയും മഴവിൽ കാഴ്ചകൾ കാണിച്ചു തന്ന്, രസകരമായ സംഭവങ്ങളിലൂടെയും ഹൃദയസ്പർശിയായ നിമിഷങ്ങളിലൂടെയുമാണ് ‘അമ്പിളി’യുടെ പിന്നെയുള്ള സഞ്ചാരം.
Read Also: ‘അമ്പിളി’ ഓഡിയോ ലോഞ്ചില് താരമായി ‘കുഞ്ഞു സൗബിന്’
പ്രേക്ഷകനെ അമ്പരപ്പിക്കുന്ന അഭിനയമാണ് ‘അമ്പിളി’യായെത്തുന്ന സൗബിൻ കാഴ്ച വെയ്ക്കുന്നത്. ചുറ്റുമുള്ളവരിൽ നിന്നും രൂപഭാവങ്ങളിലും സംസാരരീതിയിലുമെല്ലാം വ്യത്യസ്തനായ അമ്പിളി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കുന്നുണ്ട് സൗബിൻ. ശരീരഭാഷയിലും ഭാവങ്ങളിലുമെല്ലാം ഏറെ പ്രത്യേകതകളുള്ള അമ്പിളി എന്ന കഥാപാത്രത്തെ സൂക്ഷ്മമായി തന്നെ രേഖപ്പെടുത്താനും സൗബിന് ആവുന്നുണ്ട്. ഒപ്പം, തുടക്കം മുതൽ ഒടുക്കം വരെ ആ കഥാപാത്രത്തിന്റെ മാനറിസങ്ങൾ കാത്തുസൂക്ഷിക്കാനും സൗബിനു കഴിഞ്ഞിട്ടുണ്ട്.
നായികയായെത്തിയ പുതുമുഖതാരം തൻവി രാമും സൈക്ലിസ്റ്റ് ബോബി കുര്യൻ എന്ന കഥാപാത്രമായെത്തിയ നവീൻ നസിമും തുടക്കക്കാരുടെ പതർച്ചകളില്ലാതെ തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കിയിട്ടുണ്ട്. നസ്രിയയുടെ സഹോദരനാണ് നവീൻ. വെട്ടുകിളി പ്രകാശൻ, ജാഫർ ഇടുക്കി, നീന കുറുപ്പ് തുടങ്ങിവരും ശ്രദ്ധേയമായ പ്രകടനം കാഴ്ച വയ്ക്കുന്നു.
‘ഗപ്പി’യെന്ന ചിത്രമുണ്ടാക്കിയ വൈകാരികമായ ആസ്വാദനത്തിന്റെ മറ്റൊരു തലമാണ് ‘അമ്പിളി’യും സമ്മാനിക്കുന്നത്. ‘ഗപ്പി’യെ പോലെ തന്നെ ഒരു കഥാപാത്രത്തിന്റെ ജീവിതത്തിലേക്കും അയാൾക്കു ചുറ്റുമുള്ള മനുഷ്യരിലേക്കും ബന്ധങ്ങളിലേക്കുമൊക്കെയാണ് ഈ ചിത്രവും ഫോക്കസ് ചെയ്യപ്പെടുന്നത്. കഥാപാത്രങ്ങൾക്കെല്ലാം നല്ല ഡീറ്റെയിലിങ് നൽകിയാണ് അവതരിപ്പിച്ചിരിക്കുന്നത്.
സംഭവബഹുലമായ കഥ, ബ്രില്ല്യന്റായ സ്ക്രിപ്റ്റ് എന്നൊന്നും ‘അമ്പിളി’യുടെ കഥയെ വിശേഷിപ്പിക്കാനാവില്ല. വളരെ ചെറിയൊരു കഥാതന്തുവിനെ വികസിപ്പിച്ചെടുക്കുകയാണ് തിരക്കഥാകൃത്ത് ചെയ്തിരിക്കുന്നത്. വലിയ പോറലുകളും പാളിച്ചകളുമില്ലാതെ കൈയ്യടക്കത്തോടെ കഥയെ മുന്നോട്ടു കൊണ്ടു പോവാൻ തിരക്കഥാകൃത്തിനു സാധിച്ചിട്ടുമുണ്ട്.
കഥ പറച്ചിലിനേക്കാൾ കാഴ്ചകളിലൂടെയാണ് സിനിമ പ്രേക്ഷകനോടു കൂടുതൽ സംവദിക്കുന്നത് എന്നു പറയേണ്ടി വരും. ചിത്രത്തിന്റെ ക്യാമറ എടുത്തുപറയേണ്ട കാര്യങ്ങളിലൊന്നാണ്. കട്ടപ്പനയുടെയും ഹിമാചലിന്റെയും കാശ്മീരിന്റെയുമെല്ലാം വശ്യസൗന്ദര്യം ഒപ്പിയെടുക്കുന്ന ഫ്രെയിമുകൾ കാഴ്ചയ്ക്കും കുളിർമ സമ്മാനിക്കും. ഒപ്പം മനോഹരമായ പാട്ടുകളും സിനിമയുടെ മൂഡിന് അനുയോജ്യമായ പശ്ചാത്തലസംഗീതവും. പതിവു ക്ലൈമാക്സ് കാഴ്ചകളിൽ നിന്നും വേറിട്ടൊരു ക്ലൈമാക്സ് ആണ് ചിത്രത്തിന്റേത്. ഒരു നീണ്ട യാത്ര പോയിവന്നതിന്റെ സുഖദമായൊരു അനുഭൂതിയാവും തിയേറ്റർ വിട്ടിറങ്ങുമ്പോൾ പ്രേക്ഷകനു അനുഭവപ്പെടുക.
ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇടയ്ക്ക് കണ്ണു നനയിപ്പിച്ചുമെല്ലാം അമ്പിളി പ്രേക്ഷകനെ കൂടെ നടത്തും. രണ്ടാം പകുതിയിൽ അനുഭവപ്പെടുന്ന ചെറിയ ഇഴച്ചിൽ ഒഴിച്ചാൽ കണ്ടിരിക്കാവുന്ന ഭേദപ്പെട്ടൊരു ചിത്രമാണ് ‘അമ്പിളി’. നന്മയും സ്നേഹവും നിറഞ്ഞ അമ്പിളിയുടെ കൊച്ചു ലോകത്തെ വിശേഷങ്ങൾ പ്രേക്ഷകരെ നിരാശരാക്കില്ല.