മിനിസ്‌ക്രീനില്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയ അമ്പിളി ദേവിയും ആദിത്യനും ജീവിതത്തില്‍ ഒന്നിച്ചപ്പോള്‍ ആശംസകള്‍ക്ക് പകരം അവഹേളനങ്ങളായിരുന്നു അവരെ തേടിയെത്തിയത്. വിവാഹത്തിനു പിന്നാലെ അമ്പിളിയുടെ ആദ്യ ഭര്‍ത്താവും ക്യാമറാമാനുമായ നോവല്‍ സീരിയല്‍ സെറ്റില്‍ വച്ച് കേക്ക് മുറിച്ച് ആഘോഷിച്ചതും സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. ഒടുവില്‍ വിവാദങ്ങള്‍ക്ക് മറുപടിയുമായി അമ്പിളിയും ആദിത്യനും രംഗത്തെത്തിയിരിക്കുകയാണ്. മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ ജീവിതത്തെക്കുറിച്ച് തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്.

’38 വയസാണ് എനിക്കിപ്പോള്‍. എന്റെ ആദ്യ വിവാഹം 29ാം വയസിലായിരുന്നു. അവര്‍ ഒരു നടിയായിരുന്നു. പലരും പറയുന്നുണ്ട് അതിനു മുമ്പ് ഞാന്‍ ഒരു നഴ്‌സിനെ വിവാഹം കഴിച്ചു എന്നൊക്കെ. ആ നഴ്‌സ് ആരാണെന്ന് ഞാനും അന്വേഷിക്കുകയാണ്. 2015ലാണ് ഞാന്‍ ആദ്യ വിവാഹത്തില്‍ നിന്നും മോചനം നേടിയത്. പിന്നീട് ഒരു ബന്ധം ഉണ്ടായി, പക്ഷെ അത് വിവാഹത്തില്‍ എത്തിയില്ല. ആ ബന്ധത്തില്‍ എനിക്കൊരു മകനും ഉണ്ട്. അക്കാര്യം അമ്പിളിക്കും അറിയാം. എന്തിനാണ് നാല് വിവാഹം കഴിച്ചു എന്നൊക്കെ പറഞ്ഞുണ്ടാക്കുന്നത് എന്നെനിക്കറിയില്ല. പക്ഷെ ഇതൊക്കെ ചെയ്യുന്നത് സീരിയല്‍ മേഖലയില്‍ ഉള്ളവര്‍ തന്നെയാണ്,’ ആദിത്യന്‍ പറയുന്നു.

താന്‍ ഈ ഫീല്‍ഡില്‍ വന്നിട്ട് 18 വര്‍ഷം കഴിഞ്ഞുവെന്നും അന്നു മുതലേ അമ്പിളിയെ അറിയാമെന്നും ആദിത്യന്‍ പറയുന്നു.

‘എന്റെ ആദ്യ നായികയാണ് അമ്പിളി. അന്നു മുതലേ എനിക്ക് അറിയാം. 15 വര്‍ഷങ്ങള്‍ക്ക് മുമ്പേ എനിക്ക് അമ്പിളിയെ ഇഷ്ടമായിരുന്നു. പക്ഷെ പറയാന്‍ കഴിഞ്ഞില്ല. എനിക്ക് സ്‌നേഹവും ബഹുമാനവുമായിരുന്നു അമ്പിളിയോട്. മറ്റുള്ളവരെ പോലെ സെറ്റില്‍ ഒരുപാട് സംസാരിച്ച് ബഹളം വച്ച് നടക്കുന്ന ആളായിരുന്നില്ല അമ്പിളി. വരും ജോലി തീര്‍ക്കും, പോകും. പിന്നീടാണ് ലോവല്‍ അമ്പിളിയുടെ ജീവിതത്തിലേക്ക് വരുന്നതും അവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നതും. അതിന് ശേഷം കുറേ കഴിഞ്ഞാണ് ഞാന്‍ അമ്പിളിയെ കാണുന്നത്. പഴയ അമ്പിളിയില്‍ നിന്നും ഒരുപാട് മാറിയിരുന്നു അന്ന് അമ്പിളി,’ ആദിത്യന്‍ പറഞ്ഞു.

വിവാഹത്തിന് ശേഷം തന്റെ ജീവിത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും, അതൊന്നും ആരോടും പറയാതെ സഹിക്കുകയായിരുന്നു താനെന്നും അമ്പിളി ദേവി പറയുന്നു.

‘2009ലാണ് ലോവലുമായുള്ള വിവാഹം നടക്കുന്നത്. അന്ന് മുതല്‍ ഒരുപാട് പ്രശ്‌നങ്ങളിലൂടെയാണ് ജീവിതം കടന്നു പോയത്. ഒരുപാട് അനുഭവിച്ചു. എനിക്ക് വേണമെങ്കില്‍ എല്ലാവരോടും എല്ലാം പറയാമായിരുന്നു. ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. എന്റെ അച്ഛനോടും അമ്മയോടും പോലും പറഞ്ഞില്ല. അതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. എല്ലാം ഒറ്റക്ക് സഹിച്ചത് അദ്ദേഹവും ഈ മേഖലയില്‍ തന്നെ ഉള്ള ആളാണല്ലോ ഞാന്‍ എന്തെങ്കിലും പറഞ്ഞ് മോസമായി ഒന്നും സംഭവിക്കേണ്ട എന്ന് കരുതിയാണ്. പക്ഷെ സഹിക്കുന്നതിനും ഒരു പരിധിയില്ലേ.’

‘ഈ കേക്ക് മുറിയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത്. അദ്ദേഹം തന്നെ അദ്ദേഹത്തിന്റെ സ്വഭാവം പൊതുസമൂഹത്തിന്റെ മുന്നില്‍ തുറന്ന് കാണിക്കുകയാണ് ചെയ്തത. എനിക്കൊരു മകനുണ്ട്. അവന് ആറ് വയസായി. ഇന്നുവരെ അവന്റെ ഒരു പിറന്നാളിനും കേക്ക് വാങ്ങി കട്ട് ചെയ്യാത്ത ആളാണ്. എന്റെ മകൻ ഇന്നുവരെ അച്ഛന്റെ സ്‌നേഹം അറിഞ്ഞിട്ടില്ല. കുഞ്ഞിനെ എടുക്കാന്‍ പോലും അറിയില്ല. കോടതി വരെ ചോദിച്ചു കുഞ്ഞിനെ എടുക്കാന്‍ പോലും അറിയാത്ത തനിക്കെന്തിനാടോ കുഞ്ഞിനെയെന്ന്,’ അമ്പിളി ദേവി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ