മോഹൻലാലിന്റെ കരിയറിൽ ബ്രേക്ക് നൽകിയ ചിത്രമെന്നതിനൊപ്പം നടി അംബികയുടെ അഭിനയജീവിതത്തിലും കൂടുതൽ തിരക്കുകൾ സമ്മാനിച്ച ചിത്രം കൂടിയാണ് 1986 ല്‍ റിലീസ് ചെയ്ത ‘രാജാവിന്റെ മകന്‍’. വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രത്തിനൊപ്പം തന്നെ​ അംബികയുടെ അഡ്വക്കേറ്റ് നാൻസി എന്ന കഥാപാത്രവും ശ്രദ്ധേയമായി.

” തമ്പിച്ചായന്റെ മരണവാർത്ത വിശ്വാസിക്കാനായില്ല. മരണവാർത്ത ഞെട്ടലോടെയാണ് കേട്ടത്. അദ്ദേഹത്തിന് സിനിമയായിരുന്നു എല്ലാം. എല്ലാവരെയും ഒരുപോലെ കണ്ടിരുന്ന മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം.

‘രാജാവിന്റെ മകനി’ ലെ നാൻസിയാവാൻ തമ്പിച്ചായൻ എന്നെ വിളിക്കുമ്പോൾ ഞാൻ തമിഴ് സിനിമകളിൽ തിരക്കിലായിരുന്നു. എന്റെ കഥാപാത്രത്തെ കുറിച്ചൊക്കെ പറഞ്ഞ് നീ വന്ന് അഭിനയിക്കണം എന്നു പറഞ്ഞു. അത്രയും ദിവസത്തെ ഡേറ്റ് കിട്ടില്ല എന്നതായിരുന്നു എന്റെ പ്രശ്നം. ഞാൻ ആ അസൗകര്യം പറഞ്ഞപ്പോൾ, ‘നിനക്ക് പറ്റും, നീ വന്നാൽ മതി. നിന്റെ സമയം പോലെ നമുക്ക് ഡേ- നൈറ്റ് ഷൂട്ട് ചെയ്ത് തീർക്കാം, അതു നിനക്കു പറ്റില്ലേ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അങ്ങനെയാണ് മലയാള സിനിമയിൽ എല്ലാരും സംസാരിക്കുന്ന ചരിത്ര സിനിമയുടെ ഭാഗമാവാൻ എനിക്കു സാധിച്ചത്. എന്നെ തിരക്കുള്ള നായികയാക്കിയതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്,” നടി അംബിക തമ്പി കണ്ണന്താനത്തെ അനുസ്മരിച്ചുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

“ആ സിനിമ ഇറങ്ങിയതോടെ ലാൽ സൂപ്പർസ്റ്റാറായി. ലാലിന്റെ ലുക്ക്, ഷർട്ട്, ഡയലോഗുകൾ, അതിൽ പറയുന്ന ഫോൺനമ്പർ എന്തിന് എന്റെ സാരികൾ വരെ ഹിറ്റായി,” അംബിക ഓർത്തെടുത്തു.

‘രാജാവിന്റെ മകന്‍’ എന്ന ചിത്രത്തിൽ ലാലിനേക്കാൾ പ്രതിഫലം കൈപ്പറ്റിയത് അംബികയായിരുന്നു. അന്ന് മോഹന്‍ലാലിനെക്കാള്‍ തിരക്കും താരമൂല്യവുമുള്ള നായികയാണ് അംബിക. തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലും മാറി മാറി സിനിമകള്‍ ചെയ്യുന്ന നടി.

കരുത്തയായ നായികയെയാണ് ‘രാജാവിന്റെ മകനി’ൽ മലയാളി കണ്ടത്. നായകന് പ്രണയിക്കാന്‍ മാത്രമുള്ള ഒരു ഡമ്മി നായിക അല്ലായിരുന്നു രാജാവിന്റെ മകനിലെ നാൻസി. ഒരവസരത്തില്‍ വിന്‍സെന്റ് ഗോമസ് തന്നോട് പ്രണയം തുറന്നുപറയുമ്പോൾ അത് നിരസിക്കുന്നു പോലുമുണ്ട് നാൻസി. പിന്നീട് തമ്പി കണ്ണന്താനത്തിന്റെ വഴിയോരക്കാഴ്ചകൾ എന്ന ചിത്രത്തിലും നായികയായി അംബികയെത്തി. തമ്പി കണ്ണന്താനത്തിന്റെ കുടുംബവുമായും നല്ല സൗഹൃദം സൂക്ഷിച്ച അഭിനേത്രിയാണ് അംബിക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ